ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!
ദുഷ് കീര്‍ത്തി ചേരുമോ വീര പുംസാം വിഭോ!
സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം.’‘
ദശമുഖനുമധികജളനാശു മണ്ഡോദരീ-
ദാക്ഷണ്യവാക്കുകള്‍ കേട്ടു സലജ്ജനായ്
നിശിചരികളോടു സദയമവനുമുര ചെയ്തിതു:
‘’ നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍
ഭയജനനവചനമനുസരണവചനങ്ങളും
ഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധം
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നമ്പോടു രണ്ടു മാസം പാര്‍പ്പനിന്നിയും.’‘
ഇതി രജനി ചരികളൊടു ദശവദനനും പറ-
ഞ്ഞീര്‍ഷ്യയോടന്തഃപ്പുരം പുക്കു മേവിനാന്‍.
അതി കഠിന പരുഷതരവചന ശരമേല്‍ക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും.
‘ അനുചിതമിതലമലമടങ്ങുവിന്‍ നിങ്ങ’ ളെ-
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍
‘’ശൃണു വചനമിതു മമ നിശാചര സ്ത്രീകളെ!
ശീലവതിയെ നമസ്ക്കരിച്ചീടുവിന്‍.
സുഖരഹിതഹൃദയമൊടുറങ്ങിനേനൊട്ടു ഞാന്‍
സ്വപ്നമാഹന്ത കണ്ടേ നിദാനീം ദൃഢം
അഖിലജഗദപധിപനഭിരാമനാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
ശരനികരപരിപതനധഹന കണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും
രണശിരസിദശമുഖനെ നിഗ്രചിച്ച ശ്രമം
രാക്ഷസരാജ്യം വിഭീഷണനും നല്‍കി
മഹിഷിയെയുമഴകിനൊടു മടിയില്‍ വെച്ചാദരാല്‍
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍
കുലിസധരരിപു ദശമുഖന്‍ നഗ്നരൂപിയായ്
ഗോമയമായ മഹാഹ്രദം തന്നിലേ
തിരസവുമുടല്‍ മുഴുവനലിവിനോടണിഞ്ഞുടന്‍
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി
നിജസഹജസചിവസുതസൈന്യസമേതനായ്
നിര്‍മ്മഗ്നനായ്ക്കണ്ടു വിസ്മയം തേടിനേന്‍
രജനിചരകുലപതി വിഭീഷണന്‍ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാന്‍
കലുഷതകള്‍ കളവിനിഹ രാക്ഷസ സ്ത്രീകളെ!
കണ്ടു കൊള്ളാമിതു സത്യമത്രേ ദൃഢം
കരുണയോടു വയമതിനു കതിപയദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം’‘
രജനിചരയുവതികളിതി ത്രിജടാവചോ-
രീതി കേട്ടത്ഭുത ഭീതിപൂണ്ടീടിനാര്‍
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദു:ഖം കലര്‍ന്നു വൈദേഹിയും
Generated from archived content: ramayanam65.html Author: ezhuthachan