രാവണന്റെ പുറപ്പാട്‌

ഇതി പലവുമകതളിരിലോർത്തു കപിവര-

നിത്തിരിനേരമിരിക്കുംദശാന്തരേ

അസുരകലവരനിലയനത്തിൽ പുറത്തുനി-

ന്നാശു ചില ഘോഷശബ്‌ദങ്ങൾ കേൾക്കായി.

കമിദമിതി സപദി കിസലയചയനിലീനനായ്‌

കീടവദ്ദേഹം മറച്ചു മരുവിനാൻ

വിബുധകുലരിപു ദശമുഖൻവരവെത്രയും

വിസ്‌മയത്തോടു കണ്ടു കപികുഞ്ജരൻ

അസുരസുരനിശിചരവരാംഗനാവൃന്ദവു-

മത്ഭുതമായുള്ള ശൃംഗാരവേഷവും

ദശവദനനവരതമകതളിരിലുണ്ടു‘തൻ

ദേഹനാശം ഭവിക്കുന്നതെന്നീശ്വര!

സകലജഗദധിപതി സനാതനൻ സന്മയൻ

സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ

നിശിതതരശരശകലിതാംഗനായ്‌ കേവലേ

നിർമ്മലമായ ഭഗവൽപ്പദാംബുജേ

വരദനജനമരുമൃതാനന്ദപൂർണ്ണമാം

വൈകുണ്‌ഠരാജ്യമെനിക്കെന്നു കിട്ടുന്നു?

അതിനു ബത സമയമിദമിതി മനസി കരുതി ഞാ-

നാഭോജപുത്രിയെക്കൊണ്ടുപോന്നീടിനേൻ

അതിനുമൊരു പരിഭവമൊടുഴറി വന്നീലവ-

നായുവിനാശകാലം നമുക്കാഗതം

ശിരസി മമ ലിഖിതമിഹ മരണസമയം ദൃഢം

ചിന്തിച്ചുകണ്ടാലതിനില്ല ചഞ്ചലം

കമലജനുമറിയരുതു കരുതുമളവേതുമേ

കാലസ്വരൂപനാമീശ്വരൻതന്മതം

സതതമകതളിരിരിലിവ കരുതി രഘുനാഥനെ

സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ.

കപികൾകുലവരനവിടെയാശു ചെല്ലും മുമ്പേ

കണ്ടിതു രാത്രിയിൽ സ്വപ്‌നം ദശാനനൻ.

രഘുജനനതിലകവചനേന രാത്രൗ വരും

കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ

കൃപയൊടൊരു കൃമിസദൃശസൂക്ഷ്‌മശരീരനായ്‌

കൃൽസ്‌നം പുരവരമന്വിഷ്യ നിശ്ചലം

തരുനികരവരശിരസി വന്നിരുന്നാദരാൽ

താർമകൾ തന്നെയും കണ്ടു രാമോദന്തം

അഖിലമവളൊടു ബത പറഞ്ഞടയാളവു-

മാശു കൊടുത്തുടനാശ്വസിപ്പിച്ചു പോം.

അതുപൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക-

ണ്ടാധി വളർത്തവൻ വാങ്ങ്‌മയാസ്‌ത്രങ്ങളാൽ

രഘുപതിയൊടതുമവനശേഷമറിയിച്ചു

രാമനുമിങ്ങു കോപിച്ചുടനേവരും

രണശിരസി സുഖമരണമതിനിശിതമായുള്ള

രാമശരമേറ്റെനിക്കും വരും ദൃഢം

പരമഗതി വരുവതിനു പരമൊരുപദേശമാം

പന്ഥാവിതു മമ പാർക്കയില്ലേതുമേ

സുരനിവഹമതബലവശാത്സത്യമായ്‌വരും

സ്വപ്‌നം ചിലർക്കു ചിലകാലമൊക്കണം

നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു

നിശ്ച്‌ത്യനിഗ്ഗർമിച്ചീടിനാൻ രാവണൻ

കനകമണിവലയകടകാംഗദനൂപുര-

കാഞ്ചീമുഖാഭരണാരവമന്തികേ

വിവശതരഹൃദയമൊടു കേട്ടു നോക്കുംവിധൗ

വിസ്‌മയമമാറു കണ്ടു പുരോഭൂവി

വിബുധരിപു നിശിചരകുലാധിപൻതൻ വര-

വെത്രയും ഭീതിതയായ്‌ വന്നിതു സീതയും

ഉരസിജവുമുരുതുടകളാൽ മറച്ചാദിപൂ-

ണ്ടത്തമാംഗം താഴ്‌ത്തി വേപഥുഗാത്രിയായ്‌

നിജരമണനിരൂപമശരീരം നിരാകുലം

നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ

ദശവദനനയുഗശരപരവശതയാ സമം

ദേവീസമീപേ തൊഴുതിരുന്നീടിനാൻ.

Generated from archived content: ramayanam62.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English