സീതാസന്ദർശനം

ഉദകനിധിനടുവിൽ മരുവും ത്രികൂടാദ്രിമേ-

ലുല്ലംഘിതോബ്‌ധൗ പവനാത്മജന്മനാ

ജനകനരപതിവരമകൾക്കും ദശാസ്യനും

ചെമ്മേ വിറച്ചിതു വാമഭാഗം തുലോം,

ജനകനരപതിദുഹിതൃവരനു ദക്ഷാംഗവും

ജാതനെന്നാകിൽ വരും സുഖം ദുഃഖവും.

തദനു കപികുലപതി കടന്നിതു ലങ്കയിൽ

താനതിസൂക്ഷ്‌മശരീരനായ്‌ രാത്രിയിൽ.

ഉദിതരവികിരണരുചി പൂണ്ടോരു ലങ്കയി-

ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ.

ദശവദനമണിനിലയമായിരിക്കും മമ

ദേവിയിരിപ്പേടമെന്നോർത്തു മാരുതി

കനകമണിനികരവിരചിതപുരിയിലെങ്ങുമേ

കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ,

ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-

രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ

ഉപവനവുമമൃതസമസലിലയുതവാപിയു-

മുത്തുംഗസൗധങ്ങളും ഗോപുരങ്ങളും

സഹജസുതസചിവബലപതികൾഭവനങ്ങളും

സൗവർണ്ണസാലദ്ധ്വജപതാകങ്ങളും

ദശവദനമണിഭവനശോഭ കാണുംവിധൗ

ദിക്‌പാലമന്ദിരം ധിക്കൃതമായ്‌വരും

കനകമണിചിരതഭവിനങ്ങളിലെങ്ങുമേ

കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൗ

കുസുമചയസുരഭിയൊടു പവനനതിഗൂഢമായ്‌

കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടുപോയുടൻ

ഉപവനവുമരുതതരുപ്രവരങ്ങളു-

മുന്നതമായുള്ള ശിംശപാവൃക്ഷവും

അതിനികടമഖിലജഗദീശ്വരിതന്നെയു-

മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ

മലിനതരചികരവസനം പൂണ്ടു ദീനയാ-

യൈമഥിലിതാൻ കൃശഗാത്രിയായെത്രയും

ഭയവിവശമവനിയിലുരുണ്ടും സദാ ഹൃദി

ഭർത്താവുതന്നെ നിനച്ചുനിനച്ചലം

നയനജലമനവരതമൊഴുകിയൊഴുകിപ്പതി-

നാമത്തെ രാമരാമേതി ജപിക്കയും

നിശിചരികൾനടുവിലഴലൊടു മരുവുമീശ്വരി

നിത്യസ്വരൂപിണിയെക്കണ്ടു മാരുതി.

വിടപിവരശിരസി നിബിഢച്ഛദാന്തർഗ്ഗതൻ

വിസ്‌മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ

ദിവസകരകുലപതി രഘുത്തമൻതന്നുടെ

ദേവിയാം സീതയെക്കണ്ടു കപിവരൻ

‘കമലമകളഖിലജഗദീശ്വരിതന്നുടൽ

കണ്ടേൻ കൃതാത്ഥേസ്‌മ്യഹം കൃതാർത്ഥോസ്‌മ്യഹം

ദിവസകരകുലപതിരഘുത്തമൻകാര്യവും

ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.

Generated from archived content: ramayanam61.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here