ലങ്കാലക്ഷ്‌മീമോക്ഷം

പ്രകൃതിചപലനുമധികചപലമചലം മഹൽ

പ്രകാരവും മുറിച്ചാകാരവും മറ-

ച്ചവനിമകളടിമലരുമകതളരിലോർത്തുകൊ-

ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം,

ഉടൽ കടുകിനൊടുസമമിടത്തുകാൽ മുമ്പിൽവെ-

ച്ചുള്ളിൽ കടപ്പാൻ തുടങ്ങുംദശാന്തരേ

കഠിനതരമലറിയൊരു രജനിചരിവേഷമായ്‌

കാണായിതാശു ലങ്കാശ്രീയെയും തദാ

“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-

നേകനായ്‌ ചോരനോ ചൊല്ലു നിൻ വാഞ്ചരിതം

അസുരസുരനരപശുമൃഗാദിജന്തുക്കൾ മ-

റ്റാർക്കുമേ വന്നു കൂടാ ഞാനറിയാതെ”

ഇതി പരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-

ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും

രഘകുലജവരസചിവവാമുഷ്‌ടിപ്രഹാ-

രേണ പതിച്ചു വമിച്ചിതു ചോരയും

കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാൾ

“കണ്ടേനെടോ തവ ബാഹുബലം സഖേ!

വിധിവിഹിതമിതു മമ പുരൈവ ധാതാവുതാൻ

വീരാ പറഞ്ഞിതെന്നൊടിതു മുന്നമേ

‘സകലജഗദധിപതി സനാതനൻ മാധവൻ

സാക്ഷാൽ മഹാവിഷ്‌ണുമൂർത്തി നാരായണൻ

കമലദലനയനനവിനിയിലവതരിക്കുമുൾ-

ക്കാരുണ്യമോടഷ്‌ടവിംശതിപര്യയേം

ദശരഥനൃപതിതനയനായ്‌ മമ പ്രാർത്ഥനാൽ

ത്രേതായുഗേ ധർമ്മദേവ രക്ഷാർത്ഥമായ്‌

ജനകനൃപവരനു മകളായ്‌ നിജമായയും

ജാതയാം പങ്‌ക്തിമുഖവിനാശത്തിനായ്‌

സരസിരുഹനയനനടവിയിലഥ തപസ്സിനായ്‌

സഭ്രാതൃഭാര്യനായ്‌ വാഴുംദശാന്തരേ

ദശദനനവനിമകളെയുമപഹരിച്ചുടൻ

ദക്ഷിണവാരിധി പുക്കിരിക്കുന്നനാൾ

സപദി രഘുവരനൊടരുണജനു സാചിവ്യവും

സംഭവിക്കും, പുനസ്സുഗ്രീവശാസനാൽ

സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ

സന്നദ്ധനായ്‌ വരുമേകൻ തവാന്തികേ

കലഹമവനൊടു ത്സടിതി തുടരുമളവെത്രയും

കാതരയായ്‌വരും നീയെന്നു നിർണ്ണയം

രണനിപുണനൊടു ഭവതി താഡനവും കൊണ്ടു

രാമദൂതന്നു നല്‌കേണമനുജ്ഞയും

ഒരു കപിയൊടൊരുദിവസമടി ഝടിതി കൊൾകിൽ നീ-

യോടിവാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും

കരുണയൊടു ഗതകപടമായ്‌ നിയോഗിക്കയാൽ

കാത്തിരുന്നേനിവിടം പലകാലവും

രഘുപതിയൊടിനിയൊരിടരൊഴിയെ നടകൊൾക നീ

ലങ്കയും നിന്നാൽ ജിതയായിതിന്നെടോ

നിഖിലനിശിചരകുലപതിക്കു മരണവും

നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു.

ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-

പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ

ത്രിദശകുലരിപുദശമുഖാന്തഃപുരവരേ

ദിവ്യലീലാവനേ പാദപസങ്കുലേ

നവകസുമദലസഹിതവിടപിയുതശിംശപാ-

നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ

നിശിചരികൾനടുവിലഴലൊടു മരുവിടുന്നെടോ!

നിർമ്മലഗാത്രിയാം ജാനകി സന്തതം

ത്വരിതമവൾചരിതമുടനവനൊടറിയിക്ക പോ-

യംബുധിയും കടന്നംബരാന്തേ ഭവാൻ

അഖിലജഗദധിപതി രഘുത്തമൻ പാതു മാ-

മസ്‌തു തേ സ്വസ്‌തിരത്യുത്തമോത്തംസമേ!

ലഘുമധുരവചനമിതി ചൊല്ലി മറഞ്ഞിതു

ലങ്കയിൽനിന്നു വാങ്ങീ മലർമങ്കയും.

Generated from archived content: ramayanam60.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English