ഗർഭവും പരിപൂർണ്ണമായ് ചമഞ്ഞതുകാല-
മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.
ഉച്ചത്തിൽ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ.
നക്ഷത്രം പുനർവസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അർക്കനുമത്യുച്ചസ്ഥനു, ദയം കർക്കടകം;
അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും,
വക്രനുമുച്ചസ്ഥനായ് മകരംരാശിതന്നിൽ
നില്‌ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ
ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ 590
ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോൾ കാണായീ കൗസല്യയ്‌ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 600
ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ 610
സുന്ദരഗാത്രിയായ കൗസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.
Generated from archived content: ramayanam6.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English