മാർഗ്ഗവിഘ്‌നം – 2

നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്‌

നിർജ്ജരലോകം ഗമിച്ചാൾ സുരസയും.

പവനസുതനഥ ഗഗനപഥി ഗരുഡതുല്യനാ-

യ്‌പാഞ്ഞു പാരാവാരമീതേ ഗമിക്കുമ്പോൾ

ജലനിധിയുമചലവരനോടു ചൊല്ലീടിനാൻഃ

ചെന്നു നീ സൽക്കരിക്കേണം കപിന്ദ്രനെ.

സഗരനരപതിതനയരെന്നെ വളർക്കയാൽ

സാഗരമെന്നു ചൊല്ലുന്നിതെല്ലാവരും

തദഭിജനഭവ നറിക രാമൻതിരുവടി

തസ്യ കാര്യാർത്ഥമായ്‌പോകുന്നതുമിവൻ

ഇടയിലൊരു പതനമവനില്ല തൽക്കാരണാ –

ലിച്ഛയാ പൊങ്ങിത്തളർച്ച തീർത്തീടണം.

മണികനകമയനമലനായ മൈനാകവും

മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻഃ

“ഹിമശിഖരിതനയ നഹമറിക കപിവീര! നീ-

യെന്മേലിരുന്നു തളർച്ചയും തീർക്കെടോ!

സലിലനിധി സരഭസമയയ്‌ക്കയാൽ വന്നു ഞാൻ

സാദവും ദാഹവും തീർത്തു പൊയ്‌ക്കൊൾകെടോ!

അമൃതസമജലവുമതിമധുരമധുപൂരവു-

മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ.”

“അലമലമിതരുതരുതു രാമകാര്യാർത്ഥമാ-

യാശു പോകുംവിധൗ പാർക്കരുതെങ്ങുമേ.

പെരുവഴിയിലശനശയനങ്ങൾ ചെയ്‌കെന്നതും

പേർത്തു മറ്റൊന്നു ഭാവിക്കയന്നുള്ളതും

അനുചിതമിതറിക രഘുകുലതിലകകാര്യങ്ങ-

ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ.

വിഗതഭയമിനിവിരവൊടിന്നു ഞാൻ പോകുന്നു

ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം.”

പവനസുതനിവയുമുരചെയ്‌തു തൻ കൈകളാൽ

പർവ്വതാധീശ്വരനെത്തലോടീടിനാൻ.

പുനരവനുമനിലസമമുഴറി നടകൊണ്ടിതു

പുണ്യജനേന്ദ്രപുരംപ്രതി സംഭ്രമാൽ

തദനു ജലനിധിയിലതിഗഭീരദേശാലയേ

സന്തതം വാണെഴും ഛായാഗ്രഹിണിയും

സരിദധിപനുപരി പരിചോടു പോകുന്നവൻ-

തൻനിഴലാശു പിടിച്ചു നിർത്തീടിനാൾ

അതുപൊഴുതു മമ ഗതി മുടക്കിയതാരെന്നി-

തന്തരാ പാർത്തു കീഴ്‌പോട്ടു നോക്കീടിനാൻ.

അതിവിപുലതരഭയകരാംഗിയെക്കണ്ടള-

വംഘ്രിപാതേന കൊന്നീടിനാൽ തൽക്ഷണേ

നിഴലതു പിടിച്ചുനിർത്തിക്കൊന്നു തിന്നുന്ന

നീചയാം സിംഹികയെക്കൊന്നനന്തരം

ദശവദനപുരിയിൽ വിരവോടു പോയീടുവാൻ

ദക്ഷിണദിക്കു നോക്കിക്കുതിച്ചീടിനാൻ

ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു

ചാരുലങ്കാഗോപുരാഗ്രേ കപീന്ദ്രനും

ദശവദനനഗരമതിവിമലവിപുലസ്‌ഥലം

ദക്ഷിണവാരിധിമദ്ധ്യേ മനോഹരം

ബഹുലഫലകുസുമദലയുതവിടപിസങ്കുലം

വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം

മണികനകമയമമരപുരസദൃശമംബുധി-

മദ്ധ്യേ ത്രികൂടാചലോപരി മാരുതി

കമലമകൾചരിതമറിവതിനു ചെന്നമ്പോടു

കണ്ടിതു ലങ്കാനഗരം നിരുപമം.

കനകവിരചിതമതിൽ കിടങ്ങും പലതരം

കണ്ടു കടപ്പാൻ പണിയെന്നു മാനസേ

പരവശതയൊടു ത്‌ഡടിതി പലവഴി നിരൂപിച്ചു

പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ

നിശി തമസി നിശിചരപുരേ കൃശരൂപനായ്‌

നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ

നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു

നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ.

Generated from archived content: ramayanam59.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English