സമുദ്രലംഘനം

ലവണജലനിധി ശതയയോജനാവിസ്‌തൃതം

ലംഘിച്ചു ലങ്കയിൽ ചെല്ലുവാൻ മാരുതി

മനുജപരിവൃഢചരണനളിനയുഗളം മുദാ

മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം

കപിവരരൊടമിതബലസഹിതമുരചെയ്‌തിതുഃ

“കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും

മമ ജനകസദൃശനഹമതി ചപലമംഭരേ

മാനേന പോകുന്നിതാശരേശാലയേ

അജതനയതനയശരസമ മധികസാഹസാ-

ലദ്യൈവ പശ്യാമി രാമപത്നീമഹം.

അഖിലജഗദധിപനൊടു വിരവൊടറിയിപ്പനി-

ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്‌മ്യഹം

പ്രണതജനബഹുജനനമരണഹരനാമകം

പ്രാണപ്രയാണകാലേ നിരൂപിപ്പവൻ

ജനിമരണജലനിധിയെ വിരവൊടു കടക്കുമ-

ജ്ജന്മനാ കിം പുനസ്‌തസ്യ ദൂതോസ്‌മ്യഹം

തദനു മമ ഹൃദി സപദി രഘുപതിരനാരതം

തസ്യാംഗലീയവുമുണ്ടു ശിരസി മേ.

കിമപി നഹി ഭയമുദധി സപദി തരിതും നിങ്ങൾ

കീശപ്രവരേ ഖേദിയായേതുമേ.”

ഇതി പവനതനയനുരചെയ്‌തു വാലും നിജ-

മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും

അതിവിപുലഗളതലവുമാർജ്ജവമാക്കിനി-

ന്നാകുഞ്ചിതാംഘ്രി യായൂർദ്ധ്വനയനനായ്‌

ദശവദനപുരിയിൽ നിജഹൃദയവുമുറപ്പിച്ചു

ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ.

Generated from archived content: ramayanam57.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here