കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
ദാക്ഷായണീഗർഭപാത്രസ്ഥാനായൊരു
സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ,
പിന്നെ വാതാത്മജനാകയുമുണ്ടു,വൻ-
തന്നോടു തുല്യൻ ബലവേഗമോർക്കിലോ
കേസരിയെക്കൊന്നു താപം കളഞ്ഞൊരു
കേസരിയാകിയ വാനരനാഥനു
പുത്രനായഞ്ജന പെറ്റുളവായൊരു
സത്വഗുണപ്രധാനൻ ഭവാൻ കേവലം
അഞ്ജെനാഗർഭച്യുതനായവനിയി-
ലഞ്ജസാ ജാതനായ് വീണനേരം ഭവാൻ
അഞ്ഞൂറു യോജന മേല്‌പോട്ടു ചാടിയ-
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ.
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം
മണ്ഡലം തന്നെത്തുടുതുടെക്കണ്ടു നീ
പക്വമെന്നോർത്തു ഭക്ഷിപ്പാനടുക്കയാൽ
ശക്രനുടെ വജ്രമേറ്റു പതിച്ചതും.
ദുഃഖിച്ചു മാരുതൻ നിന്നെയും കൊണ്ടുപോയ്-
പൂക്കിതു പാതാളമപ്പോൾ ത്രിമൂർത്തികൾ
മുപ്പത്തുമുക്കോടി വാനവർതമ്മൊടു-
മുല്‌പലസംഭവ പുത്രവർഗ്ഗത്തൊടും
പ്രത്യക്ഷമായ് വന്നനിഗ്രഹിച്ചീടിനാൽ
മൃത്യു വരാ ലോകനാശം വരുമ്പൊഴും
കല്‌പാന്തകാലത്തുമില്ല മൃതിയെന്നു
കല്‌പിച്ചതിന്നിളക്കം വരാ നിർണ്ണയം
ആമ്‌നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ
നാമ്‌നാ ഹനൂമാനിവനെന്നു സാദരം.
വജ്രം ഹനുവിങ്കലേറ്റു മുറികയാ-
ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ?
നിൻകൈയിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോർക്ക നീ.
ത്വദ്‌ബലവീര്യവേഗങ്ങൾ വർണ്ണിപ്പതി-
നീപ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ“.
ഇത്ഥം വിധിസുതൻ ചൊന്നനേരം വായു-
പുത്രനുമുത്ഥായ സത്വരം പ്രീതനായ്
ബ്രഹ്‌മാണ്ഡമാശു കുലുങ്ങുമാറൊന്നവർ
സമ്മദാൽ സിംഹനാദം ചെയ്‌തരുളിനാൻ
വാമനമൂർത്തിയെപ്പോലെ വളർന്നവൻ
ഭൂമിധരാകാരനായ് നിന്നു ചൊല്ലിനാൻ
”ലംഘനം ചെയ്‌തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്‌മമാക്കി ക്ഷണാൽ
രാവണനെക്കുലത്തോടുമൊടുക്കി ഞാൻ
ദേവിയേയും കൊണ്ടു പേരുവനിപ്പൊഴേ.
അല്ലായ്‌കിലോ ദശകണ്‌ഠനെബ്ബന്ധിച്ചു
മെല്ലവേ വാമകരത്തിലെടുത്തുടൻ
കൂടത്രയത്തോടു ലങ്കാപുരത്തെയും
കൂടെ വലത്തുകരത്തിലാക്കിക്കൊണ്ടു
രാമാന്തികേ വെച്ചു കൈതൊഴുതീടുവൻ
രാമംഗുലീയമെൻ കയ്യിലുണ്ടാകയാൽ.“
മാരുതിവാക്കു കേട്ടോരു വിധിസുത-
നാരൂഢകൗതുകം ചൊല്ലിനാൻ പിന്നെയും
”ദേവിയെക്കണ്ടു തിരിയേവരിക നീ
രാവണനോടെതിർത്തീടുവാൻ പിന്നെയാം
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവൻ
വിക്രമം കാട്ടുവാനന്നേരമാമല്ലോ
പുഷ്‌കരമാർഗ്ഗേണ പോകും നിനക്കൊരു
വിഘ്‌നം വരായ്‌ക കല്യാണം ഭവിക്ക! തേ
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാർത്ഥമായല്ലോ പോകുന്നു.
ആശീർവചനവും ചെയ്‌തു കപികുല-
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേന പൊയ്‌മഹേന്ദ്രത്തിൻ മുകളേറി
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാൻ
ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും
ബദ്ധമോദത്തോടിരുന്നിതക്കാലമേ.
Generated from archived content: ramayanam56.html Author: ezhuthachan