സമുദ്രലംഘനചിന്ത-1

പിന്നെക്കപിവരനമാർ കൗതുകത്തോടു-

മന്യോന്യമാശു പറഞ്ഞുതുടങ്ങിനാർ,

ഉഗ്രം മഹാനക്രചക്രഭയങ്കര-

മഗ്രേ സമുദ്രമാലോക്യ കപികുലം.

“എങ്ങനെ നാമിലതിനെക്കടക്കുന്നവാ-

റെങ്ങും മറുകര കാൺമാനുമില്ലല്ലോ.

ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു

ചാവതിനെന്തവകാശം കപികളേ!”

ശക്രതനയതനൂജനാമംഗദൻ

മർക്കടനായകന്മാരോടു ചൊല്ലിനാൻഃ

“എത്രയും വേഗബലമുള്ള ശൂരന്മാർ

ശക്തിയും വിക്രമവും പാരമുണ്ടല്ലോ

നിങ്ങളെല്ലാവർക്കു, മെന്നാലിവരിൽ വെ-

ച്ചിങ്ങുവന്നെന്നോടൊരുത്തൻ പറയണം.

ഞാനിതിനാളെന്നവനല്ലൊ നമ്മുടെ

പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം.

സുഗ്രീവരാമസൗമിത്രികൾക്കും ബഹു

വ്യഗ്രം കളഞ്ഞു രക്ഷിക്കുന്നതുമവൻ.”

അംഗദനിങ്ങനെ ചൊന്നതു കേട്ടവർ

തങ്ങളിൽ തങ്ങളിൽ നോക്കിനാരേവരും.

ഒന്നും പറഞ്ഞിലൊരുത്തരുമംഗദൻ

പിന്നെയും വാനരന്മാരോടു ചൊല്ലിനാൻഃ

“ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം

പ്രത്യേകമുച്യുതാ! മുദ്യോഗപൂർവകം.”

ചാടാമെനിക്കു ദശയോജനവഴി

ചാടാമിരുപതെനിക്കെന്നൊരു കപി.

മൂപ്പതു ചാടാമെനിക്കെന്നപരനു-

മപ്പടി നാല്‌പതാമെന്നു മറ്റേവനും.

അൻപതറുപതെഴുപതുമാമെന്നു-

മെൺപതു ചാടാമിനിക്കെന്നൊരുവനും

തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ-

ന്നർണ്ണവമോ നൂറു യോജനയുണ്ടല്ലോ.

“ഇക്കണ്ട നമ്മിലാർക്കും കടക്കാവത-

ല്ലിക്കടൽ മർക്കടവീരരേ! നിർണ്ണയം.

മുന്നം ത്രിവിക്രമൻ മൂന്നു ലോകങ്ങളും

ഛന്നനായ്‌ മൂന്നടിയായളക്കുംവിധൗ

യൗവനകാലേ പെരുമ്പറയും കൊട്ടി

മൂവേഴുവട്ടം വലത്തു വെച്ചീടിനേൻ.

വാർദ്ധകഗ്രസ്‌തനായേനിദാനീം ലവ-

ണാബ്‌ധി കടപ്പാനുമില്ല വേഗം മമ.

ഞാനിരുപത്തൊന്നുവട്ടം പ്രദക്ഷിണം

ദാനവാരിക്കു ചെയ്‌തേൻ ദശമാത്രയാ

കാലസ്വരൂപനാമീശ്വരൻ തന്നുടെ

ലീലകളോർത്തളമത്ഭുതമെത്രയും.”

ഇത്ഥമജാത്മജൻ ചൊന്നതു കേട്ടതി-

നുത്തരം വൃത്രാരിപൗത്രനും ചൊല്ലിനാൻ;

“അങ്ങോട്ടു ചാടാമെനിക്കെന്നു നിർണ്ണയ-

മിങ്ങോട്ടു പോരുവാൻ ദണ്ഡമുണ്ടാകിലാം.

സാമർത്ഥ്യമില്ല മറ്റാർക്കുമെന്നാകിലും

സാമർത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും

ഭൃത്യജനങ്ങളയയ്‌ക്കുയില്ലെന്നുമേ

ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ.

ആർക്കുമേയില്ല സമാർത്ഥ്യമനശനം

ദീക്ഷിച്ചുതന്നെ മരിക്ക നല്ലൂ വയം.”

താരേയനേവം പറഞ്ഞോരനന്തരം

സാരസസംഭവനന്ദൻ ചൊല്ലിനാൻ

“എന്തു ജഗൽപ്രാണനന്ദന നിങ്ങനെ

ചിന്തിച്ചിരിക്കുന്നതേതും പറയാതെ?

കണ്‌ഠനായ്‌ത്തന്നെയിരുന്നുകളകയോ?

Generated from archived content: ramayanam55.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English