തത്വമേകം പരം നിർഗ്ഗുണം നിഷ്‌കളം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സർവജഗന്മയം ശാശ്വതം
മായാവിനിനിർമ്മുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും.
പ്രാരബ്‌ധകർമ്മവേഗാനുരൂപം ഭൂവി
പാരമാർത്ഥ്യത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ.
ത്രേതായുഗേ വന്നു നാരായണൻ ഭൂവി
ജാതനായീടും ദശരഥപുത്രനായ്
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചമ്പോടു
ഭക്തജനത്തിനു മുക്തി വരുത്തുവാൻ
ദണ്ഡകാരണ്യത്തിൽ വാഴുംവിധൗബലാൽ
ചണ്ഡനായുള്ള ദശാസ്യനാം രാവണൻ
പുണ്ഡരീകോൽഭൂത യാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികൾ
വേർപെട്ടിരിക്കുന്നനേരത്തുവന്നു ത-
ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയിൽക്കൊണ്ടു വെച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാൻ
മർക്കടരാജനിയോഗാൽ കപികുലം
ദക്ഷിണവാരിധിതീരദേശേവരും
തത്ര സമാഗമം നിന്നോടു വാനരർ-
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ
തന്യംഗി വാഴിന്ന ദേശം ദയാവശാൽ
അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ-
യുത്ഭവിച്ചീടുമതിനില്ല സംശയം.‘
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ-
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്ലാതെ വരികയില്ലെന്നുമേ,
ശ്രിരാമദെവകഥാമൃതമാഹാത്മ്യ-
മാരാലുമോർത്തലറിയാവതല്ലേതും
രാമനാമാമൃതത്തിന്നു സമാനമാ-
യ്‌മാമകേ മാനസേ മറ്റു തോന്നീലഹോ!
നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു
കല്യാണഗാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്നം ചെയ്‌തിലർണ്ണവ-
മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം
ശ്രിരാമനാമസ്‌മൃതികൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നിതേവരും
രാമഭാര്യലോകനാർത്ഥമായ് പോകുന്ന
രാമഭക്തന്മാരാം നിങ്ങൾക്കൊരിക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ-
രാകുലമുണ്ടാകയില്ലൊരുജാതിയും.’
എന്നു പറഞ്ഞു പറന്നു മറഞ്ഞിത-
ത്യുന്നതനായ സമ്പാതിവിഹായസാ.
Generated from archived content: ramayanam54.html Author: ezhuthachan