എന്നുടെ സോദരനായുദകക്രിയ-
യ്‌ക്കെന്നേയെടുത്തു ജലാന്തികേ കൊണ്ടുപോയ്
നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ;
നിങ്ങൾക്കു വാക്‌സഹായം ചെയ്‌വനാശു ഞാൻ.“
അപ്പോളവനെയെടുത്തു കപികളു-
മബ്ധിതീരത്തു വെച്ചീടിനാരാദരാൽ.
തത്സലിലേ കുളിച്ചഞ്ജലിയും നല്‌കി
വത്സനാം ഭ്രാതാവിനായ്‌ക്കൊണ്ടു സാദരം.
സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു-
മുത്തമന്മാരായ വാനരസഞ്ചയം.
സ്വസ്ഥനായ് സമ്പാതി ജാനകിതന്നുടെ
വൃത്താന്തമാശു പറഞ്ഞുതുടങ്ങിനാൻഃ
”തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്.
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിക്കുന്നു.
ദൂരമൊരുനൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്‌ധ്രനാകയാൽ.
സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ
ഭൂമിതനൂജയെക്കണ്ടു വരും ധ്രുവം.
സോദരനെക്കൊന്ന ദുഷ്‌ടനെക്കൊല്ലേണ-
മേതൊരുജാതിയും; പക്ഷവുമില്ല മേ.
യത്നേന നിങ്ങൾ കടക്കേണമാശു പോയ്
രത്നാകരം, പിന്നെ വന്നു രഘൂത്തമൻ
രാവണൻതന്നെയും നിഗ്രഹിക്കും ക്ഷണാ-
ലേവമിതിന്നു വഴിയെന്നു നിർണ്ണയം.“
”രത്നാകരം ശതയോജനവിസ്‌തൃതം
യത്നേന ചാടിക്കടന്നു ലങ്കാപുരം-
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട-
നിക്കരച്ചാടിക്കടന്നു വരുന്നതും
തമ്മിൽ നിരൂപിക്ക നാ“മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ.
സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ-
ളമ്പോടു വാനരന്മാരോടു ചൊല്ലീടിനാൻഃ
”ഞാനും ജടായുവാം ഭ്രാതാവുമായ് പുരാ-
മാനേന ദർപ്പിതമാനസന്മാരുമായ്
വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി-
വേഗം പറന്നിതു മേല്പോട്ടു ഞങ്ങളും.
മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി-
ച്ചാർത്തരായ്‌വന്നു ദിനകരരശ്‌മിയാൽ.
തൽക്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാൻ
രക്ഷിപ്പതിനുടൻ പിന്നിലാക്കീടിനേൻ;
പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ.
പക്ഷദ്വയത്തോടു വീണാനനുജനും;
പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം.
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ-
നന്ധനായ് മൂന്നുദിനം കിടന്നീടിനേൻ.
പ്രാണശേഷത്താലുണർന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞിങ്ങനെ.
ദിഗ്‌ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങിനെ
ചെന്നേൻ നിശാകരതാപസൻതന്നുടെ
പുണ്യാശ്രമത്തിന്നു പൂർണ്ണഭാഗ്യോദയാൽ.
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു
പണ്ടു കണ്ടുളേളാരറിവുനിമിത്തമായ്‌ഃ
‘എന്തു സമ്പാതേ! വിരൂപനായ്‌വന്നതി-
നെന്തുമൂലമിതാരാലകപ്പെട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്‌ദ്ധമാവാനെന്തു പക്ഷം പറക നീ.’
എന്നതു കേട്ടു ഞാനെന്നുടെ വൃത്താന്ത-
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ.
പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു
‘സന്നമായ്‌വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി-
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!’
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്‌തുഃ
‘സത്യമായുളളതു ചൊല്ലുന്നതുണ്ടു ഞാൻ
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ.
ദേഹംനിമിത്തമീ ദുഃഖമറിക നീ
ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം.
ദേഹത്തിലുളേളാരഹംബുദ്ധി കൈക്കൊണ്ടു
മോഹാദഹംകൃതി കർമ്മങ്ങൾ ചെയ്യുന്നു.
മിഥ്യയായുളേളാരവിദ്യാസമുത്ഭവ-
വസ്‌തുവായുളേളാന്നഹംകാരമോർക്ക നീ.
ചിച്ഛായയോടു സംയുക്തമായ് വർത്തതേ
തപ്തമായുളേളാരയഃപിണ്ഡവൽ സദാ.
തേന ദേഹത്തിനു താദാത്മ്യയോഗേന
താനൊരു ചേതനവാനായ് ഭവിക്കുന്നു.
ദേഹോഹമെന്നുളള ബുദ്ധിയുണ്ടായ്‌വരു-
മാഹന്ത നൂനമാത്മാവിനു മായയാ.
ദേഹോഹമദ്യൈവ കർമ്മകർത്താഹമി-
ത്യാഹന്ത സങ്കല്പ്യ സർവഥാ ജീവനും
കർമ്മങ്ങൾ ചെയ്‌തു ഫലങ്ങളാൽ ബദ്ധനായ്
സമ്മോഹമാർന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു
ഹംസപദങ്ങൾ മറന്നു ചമയുന്നു.
മേല്പോട്ടുമാശു കീഴ്‌പോട്ടും ഭ്രമിച്ചതി
താൽപര്യവാൻ പുണ്യപാപാത്മകഃ സ്വയം
’എത്രയും പുണ്യങ്ങൾ ചെയ്‌തേൻ വളരെ ഞാൻ
വിത്താനുരൂപേണ യജ്ഞദാനാദികൾ
ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം
സ്വർഗ്ഗം ഗമി‘ച്ചെന്നു കല്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴുംവിധൗ
ഉത്തമാംഗം കൊളള വീഴുമധോഭൂവി.
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്
ഭൂമൗ പതിച്ചു ശാല്യാദികളായ് ഭവി-
ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം.
പിന്നെപ്പുരുഷൻ ഭുജിക്കുന്ന ഭോജ്യങ്ങൾ-
തന്നെ ചതുർവിധമായ്‌ഭവിക്കും ബലാൽ.
എന്നതിലൊന്നു രേതസ്സായ് ചമഞ്ഞതു
ചെന്നു സീമന്തിനീയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ് വന്നു
താനേ ജരായുപരിവേഷ്‌ടിതവുമാം.
Generated from archived content: ramayanam52.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English