സമ്പാതിവാക്യം

അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ

ഗൃദ്‌ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു

വൃദ്ധനായുളേളാരു ഗൃദ്‌ധ്രപ്രവരനും

പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌

ദൃഷ്‌ട്വാ പരക്കെക്കിടക്കും കപികളെ-

ത്തുഷ്‌ട്യാ പറഞ്ഞിതു ഗൃദ്‌ധ്രകുലാധിപൻഃ

“പക്ഷമില്ലാതോരെനിക്കു ദൈവം ബഹു- 1850

ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ.

മുമ്പിൽ മുമ്പിൽ പ്രാണഹാനി വരുന്നതു

സംപ്രീതിപൂണ്ടു ഭക്ഷിക്കാമനുദിനം.”

ഗൃദ്‌ധ്രവാക്യംകേട്ടു മർക്കടൗഘം പരി-

ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാർഃ

“അദ്രീന്ദ്രതുല്യനായോരു ഗൃദ്‌ധ്രാധിപൻ

സത്വരം കൊത്തി വിഴുങ്ങുമെല്ലാരെയും.

നിഷ്‌ഫലം നാം മരിച്ചീടുമാറായിതു

കല്പിതമാർക്കും തടുക്കരുതേതുമേ.

നമ്മാലൊരുകാര്യവും കൃതമായീല 1860

കർമ്മദോഷങ്ങൾ പറയാവതെന്തഹോ!

രാമകാര്യത്തെയും സാധിച്ചതില്ല നാം

സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ.

വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു-

മെത്രയും പാപികളാകതന്നേ വയം.

നിർമ്മലനായ ധർമ്മാത്മാ ജടായുതൻ

നന്മയോർത്തോളം പറയാവതല്ലല്ലോ.

വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ

പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ?

ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ 1870

ചേരുമാറായിതു രാമപാദാംബുജേ.

പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു

പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്‌മയം!”

വാനരഭാഷിതം കേട്ടു സമ്പാതിയും

മാനസാനന്ദം കലർന്നു ചോദിച്ചിതുഃ

“കർണ്ണപീയൂഷസമാനമാം വാക്കുകൾ

ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?

നിങ്ങളാരെന്തു പറയുന്നിതന്യോന്യ-

മിങ്ങു വരുവിൻ ഭയപ്പെടായ്‌കേതുമേ.”

ഉമ്പർ കോൻ പൗത്രനുമമ്പോടതു കേട്ടു 1880

സമ്പാതിതന്നുടെ മുമ്പിലാമ്മാറു ചെ-

ന്നംഭോജലോചനൻതൻ പാദപങ്കജം

സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻഃ

“സൂര്യകുലജാതനായ ദശരഥ-

നാര്യപുത്രൻ മഹാവിഷ്‌ണു നാരായണൻ

പുഷ്‌കരനേത്രനാം രാമൻതിരുവടി

ലക്ഷ്‌മണനായ സഹോദരനും നിജ-

ലക്ഷ്‌മിയാം ജാനകിയോടും തപസ്സിനാ-

യ്‌പുക്കിതു കാനനം താതാജ്ഞയാ പുരാ.

കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും 1890

ദുഷ്‌ടനായുളള ദശമുഖൻ സീതയെ.

ലക്ഷ്‌മണനും കമലേക്ഷണനും പിരി-

ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു

തൽക്ഷണം ചെന്നു തടുത്തു യുദ്ധംചെയ്താ-

നക്ഷണദാചരനോടു ജടായുവാം

പക്ഷിപ്രവര,നതിനാൽ വലഞ്ഞൊരു

രക്ഷോവരൻ നിജ ചന്ദ്രഹാസംകൊണ്ടു

പക്ഷവും വെട്ടിയറുത്താ,നതുനേരം

പക്ഷീന്ദ്രനും പതിച്ചാൻ ധരണീതലേ.

‘ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കെവേ 1900

സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ

മൃത്യു വരായ്‌കെ’ന്നനുഗ്രഹച്ചാൾ ധരാ-

പുത്രിയും, തൽപ്രസാദേന പക്ഷീന്ദ്രനും

രാമനെക്കണ്ടു വൃത്താന്തമറിയിച്ചു

രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ.

അർക്കകുലോത്ഭവനാകിയ രാമനു-

മർക്കജനോടഗ്നിസാക്ഷികമാംവണ്ണം

സഖ്യവും ചെയ്‌തുടൻ കൊന്നിതു ബാലിയെ;

സുഗ്രീവനായ്‌ക്കൊണ്ടു രാജ്യവും നല്‌കിനാൻ.

വാനരാധീശ്വരനായ സുഗ്രീവനും 1910

ജാനകിയെത്തിരഞ്ഞാശു കണ്ടീടുവാൻ

ദിക്കുകൾ നാലിലും പോകെന്നയച്ചിതു

ലക്ഷം കപിവരന്മാരെയോരോ ദിശി.

ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും

രക്ഷോവരനെയും കണ്ടതില്ലെങ്ങുമേ.

മുപ്പതിനാളിനകത്തു ചെന്നീടായ്‌കി-

ലപ്പോളവരെ വധിക്കും കപിവരൻ.

പാതാളമുൾപ്പുക്കു വാസരം പോയതു-

മേതുമറിഞ്ഞീല, ഞങ്ങളതുകൊണ്ടു

ദർഭ വിരിച്ചു കിടന്നു മരിപ്പതി- 1920

ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ.

ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ

സീതാവിശേഷം പറഞ്ഞുതരേണമേ.

ഞങ്ങളുടേ പരമാർത്ഥവൃത്താന്തങ്ങ-

ളിങ്ങനേയുളേളാന്നു നീയറിഞ്ഞീടെടോ.”

താരേയവാക്കുകൾ കേട്ടു സമ്പാതിയു-

മാരൂഢമോദമവനോടു ചൊല്ലിനാൻഃ

“ഇഷ്‌ടനാം ഭ്രാതാവെനിക്കു ജടായു, ഞാ-

നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും.

ഇന്നനേകായിരം വത്സരംകൂടി ഞാ- 1930

നെന്നുടെ സോദരൻവാർത്ത കേട്ടീടിനേൻ.

Generated from archived content: ramayanam51.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here