സ്വയംപ്രഭാസ്തുതി

യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു

യോഗേശസന്നിധി പുക്കാളതിദ്രുതം.

ലക്ഷ്‌മണസുഗ്രീവസേവിതനാകിയ

ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം

ഭക്ത്യാ സഗദ്‌ഗദം രോമാഞ്ചസംയൂതം

നത്വാ മുഹുർമ്മുഹുസ്തുത്വാ ബഹുവിധംഃ

“ദാസീ തവാഹം രഘുപതേ! രാജേന്ദ്ര!

വാസുദേവ! പ്രഭോ! രമ! ദയാനിധേ!

കാണ്മതിന്നായ്‌ക്കൊണ്ടു വന്നേനിവിടെ ഞാൻ. 1600

സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!

ഞാനനേകായിരം സംവത്സരം തവ

ധ്യാനേന നിത്യം തപസ്സുചെയ്‌തീടിനേൻ.

ത്വദ്രൂപസന്ദർശനാർത്ഥം, തപോബല-

മദ്യൈവ നൂനം ഫലിതം രഘുപതേ!

ആദ്യനായോരു ഭവന്തം നമസ്യാമി

വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം.

അന്തർബ്ബഹിഃസ്ഥിതം സർവഭൂതേഷ്വപീ

സന്തമലക്ഷ്യമാദ്യന്തഹീനം പരം

മായായവനികാച്ഛന്നനായ്‌ വാഴുന്ന 1610

മായാമയനായ മാനുഷവിഗ്രഹൻ

അജ്ഞാനികളാലറിഞ്ഞുകൂടാതൊരു

വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം.

ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്‌

ലോകേശമുഖ്യാമരൗഘമർത്ഥിക്കയാൽ

ഭൂമിയിൽവന്നവതീർണ്ണനാം നാഥനെ-

ത്താമസിയായ ഞാനെന്തറിയുന്നതും!

സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ

കശ്ചിൽ പുരുഷനറിയും സുകൃതിനാം

രൂപം തവേദം സദാ ഭാതു മാനസേ 1620

താപസാന്തഃസ്ഥിതം താപത്രയാപഹം.

നാരായണ! തവ ശ്രീപാദദർശനം

ശ്രീരാമ! മോക്ഷൈകദർശനം കേവലം.

ജന്മമരണഭീതാനാമദർശനം

സന്മാർഗ്ഗദർശനം വേദാന്തദർശനം.

പുത്രകളത്രമിത്രാർത്ഥവിഭൂതികൊ-

ണ്ടെത്രയും ദർപ്പിതരായുളള മാനുഷർ

രാമരാമേതി ജപിക്കയില്ലെന്നുമേ

രാമനാമം മേ ജപിക്കായ്‌വരേണമേ!

നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ 1630

നിത്യായ നിഷ്‌കിഞ്ചനാർത്ഥായ തേ നമഃ

സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു-

ണാത്മനേ സീതാഭിരാമായ തേ നമഃ.

വേദാത്മകം കാമരൂപിണമീശാന-

മാദിമദ്ധ്യാന്തവിവർജ്ജിതം സവർത്ര

മന്യേ സമം ചരന്തം പുരുഷം പരം

നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവൂ?

മർത്ത്യവിഡംബനം ദേവ! തേ ചേഷ്‌ടിതം

ചിത്തേ നിരൂപിക്കിലെന്തറിയാവതും?

ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു 1640

ചിന്മയനായ ഭവാനെബ്ബഹുവിധം.

ജന്മവും കർത്തൃത്വവും ചെറുതില്ലാത

നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ

ദേവതിര്യങ്ങ്‌മനുജാദികളിൽ ജനി-

ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്‌വതും

നിന്മഹാമായാവിഡംബനം നിർണ്ണയം

കല്മഷഹീന! കരുണാനിധേ! വിഭോ!

മേദിനിതന്നിൽ വിചിത്രവേഷത്തൊടും

ജാതനായ്‌ക്കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ

ഭക്തരായുളള ജനങ്ങൾക്കു നിത്യവും 1650

ത്വല്‌ക്കഥാപീയൂഷപാനസിദ്ധിക്കെന്നു

ചൊല്ലുന്നിതു ഭൂവി കോസലഭൂപതി-

തന്നുടെ ഘോരതപോബലസിദ്ധയേ

നിർണ്ണയമെന്നു; ചിലർ പറയുന്നിതു

കൗസല്യയാൽ പ്രാർത്ഥ്യമാനനായിട്ടിഹ;

മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ;

സ്രഷ്‌ടാവുതാനപേക്ഷിക്കയാൽ വന്നിഹ

ദുഷ്‌ടനിശാചരവംശമൊടുക്കുവാൻ

മർത്ത്യനായ്‌വന്നു പിറന്നിതു നിർണ്ണയം 1660

പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു;

ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു

ഭൂഭാരനാശനത്തിന്നെന്നിതു ചിലർ;

ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ

കർമ്മസാക്ഷീകുലത്തിങ്കൽ പിറന്നിതു

ദേവശത്രുക്കളെ നിഗ്രഹിച്ചമ്പോടു

ദേവകളെപ്പരിപാലിച്ചുകൊളളുവാൻ

എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-

മൊന്നും തിരിച്ചറിയാവതുമല്ല മേ.

യാതൊരുത്തൻ ത്വല്‌ക്കഥകൾ ചൊല്ലുന്നതു- 1670

മാദരവോടു കേൾക്കുന്നതും നിത്യമായ്‌

നൂനം ഭവാർണ്ണവത്തെക്കടന്നീടുവാൻ,

കാണാമവനു നിൻപാദപങ്കേരുഹം.

ത്വന്മഹാമായാഗുണബദ്ധയാകയാൽ

ചിന്മയമായ ഭവൽസ്വരൂപത്തെ ഞാൻ

എങ്ങനേയുളളവണ്ണമറിഞ്ഞീടുന്ന-

തെങ്ങനേ ചൊല്ലി സ്തുതിക്കുന്നതുമഹം!

ശ്യാമളം കോമളം ബാണധനുർദ്ധരം

രാമം സഹോദരസേവിതം രാഘവം

സുഗ്രീവമുഖ്യകപികുലസേവിത- 1680

മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം.

രാമായ രാമഭദ്രായ നമോ നമോ

രാമചന്ദ്രായ നമസ്തേ നമോ നമഃ.”

ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു

മംഗലവാചാ നമസ്‌കരിച്ചീടിനാൾ.

മുക്തിപ്രദനായ രാമൻ പ്രസന്നനായ്‌

ഭക്തയാം യോഗിനിയോടരുളിച്ചെയ്‌തുഃ

“സന്തുഷ്‌ടനായേനഹം തവ ഭക്തികൊ-

ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?”

എന്നതു കേട്ടവളും പറഞ്ഞീടിനാൾഃ 1690

“ഇന്നു വന്നൂ മമ കാംക്ഷിതമൊക്കവേ.

യത്രകുത്രാപി വസിക്കിലും ത്വൽപാദ-

ഭക്തിക്കിളക്കമുണ്ടാകാതിരിക്കണം.

ത്വൽപാദഭക്തഭൃത്യേഷു സംഗം പുന-

രുൾപ്പൂവിലെപ്പോഴുമുണ്ടാകയുംവേണം.

പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ-

മേകദാ സംഭവിച്ചീടായ്‌ക മാനസേ.

രാമരാമേതി ജപിക്കായ്‌വരേണമേ

രാമപാദേ രമിക്കേണമെന്മാനസം.

സീതാസുമിത്രാത്മജാന്വിതം രാഘവം 1700

പീതവസ്‌ത്രം ചാപബാണാസനധരം

ചാരുമകുടകടകകടിസൂത്ര-

ഹാരമകരമണിമയകുണ്ഡല-

നൂപുരഹേമാംഗദാദി വിഭൂഷണ-

ശോഭിതരൂപം വസിക്ക മേ മാനസേ.

മറ്റെനിക്കേതുമേ വേണ്ടാ വരം വിഭോ!

പറ്റായ്‌ക ദുസ്സംഗമുളളിലൊരിക്കലും.”

ശ്രീരാമദേവനതു കേട്ടവളോടു

ചാരുമന്ദസ്‌മിതംപൂണ്ടരുളിച്ചെയ്തുഃ

“ഏവം ഭവിക്ക നിനക്കു മഹാഭാഗേ! 1710

ദേവി നീ പോക ബദര്യാശ്രമസ്ഥലേ.

തത്രൈവ നിത്യമെന്നെ ധ്യാനവുംചെയ്തു

മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം

ചേരുമെങ്കൽ പരമാത്മനി കേവലേ

തീരും ജനനമരണദുഃഖങ്ങളും.”

ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ

ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ

ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ

നാരായണപദം പ്രാപിച്ചിതവ്യയം.

Generated from archived content: ramayanam49.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here