സ്വയംപ്രഭാഗതി

അന്ധകാരാരണ്യ മാശു പുക്കീടിനാ-

രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും

ശുഷ്‌കകണ്‌ഠോഷ്‌ഠതാലുപ്രദേശത്തൊടും

മർക്കടവീരരുണങ്ങി വരണ്ടൊരു

ജിഹ്വയോടും നടക്കുന്ന നേരത്തൊരു

ഗഹ്വരം തത്ര കാണായി വിധവശാൽ

വല്ലീതൃണഗണച്ഛന്നമായൊന്നതി-

ലില്ലയല്ലീ ജലമെന്നോർത്തു നിൽക്കുമ്പോൾ

ആർദ്രപക്ഷക്രൗഞ്ചഹംസാദിപക്ഷിക- 1470

ളൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ

പക്ഷങ്ങളിൽ നിന്നു വീണു ജലകണം

മർക്കടന്മാരുമതുകണ്ടു കല്പിച്ചാർ,

‘നല്ല ജലമിതിലുണ്ടെന്നു നിർണ്ണയ-

മെല്ലാവരും നാമിതിലിറങ്ങീടുക’.

എന്നു പറഞ്ഞോരുനേരത്തു മാരുതി

മുന്നിലിറങ്ങിനാൻ, മറ്റുള്ളവർകളും

പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ

കണ്ണുകാണാഞ്ഞിതിരുട്ടുകൊണ്ടന്നേര-

മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ 1480

ഖിന്നതയോടും നടന്നു നടന്നു പോയ്‌

ചെന്നാരതീവ ദൂരം, തത്ര കണ്ടിതു

മുന്നിലാമ്മാറതി ധന്യദേശസ്ഥലം

സ്വർണ്ണമയം മനോമോഹനം കാണ്മവർ-

കണ്ണിനുമേറ്റമാനന്ദകരം പരം

വാപികളുണ്ടു മണിമയവാരിയാ-

ലാപൂർണ്ണകളായതീവ വിശദമായ്‌

പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള

വൃക്ഷങ്ങളുണ്ടു കല്പദ്രുമതുല്യമായ്‌

പീയൂഷസാമ്യമധുദ്രോണസംയുത- 1490

പേയഭക്ഷ്യാന്നസഹിതങ്ങളായുള്ള

വസ്തയങ്ങളുണ്ടു പലതരം തത്രൈവ

വസ്ര്തരത്നാദി പരിഭൂഷിതങ്ങളായ്‌

മാനസമോഹനമായ ദിവ്യസ്ഥലം

മാനുഷവർജ്ജിതം ദേവഗേഹോപമം

തത്ര ഗേഹേ മണികാഞ്ചനവിഷ്ടരേ

ചിത്രാകൃതിപൂണ്ടു കണ്ടാരൊരുത്തിയെ

യോഗം ധരിച്ചു ജടാവൽക്കലം പൂണ്ടു

യോഗിനി നിശ്ചലധ്യാനനിരതയായ്‌

പാവകജ്വാലാസമാഭ കലർന്നതി- 1500

പാവനയായ മഹാഭാഗയെക്കണ്ടു

തൽക്ഷണേ സന്തോഷപൂർണ്ണമനസ്സൊടു

ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ

ശാഖാമൃഗങ്ങളെക്കണ്ടു മോദംപൂണ്ടു

യോഗിനിതാനുമവരോടു ചൊല്ലിനാൾ;

“നിങ്ങളാരാകുന്നതെന്നു പറയേണ-

മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം

എങ്ങനെ മാർഗ്ഗമറിഞ്ഞവാറെന്നതു-

മെങ്ങിനിപ്പോകുന്നതെന്നും പറയണം”

എന്നിവ കേട്ടോരു വായുതനയനും 1510

നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാൻഃ

“വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ

സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ.

ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-

ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ

തത്രൈവ വാണു ദശരഥനാം നൃപൻ

പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേർ

നാരായണസമൻ ജ്യേഷ്‌ഠനവർകളിൽ

ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും

താതാജ്ഞയാ വനവാസാർത്ഥമായവൻ 1520

ഭ്രാതാവിനോടും ജനകാത്മജയായ

സീതയാം പത്നിയോടും വിപിനസ്ഥലേ

മോദേന വാഴുന്നകാലമൊരുദിനം

ദുഷ്ടനായുള്ള ദശാസ്യനിശാചരൻ

കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയേ

രാമനും ലക്ഷ്മണനാകുമനുജനും

ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ

അർക്കാത്മജനായ സുഗ്രീവനെക്കണ്ടു

സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌

എന്നതിന്നഗ്രജനാകിയ ബാലിയെ- 1530

ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ

ശ്രീരാമനു, മതിൻ പ്രത്യുപകാരമാ-

യാരാഞ്ഞു സീതയെക്കണ്ടുവരികെന്നു

വാനരനായകനായ സുഗ്രീവനും

വാനരന്മാരെയയച്ചിതെല്ലാടവും;

ദക്ഷിണദിക്കിലന്വേഷിപ്പതിനൊരു-

ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും

ഓഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു

മോഹേന ഗഹ്വരംപുക്കിതറിയാതെ

ദൈവവശാലിവിടെപ്പോന്നു വന്നിഹ 1540

ദേവിയെക്കാണായതും ഭാഗ്യമെത്രയും!

ആരെന്നതും ഞങ്ങളേതുമറിഞ്ഞീല

നേരെയരുൾചെയ്‌കവേണമതും ശുഭേ!”

യോഗിനിതാനുമതു കേട്ടവരോടു

വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾഃ

“പക്വഫലമൂലജാലങ്ങളൊക്കവേ

ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌

ബുദ്ധിതെളിഞ്ഞു വരുവിനെന്നാൽ മമ

വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ”

എന്നതു കേട്ടവർ മൂലഫലങ്ങളും 1550

നന്നായ്‌ ഭുജിച്ചു മധുപാനവും ചെയ്തു

ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു

ബദ്ധാഞ്ജലിപൂണ്ടു നിന്നോരനന്തരം

ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി

മാരുതിയോടു പറഞ്ഞു തുടങ്ങിനാൾഃ

“വിശ്വവിമോഹനരൂപിണിയാകിയ

വിശ്വകർമ്മാത്മജ ഹേമാ മനോഹരീ

നൃത്തഭേദംകൊണ്ടു സന്തുഷ്ടനാക്കിനാൾ

മുഗ്‌ദ്ധേന്ദുശേഖരൻ തന്നെ, യതുമൂലം

ദിവ്യപുരമിദം നൽകിനാനീശ്വരൻ 1560

ദിവ്യസംവത്സരാണാമയുതായുതം

ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ

തത്സഖി ഞാനിഹ നാംനാ സ്വയംപ്രഭാ

സന്തതം മോക്ഷമപേക്ഷിച്ചിരിപ്പോരു-

ഗന്ധർവ്വപുത്രി സദാ വിഷ്ണുതൽപരാ

ബ്രഹ്‌മലോകം പ്രവേശിച്ചിതു ഹേമയും

നിർമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾഃ

‘സന്തതം നീ തപസ്സും ചെയ്തിരിക്കെടോ!

ജന്തുക്കളത്ര വരികയുമില്ലല്ലോ

ത്രേതായുഗേ വിഷ്ണു നാരായണൻ ഭൂവി 1570

ജാതനായീടും ദശരഥപുത്രനായ്‌

ഭൂഭാരനാശനാർത്ഥം വിപിണനസ്ഥലേ

ഭൂപതി സഞ്ചരിച്ചീടും ദശാന്തരേ

ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-

ക്രൂരനായീടും ദശാനനനക്കാലം

ജാനകീദേവിയെയന്വേഷണത്തിനായ്‌

വാനരന്മാർ വരും നിൻഗുഹാമന്ദിരേ,

സൽക്കരിച്ചീടവരെ പ്രീതിപൂണ്ടു നീ

മർക്കടന്മാർക്കുപകാരവും ചെയ്തു പോയ്‌

ശ്രീരാമദേവനെക്കണ്ടു വണങ്ങുക 1580

നാരായണസ്വാമിതന്ന രഘൂത്തമൻ

ഭക്ത്യാ പരനെ സ്തുതിച്ചാൽ വരും തവ

മുക്തിപദം യോഗിഗമ്യം സനാതനം

ആകയാൽ ഞാനിനി ശ്രീരാമദേവനെ

വേഗേന കാണ്മതിന്നായ്‌ക്കൊണ്ടു പോകുന്നു.

നിങ്ങളെ നേരെ പെരുവഴികൂട്ടുവൻ

നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ”

ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ

സത്വരം പൂർവസ്ഥിതാടവി പുക്കിതു

ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ 1590

പദ്ധതിയൂടേ നടന്നുതുടങ്ങിനാർ.

Generated from archived content: ramayanam48.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here