‘അങ്ങിനെതന്നെ പുറപ്പെടുകെങ്കിൽ നാ-
മിങ്ങിനിപ്പാർക്കയില്ലെ’ന്നു സുഗ്രീവനും
തേരിൽ കരേറിസുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്രനീലാംഗദാദ്യൈരല-
മഞ്ജസാ വാരസേനയോടും തദാ
ചാമരശ്വേതാതപത്രവ്യജനവും 1330
സാമരസൈന്യനാഖണ്ഡലനെപ്പോലെ
രാമൻ തിരുവടിയെച്ചെന്നു കാണ്മതി-
ന്നാമോദമോടു നടന്നു കപിവരൻ.
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
ശ്യാമം ജടാമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
ശാന്തം മൃദുസ്മിതചാരുമുഖാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
കാന്തം മൃഗപക്ഷിസഞ്ചയസേവിതം 1340
ദാന്തം മുദാ കണ്ടു ദൂരാൽ കപിവരൻ
തേരിൽനിന്നാശു താഴത്തിറങ്ങീടിനാൻ
വീരനായോരു സൗമിത്രിയോടും തദാ.
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ചഭക്ത്യാ നമസ്‌കരിച്ചീടിനാൻ
ശ്രീരാമദേവനും വാനരവീരനെ-
ക്കാരുണ്യമോടു ഗാഢം പുണർന്നീടിനാൻ
സൗഖ്യമല്ലീ ഭവാനെന്നുരചെയ്തുട-
നൈക്യഭാവേന പിടിച്ചിരുത്തീടിനാൻ
ആതിഥ്യമായുള്ള പൂജയും ചെയ്തള-
വാദിത്യപുത്രനും പ്രീതിപൂണ്ടാൻ തുലോം. 1350
സീതാന്വേഷണം
ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണർത്തിച്ചിതന്നേരംഃ
“വന്നുനിൽക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ.
തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കൊരു
മർക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവർ
നാനാ സരിദ്ദ്വീപശൈലനിവാസികൾ
പർവതതുല്യശരീരികളേവരു- 1360
മൂർവീപതേ! കാമരൂപികളെത്രയും
ഗർവം കലർന്ന നിശാചരന്മാരുടെ
ദുർവീര്യമെല്ലാമടക്കുവാൻ പോന്നവർ
ദേവാംശസംഭവന്മാരിവരാകയാൽ
ദേവാരികളെയൊടുക്കുമിവരിനി.
കേചിൽ ഗജബലന്മാരിതിലുണ്ടുതാൻ
കേചിദ്ദശഗജശക്തിയുള്ളോരുണ്ടു,
കേചിദമിതപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോല്പല രൂപികൾ 1370
കേചിൽ കനകസമാനശരീരികൾ
കേചന രക്താന്തനേത്രം ധരിച്ചവർ
കേചന ദീർഗ്‌ഘവാലന്മാരഥാപരേ
ശുദ്ധസ്‌ഫടികസങ്കാശശരീരികൾ
യുദ്ധവൈദഗ്‌ദ്ധ്യമിവരോളമില്ലാർക്കു
നിൻകഴൽപ്പങ്കജത്തിങ്കലുറച്ചവർ
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദല പക്വാശനന്മാരായ്
ശീലഗുണമുള്ള വാനരന്മാരിവർ
താവകാജ്ഞാകാരികളെന്നു നിർണ്ണയം 1380
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജാംബവാൻ
പുഷ്‌കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരൻ മഹാസത്വപരാക്രമൻ
ഗന്ധവാഹാത്മജനീശാംശസംഭവൻ.
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഗ്‌ഘ-
വാലധി പൂണ്ടവൻ മൈന്ദൻ വിവിദനും
കേസരി മാരുതിതാതൻ മഹാബലി 1390
വീരൻ പ്രമാഥി ശരഭൻ സുഷേണനും
ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ
ശ്വേതൻ വലീമുഖനും ഗന്ധമാദനൻ
താരൻ വൃഷഭൻ നളൻ വിനതൻ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാർ
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ.
വേണുന്നതെന്തെന്നിവരോടരുൾചെയ്‌ക
വേണമെന്നാലിവർ സാധിക്കുമൊക്കവേ”
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ 1400
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു-
മന്തർഗ്ഗതമരുൾചെയ്തിതു സാദരംഃ
“മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയ-
മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ
ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!”
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
“നൂറായിരം കപിവീരന്മാർ പോകണ- 1410
മോരോ ദിശി പടനായകന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാർ പലരും പോയ്‌ത്തിരയണം
അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും
തുംഗൻ നളനും ശരഭൻ സുഷേണനും
വാതാത്മജൻ ശ്രീഹനൂമാനുമായ്‌ചെന്നു
ബാധയൊഴിഞ്ഞുടൻ കണ്ടുവന്നീടണം
അത്ഭുതഗാത്രിവെ നീളെത്തിരഞ്ഞിങ്ങു
മുപ്പതുനാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ 1420
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരൻതന്നാണെ നിർണ്ണയം”
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാൻ
രാഘവൻതന്നെത്തൊഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാൻ
ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴുതിതു വായുതനയനും
അപ്പോളവനെ വേറേ വിളിച്ചാദരാ- 1430
ലത്ഭുതവിക്രമൻതാനുമരുൾചെയ്തുഃ
“മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകികൈയിൽ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിക്കുള്ളിൽ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ-
യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം”
പിന്നെയടയാളവാക്കുമരുൾചെയ്ത
മന്നവൻ പോയാലുമെന്നയച്ചീടിനാൻ
ലക്ഷ്മീഭഗവതിയാകിയ സീതയാം 1440
പുഷ്‌കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണൻ വാഴുന്ന
ദക്ഷിണദിക്കു നോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്‌കരസംഭവപുത്രനും നീലനും
പുഷ്‌കരബാന്ധവശിഷ്യനും മറ്റുള്ള
മർക്കടസേനാപതികളുമായ് ദ്രുതം
നാനാനഗ നഗരഗ്രാമദേശങ്ങൾ
കാനനരാജ്യപുരങ്ങളിലും തഥാ
തത്രതത്രൈവ തിരഞ്ഞു തിരഞ്ഞെതി- 1450
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
ഘോരമൃഗങ്ങളെയും കൊന്നുതിന്നതി
ക്രൂരനായോരു നിശാചരവീരനെ
കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്‌ഠനെന്നോർത്തു കപിവരന്മാരെല്ലാം
നിഷ്‌ഠൂരമായുള്ള മുഷ്ടിപ്രഹാരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാർ
പങ്‌ക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവർ. 1460
Generated from archived content: ramayanam47.html Author: ezhuthachan