അഗ്രജന്മാജ്ഞയാ സൗമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ
കിഷ്‌കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മർക്കടജാതികളെന്നു തോന്നുംവണ്ണം
വിജ്ഞാനമൂർത്തി സർവ്വജ്ഞനനാകുല-
നജ്ഞാിയായുള്ള മാനുഷനെപ്പോലെ
ദുഃഖസുഖാദികൾ കൈക്കൊണ്ടു വർത്തിച്ചു
ദുഷ്‌കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ
മുന്നം ദശരഥൻ ചെയ്ത തപോബലം-
തന്നുടെ സിദ്ധി വരുത്തിക്കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂർത്തി ജഗന്മമനീശ്വരൻ
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുതമാകയാൽ
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ച കല്പിച്ചു
സർവ്വജഗന്മായാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ്മാനുഷവ്യാപാരജാതയാം
രാമായണാഭിധാമാനന്ദദായിനീം
സൽക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവേ
വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ
തത്തൽക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ
സത്വാദികളാം ഗുണങ്ങളിൽ താനനു-
രക്തനെപ്പോലെ ഭവിക്കുന്നു നിർഗ്ഗുണൻ
വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ
വിജ്ഞാനശക്തിമാനവ്യക്തനദ്വയൻ
കാമാദികളാലവിലിപ്തനവ്യയൻ
വ്യോമദ്വ്യാപ്തനനന്തനനാമയൻ
ദിവ്യമുനീശ്വരന്മാർ സനകാദികൾ
സർവ്വാത്മകനെച്ചിലരറിഞ്ഞീടുവോർ
നിർമ്മലാത്മക്കളായുള്ള ഭക്തന്മാർക്കു
സമ്യക്‌പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ.
കിഷ്‌കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞ്ഞാണൊലിയിട്ടിതു
മർക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകില ശബ്ദം പരവശാൽ
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയിൽ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലുകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തൽക്ഷണമംഗദനോടിവന്നീടിനാൻ
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്‌ച്ചെന്നു നമസ്‌കരിച്ചീടിനാൻ
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോദം സുമിത്രാത്മജൻ ചൊല്ലിനാൻഃ
“ഗച്ഛ വത്സ! ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്‌ക്കുമെന്നാശു നീ.
ഇച്ഛയായുള്ളതു ചെയ്ത മിത്രത്തെ വ-
ഞ്ചിച്ചാലനർത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുൾചെയ്തു
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ.
അഗ്രജമാർഗ്ഗം ഗമിക്കേണമെന്നുണ്ടൂ
സുഗ്രീവനുൾക്കാമ്പിലെങ്കിലതേ പോരും
എന്നരുൾ ചെയ്തതു ചെന്നു പറകെ”ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻഃ
“കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗ,ത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നാപത്തതല്ലായ്‌കിലുണ്ടായ്‌വരും ദൃഢം”
സന്ത്രസ്തനായി സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതിതന്നോടു
ചിന്തിച്ചു ചൊല്ലിനാ “നംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുത്രാതനയനെ”
മാരുതിയെപ്പറഞ്ഞേവമയച്ചകഥ
താരയോടർക്കാത്മജൻ പറഞ്ഞീടിനാൻഃ
“താരാധിപാനനേ! പോകേണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണൻതന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാൽ, പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം”
ഇത്ഥമർക്കാത്മജൻവാക്കുകൾ കേട്ടവൾ
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ
താരാതനയനും മാരുതിയും കൂടി
ശ്രിരാമസോദരൻതന്നെ വണങ്ങിനാർ.
ഭക്ത്യാ കുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻഃ
“എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളേയും നഗരാഭയും
രാജാവു സുഗ്രീവനേയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം”
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു.
യൂഥപന്മാർ മരുവീടും മണിമയ-
സൗധങ്ങളും പുരീശോഭയും കണ്ടുക-
ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാം ചെന്നു
മാനിച്ചുനിന്നനേരത്തു കാണായ്‌വന്നു
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനീ സുന്ദരീ
ലക്ഷ്മീസമാനയായ് നിൽക്കുന്ന,തന്നേരം
ലക്ഷ്മണൻതന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതംപൂണ്ടു ചൊന്നാളഹോ “തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ-
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം.
മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൗഖ്യം കലർന്നവൻ
വാണാനതും വിപരീതമാക്കീടായ്‌ക-
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവൻ
പത്തുസഹസ്രം ദൂതന്മാരെ വിട്ടിതു,
പത്തു ദിക്കീന്നും കപികുലപ്രൗഢരും
വന്നുനിറഞ്ഞതു കാൺകിവിടെ, പ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ
ശക്തരത്രേ കപിസത്തമന്മാരെല്ലാം
പുത്രകളത്രമിത്ര്വാന്വിതനാകിയ
ഭൃതയനാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും”.
താരാവചനമേവം കേട്ടു ലക്ഷ്മണൻ
പാരാതെ ചെന്നു സുഗ്രീവനേയും കണ്ടു
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു.
മത്തനായ് വിഹ്വലിതേക്ഷണനാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ
മിത്രാത്മജനോടു ചൊല്ലിനാൻ “നീ രഘു-
സത്തമൻതന്നെ മറന്നതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്നശരമാര്യ-
പുത്രൻകരസ്ഥിതമെന്നുമറിക നീ.
അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു”
ഇത്തരം സൗമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുതപുത്രനും ചൊല്ലിനാൻഃ
“ഇത്ഥമരുൾചെയ്‌വതിനെന്തു കാരണം?
ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി-
സത്തമനോർക്കിൽ സുമിത്രാത്മജനിലും,
സത്യവും ലംഘിക്കയില്ല കപീശ്വരൻ.
രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവൻ
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ
വേഗേന നാനാ ദിഗന്തരത്തിങ്കൽ നി-
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കൂ-
മാമയമെന്നിയേ വാനരനായകൻ”
മാരുതി ചൊന്നതു കേട്ടു സൗമിത്രിയു-
മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ
സുഗ്രീവനർഗ്‌ഘ്യപാദ്യാദ്യേന പൂജചെ-
യ്തഇഗഭാഗേ വീണു വീണ്ടും വണങ്ങിനാൻഃ
“ശ്രീരാമദാസോഹമാഹന്ത! രാഘവ-
കാരുണ്യലേശേന രക്ഷിതനദ്യ ഞാൻ.
ലോകത്രയത്തെ ക്ഷണാർത്ഥമാത്രം ഞങ്ങ-
ളേവരും തന്നിയോഗത്തെ വഹിക്കുന്നു”
അർക്കാത്മജൻമൊഴി കേട്ടു സൗമിത്രിയു-
മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻഃ
“ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു-
മൊക്ക ക്ഷമിക്ക മഹാഭാഗനല്ലോ നീ.
നിങ്കൽ പ്രണയമധികമുണ്ടാകയാൽ
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
വൈകാതെ പോക വനത്തിനു നാമിനി
രാഘവൻ താനേ വസിക്കുന്നിതുമെടോ!”
Generated from archived content: ramayanam46.html Author: ezhuthachan