ക്രിയാമാർഗ്ഗോപദേശം

“കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി-

നോർക്കിലവസാനമില്ലെന്നറിക നീ.

എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു

നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ.

തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ

മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ

ആചാര്യനോടു മന്ത്രം കേട്ടു സാദര-

മാചാര്യപൂർവമാരാധിക്ക മാമെടോ.

ഹൃൽക്കമലത്തിങ്കലാകിലുമാം പുന-

രഗ്നിഭഗവാങ്കലാകിലുമാമെടോ.

മുഖ്യപ്രതിമാദികളിലെന്നാകിലു-

മർക്കങ്കലാകിലുമപ്പി ങ്കലാകിലും

സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-

മുണ്ടെങ്കിലോ പുനരുത്തമമെത്രയും.

വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ-

ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി

കാലേ കളിക്കവേണം ദേഹശുദ്ധയേ.

മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം

നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ.

ശുദ്ധ്യർത്ഥമായ്‌ ചെയ്‌ക സങ്കല്പമാദിയെ.

ആചാര്യനായതു ഞാനെന്നു കല്പിച്ചു

പൂജിക്ക ഭക്തിയോടെ ദിവസംപ്രതി

സ്നാപനം ചെയ്‌ക ശിലയാം പ്രതിമാസു

ശോഭനാർത്ഥം ചെയ്‌കവേണം പ്രമാർജ്ജനം

ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ

ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.

മുഖ്യപ്രതിമാദികളിലലംകാര-

മൊക്കെ പ്രസാദമെനിക്കെന്നറിക നീ

അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര-

ലർക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ

മുമ്പിലേ സർവ്വപൂജാദ്രവ്യമായവ

സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ

ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും

ഭക്തനായുള്ളവൻ തന്നാലതിപ്രിയം

ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-

ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?

വസ്ര്താജിനകശാദ്യങ്ങളാലാസന-

മുത്തമമായതു കല്പിച്ചുകൊള്ളണം

ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു-

ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം

ചെയ്‌ക തത്വന്യാസവും ചെയ്തു സാദരം

തന്നുട മുമ്പിൽ വാമേ കലശം വെച്ചു

ദക്ഷിണഭാഗേ കുസുമാദികളെല്ലാ-

മക്ഷതഭക്ത്യൈവ സംഭരിച്ചീടണം

അർഗ്‌ഘ്യപാദ്യപ്രദാനാർത്ഥമായും മധു-

പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ

പാത്രചതുഷ്ടയവും വെച്ചുകൊള്ളണം

പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ

മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം

ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം

പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-

മെന്നുറയ്‌ക്കേണമിളക്കവും കൂടാതെ

ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം

ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം

പാദ്യവുമർഗ്‌ഘ്യം തഥാ മധുപർക്കമി-

ത്യാദ്യൈഃ പുനഃ സ്നാനവസ്ര്തവിഭൂഷണൈഃ

എത്രയുണ്ടുള്ളതുപചാരമെന്നാല-

തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ

ആഗമോക്തപ്രകാരേണ നീരാജനൈ-

ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈഃ

ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ

ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.

ഹോമമഗസ്തേ​‍്യാക്തമാർഗ്ഗകുണ്ഡാനലേ?

മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ

ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ

ചിത്തതാരിങ്കൽ നിനയ്‌ക്ക കുമാര! നീ.

ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ

സോപാധിനാ ചെയ്‌ക ഹോമം മഹാമതേ!

തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം

ദീപ്താഭരണവിഭൂഷിതം കേവലം

മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക

ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ

പാരിഷദാനാം ബലിദാനവും ചെയ്തു

ഹോമശേഷത്തെ സമാപയന്മന്ത്രവിൽ

ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌

വക്ത്രവാസം നാഗവല്ലീദലാദിയും

ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം

നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു

പാദാംബുജേ നമസ്‌കാരവും ചെയ്തുടൻ

ചേതസി മാമുറപ്പിച്ചു വിനീതനായ്‌

മദ്ദത്തമാകും പ്രസാദത്തെയും പുന-

രുത്തമാംഗേ നിധായാനന്ദപൂർവകം

‘രക്ഷ മാം ഘോരസംസാരാ’ദിതി മുഹു-

രുക്ത്വാ നമസ്‌കാരവും ചെയ്തനന്തരം

ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക-

ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!

ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ

നിത്യമേവം ക്രിയായോഗമനുഷ്‌ഠിക്കിൽ

ദേഹനാശേ മമ സാരൂപ്യവും വരു-

മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?

ഇത്ഥം മയോക്തം ക്രിയായോഗമുത്തമം

ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്‌കിലോ

നിത്യപൂജാഫലമുണ്ടവനെ”ന്നതും

ഭക്തപ്രിയനരുൾചെയ്താനതുനേരം.

ശേഷാംശജാതനാം ലക്ഷ്മണൻതന്നോട-

ശേഷമിദമരുൾചെയ്തോരനന്തരം

മായാമയനായ നാരായണൻ പരൻ

മായാമവലംബ്യ ദുഃഖം തുടങ്ങിനാൻഃ

“ഹാ! ജനകാത്മജേ! സീതേ! മനോഹരേ!

ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!”

ഏവമാദിപ്രലാപം ചെയ്തു നിദ്രയും

ദേവദേവന്നു വരാതെ ചമഞ്ഞിതു

സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു

സൗമുഖ്യമോടു മരുവും ചിലനേരം.

ഹനൂമൽസുഗ്രീവസംവാദം

ഇങ്ങനെ വാഴുന്ന കാലമൊരുദിന-

മങ്ങു കിഷ്‌കിന്ധാപുരത്തിങ്കൽ വാഴുന്ന

സുഗ്രീവനോടു പറഞ്ഞു പവനജ-

നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണംഃ

“കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം

വാക്കുകൾ ഞാൻ പറയുന്നവ സാദരം.

നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ

മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ.

പിന്നെ നീയോ നിരൂപിച്ചീലതേതുമെ-

ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.

ബാലി മഹാബലവാൻ കപിപുംഗവൻ

ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ

നിന്നുടെമൂലം മരിച്ചു ബലാ, ലവൻ

മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു

രാജ്യാഭിഷേകവും ചെയ്തു മഹാജന-

പൂജ്യനായ്താരയുമായിരുന്നീടു നീ.

എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും

ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.

അദ്യ വാ ശ്വോ വാ പരശ്വോഥ വാ* തവ

മൃത്യു ഭവിക്കുമതിനില്ല സംശയം

പ്രത്യുപകാരം മറക്കുന്ന പുരുഷൻ

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പർവതാഗ്രേ നിജ സോദരൻതന്നോടു-

മൂർവീശ്വരൻ പരിതാപേന വാഴുന്നു

നിന്നെയും പാർത്തു, പറഞ്ഞ സമയവും

വന്നതും നീയോ ധരിച്ചതില്ലേതുമേ.

വാനരഭാവേന മാനിനീസക്തനായ്‌

പാനവും ചെയ്തു മതിമറന്നന്വഹം

രാപ്പകലുമറിയാതേ വസിക്കുന്ന

കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.

അഗ്രജനായ ശക്രാത്മജനെപ്പോലെ

നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം.”

അഞ്ജനാനന്ദൻതന്നുടെ വാക്കു കേ-

ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും

ഉത്തരമായവൻതന്നോടു ചൊല്ലിനാൻഃ

“സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം.

ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ

സത്വരമെന്നുടെയാജ്ഞയോടും ഭവാൻ

പത്തുദിക്കിങ്കലേക്കുമയച്ചീടണം,

സപ്തദ്വീപസ്ഥിതന്മാരായ വാനര-

സത്തമന്മാരെ വരുത്തുവാനായ്‌ ദ്രുതം

നേരെ പതിനായിരം കപിവീരെ-

പ്പാരാതയയ്‌ക്ക സന്ദേശപറത്തെ

പക്ഷതിനുള്ളിൽ വരേണം കപികുലം

പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ

വദ്ധനവനതിനില്ലൊരു സംശയം

സത്യം പറഞ്ഞാലിളക്കമില്ലേതുമേ.”

അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു

മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ

ഭർത്തൃനിയോഗം പുരസ്‌കൃത്യ മാരുത-

പുത്രനും വാനരസത്തമന്മാരെയും

പത്തു ദിക്കിന്നുമയച്ചാനഭിമത-

ദത്തപൂർവ്വം, കപീന്ദ്രന്മാരുമന്നേരം

വായുവേഗപ്രചാരേണ കപികുല-

നായകന്മാരെ വരുത്തുവാനായ്‌ മുദാ

പോയിതു ദാനമാനാദി തൃപ്തത്മനാ

മായാമനുഷ്യകാര്യാർത്ഥമതിദ്രുതം.

ശ്രീരാമന്റെ വിരഹതാപം

രാമനും പവർതമൂർദ്ധനി ദുഃഖിച്ചു

ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ

താപേന ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻഃ

“പാപമയ്യോ! മമ! കാൺക! കുമാര! നീ.

ജാനകീദേവി മരിച്ചിതോ കുത്രചിൽ

മാനസതാപേന ജീവിച്ചിരിക്കയോ?

നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ.

കശ്ചിൽ പുരുഷനെന്നോടു സംപ്രിതനായ്‌

ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകിൽ

കേവലമെത്രയുമിഷ്ടനവൻ മമ.

എങ്ങാനുമുണ്ടിരിക്കുന്നതെന്നാകിൽ ഞാ-

നിങ്ങു ബലാൽ കൊണ്ടുപോരുവൻ നിർണ്ണയം.

ജനാകീദേവിയെക്കട്ട കള്ളൻതന്നെ

മാനസകോപേന നഷ്ടമാക്കീടുവൻ.

വംശവും കൂടെയൊടുക്കുന്നതുണ്ടൊരു

സംശയമേതുമിതിനില്ല നിർണ്ണയം.

എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന

നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!

ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം

ചന്ദ്രനുമാദിത്യനെപ്പോലെയായിതു.

ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു

മന്ദമന്ദം തലോടിത്തലോടിത്തദാ

വന്നാ തടവീടുകെന്നെയും സാദരം

നിന്നുടെ ഗോത്രജയല്ലോ ജനകജ.

സുഗ്രീവനും ദയാഹീനനത്രേ തുലോം

ദുഃഖിതനാമെന്നെയും മറന്നാനല്ലോ

നിഷ്‌കണ്ടകം രാജ്യമാശു ലഭിച്ചവൻ

മൈക്കണ്ണിമാരോടുകൂടി ദിവാനിശം

മദ്യപാനാസക്തചിത്തനാം കാമുകൻ

വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ!

വന്നു ശരൽക്കാലമെന്നതുകണ്ടവൻ

വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ!

അന്വേഷണംചെയ്തു സീതാധിവാവു-

മിന്നേടമെന്നറിഞ്ഞീടുവാനായവൻ.

പൂർവ്വോപകാരിയാമെന്നെ മറക്കയാൽ

പൂർവ്വനവൻ കൃതഘ്‌നന്മാരിൽ നിർണ്ണയം

ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന

ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ.

കിഷ്‌കിന്ധയോടും ബന്ധുക്കളോടും കൂടെ

മർക്കടശ്രേഷ്‌ഠനെ നിഗ്രഹിച്ചീടുവൻ

അഗ്രജമാർഗ്ഗം ഗമിക്കേണമിന്നിനി-

സ്സുഗ്രീവനുമതിനില്ലൊരു സംശയം”.

ഇത്ഥമരുൾചെയ്ത രാഘവനോടതി-

ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാൻഃ

“വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം

ഹത്വാ വിടകൊൾവനദ്യ തവാന്തികം

ആജ്ഞാപയാശു മാ”മെന്നു പറഞ്ഞിതു

പ്രാജ്ഞനായോരു സുമിത്രാതനയനും

ആദായ ചാപതൂണീരഖഡ്‌ഗങ്ങളും

ക്രോധേന ഗന്തുമഭ്യുദ്യതം സോദരം

കണ്ടു രഘുപതി ചൊല്ലിനാൻ പിന്നെയു-

“മുണ്ടൊന്നു നിന്നോടിനിയും പറയുന്നു

ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി

കിന്തു ഭയപ്പെടുതീടുകെന്നേ വരൂ.

‘ബാലിയെപ്പോലെ നിനക്കും വിരവോടു

കാലപുറത്തിന്നു പോകാമറിക നീ’

ഇത്ഥമവനോടു ചെന്നു ചൊന്നാലതി-

നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ

വേഗേന വന്നാലതിന്നനുരൂപമാ-

മാകൂതമോർത്തു കർത്തവ്യമനന്തരം”.

Generated from archived content: ramayanam45.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here