സുഗ്രീവരാജ്യാഭിഷേകം

സുഗ്രീവനോടരുൾചെയ്താനനന്തര-

“മഗ്രജപുത്രനാമംഗദൻതന്നെയും

മുന്നിട്ടു സംസ്‌കാരമാദികർമ്മങ്ങളെ-

പ്പുണ്യാഹപര്യന്തമാഹന്ത ചെയ്‌ക നീ”

രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-

മാമോദപൂർവമൊരുക്കിത്തുടങ്ങിനാൻ.

സൗമ്യയായുള്ളോരു താരയും പുത്രനും

ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും

പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം

ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും

ശാസ്‌ത്രോക്തമാർഗ്ഗേണ കർമ്മം കഴിച്ചഥ

സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ

മന്ത്രികളോടും പ്രണമ്യ പാദാംബുജ-

മന്തർമ്മുദാ പറഞ്ഞാൻ കപിപുംഗവൻഃ

“രാജ്യത്തെ രക്ഷിച്ചുകൊൾകവേണമിനി

പൂജ്യനാകും നിന്തിരുവടി സാദരം.

ദാസനായുള്ളോരടിയനിനിത്തവ-

ശാസനയും പരിപാലിച്ചു സന്തതം

ദേവദേവേശ! തേ പാദപത്മദ്വയം

സേവിച്ചുകൊള്ളുവാൻ ലക്ഷമണനെപ്പോലെ”

സുഗ്രീവവാക്കുകളിത്തരം കേട്ടാട-

നഗ്രേ ചിരിച്ചരുൾചെതു രഘൂത്തമൻഃ

“നീ തന്നെ ഞാനതിനില്ലൊരു സംശയം

പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ

രാജ്യാധിപത്യം നിനക്കു തന്നേനിനി-

പ്പൂജ്യനായ്‌ചെന്നഭിഷേകം കഴിക്ക നീ

നൂനമൊരു നഗരം പുകയുമില്ല

ഞാനോ പതിന്നാലു സംവത്സരത്തോളം.

സൗമിത്രി ചെയ്യുമഭിഷേകമാദരാൽ

സാമർത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ

യൗവരാജ്യാർത്ഥമഭിഷേചയ പ്രഭോ!

സർവമധീനം നിനക്കു രാജ്യം സഖേ!

ബാലിയെപ്പോലെ പരിപാലനം ചെയ്തു

ബാലനേയും പരിപാലിച്ചുകൊൾക നീ

അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-

നദ്യപ്രഭൃതി ചാതുർമ്മാസ്യമാകുലാൽ

പിന്നെ വരിഷം കഴിഞ്ഞാലനന്തര-

മന്വേഷണാർത്ഥം പ്രയത്നങ്ങൾ ചെയ്‌ക നീ

തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-

ന്നെന്നോടു ചൊൽകയും വേണം മമ സഖേ!

അത്രനാളും പുരത്തിങ്കൽ വസിക്ക നീ

നിത്യസുഖത്തൊടും ദാരാത്മജൈസ്സമം

രാഘവൻതന്നോടനുജ്ഞയും കൈക്കൊണ്ടു

വേഗേന സൗമിത്രിയോടു സുഗ്രീവനും

ചെന്നു പുരിപുക്കഭിഷേകവും ചെയ്തു

വന്നിതു രാമാന്തികേ സുമിത്രാത്മജൻ

സോദരനോടും പ്രവർഷണാഖ്യേ ഗിരൗ

സാദരം ചെന്നു കരേറീ രഘൂത്തമൻ.

ഉന്നതമൂർദ്ധ്വശിഖരം പ്രവേശിച്ചു

നിന്നനേരമൊരു ഗഹ്വരം കാണായി.

സ്‌ഫാടികദീപ്തി കലർന്നു വിളങ്ങിന

ഹാടകദേശം മണിപ്രവരോജ്ജ്വലം

വാതവരിഷഹിമാതപവാരണം

പാദപവൃന്ദഫലമൂലസഞ്ചിതം

തത്രൈവ വാസായ രോചയാമാസ സൗ-

മിത്രിണാ ശ്രീരാമഭദ്രൻ മനോഹരൻ

സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ

മർത്ത്യവേഷം പൂണ്ട നാരായണൻതന്നെ

പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.

പക്ഷിദ്ധ്വജനെബ്‌ഭജിച്ചു തുടങ്ങിനാർ.

സ്ഥാവരജംഗമജാതികളേവരും

ദേവനെക്കണ്ടു സുഖിച്ചു മരുവിനാർ.

രാഘവൻ തത്ര സമാധിവിരതനാ-

യേകാന്തദേശേ മരുവും ദശാന്തരേ

ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം

രാഘവനോടു ചോദിച്ചരുളീടിനാൻഃ

”കേൾക്കയിലാഗ്രഹം പാരം ക്രിയാമാർഗ്ഗ-

മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!

വർണ്ണാശ്രമികൾക്കു മോക്ഷദംപോലതു

വർണ്ണിച്ചരുൾചെയ്‌കവേണം ദയാനിധേ!

നാരദവ്യാസവിരിഞ്ചാദികൾ സദാ

നാരായണപൂജകൊണ്ടു സാധിക്കുന്നു

നിത്യം പുരുഷാർത്ഥമെന്നു യോഗീന്ദ്രന്മാർ

ഭക്ത്യാ പറയുന്നിതെന്നു കേൾപ്പുണ്ടു ഞാൻ.

ഭക്തനായ്‌ ദാസനായുള്ളോരടിയനു

മുക്തിപ്രദമുപദേശിച്ചരുളേണം

ലോകൈകനാഥ! ഭവാനരുൾചെയ്‌കിലോ

ലോകോപകാരകമാകയുമുണ്ടല്ലോ.

ലക്ഷ്മണനേവമുണർത്തിച്ച നേരത്തു

തൽക്ഷണേ ശ്രീരാമദേവനരുൾചെയ്തുഃ

Generated from archived content: ramayanam44.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English