താരോപദേശം – 2

ആത്മസ്വലിംഗമായോരു മനസ്സിനെ

താൽപര്യമോടു പരിഗ്രഹിച്ചിട്ടല്ലോ

തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-

സ്സത്വാദികളാം ഗുണങ്ങളാൽ ബദ്ധനായ്‌

സേവിക്കയാലവശത്വം കലർന്നതു

ഭാവിക്കകൊണ്ടു സംസാരേ വലയുന്നു

ആദൗ മനോഗുണാൻ സൃഷ്ട്വാ തതസ്തദാ

വേദം വിധിക്കും ബഹുവിധകർമ്മങ്ങൾ

ശുക്ലരക്താസിതഭ്ഗതികളാ-

യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌

ഇങ്ങനെ കർമ്മവശേന ജീവൻ ബലാ-

ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു

പിന്നെസ്സമസ്തസംഹാരകാലേ ജീവ-

നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു

തിഷ്‌ഠത്യഭിനിവേശത്താൽ പുനരഥ

സൃഷ്ടികാലേ പൂർവവാസനയാ സമം

ജായതേ ഭൂയോ ഘടീയന്ത്രവൽസദാ

മായാബലത്താലതാർക്കൊഴിമെടോ

യാതൊരിക്കൽ നിജ പുണ്യവിശേഷേണ

ചേതസി സത്സംഗതി ലഭിച്ചീടുന്നു,

മത്ഭക്തനായ ശാന്താത്മാവിനു പുന-

രപ്പോളവന്മതി മദ്വിഷയാ ദൃഢം

ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ

ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ

സൽഗുരുനാഥ പ്രസാദേന മാനസേ

മുഖ്യവാക്യാർത്ഥവിജ്ഞാമുണ്ടായ്‌വരും

ദേഹേന്ദ്രിയ മനഃപ്രാണാദികളിൽ നി-

ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു

സത്യമാനന്ദമേകം പരമദ്വയം

നിത്യം നിരുപമം നിഷ്‌കളങ്കം നിർഗ്ഗുണം

ഇത്ഥമറിയുമ്പോൾ മുക്തനാമപ്പൊഴേ

സത്യം മയോദിതം സത്യം മയോദിതം

യാതൊരുത്തൻ വിചാരിക്കുന്നതിങ്ങനെ

ചേതസി സംസാരദുഃഖമവനില്ല.

നീയും മയാ പ്രോക്തമോർത്തു വിശുദ്ധയാ-

യ്മായാവിമോഹം കളക മനോഹരേ!

കർമ്മബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു

നിർമ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ

ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക

ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു

രൂപവുമേവം നിനക്കു കാട്ടിത്തന്നു

താപമിനിക്കളഞ്ഞാലുമശേഷം നീ

മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊൾകയും

ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം

കൈതവമല്ല പറഞ്ഞതു കേവലം“

ശ്രീരാമവാക്യമാനന്ദേന കേട്ടോരു

താരയും വിസ്മയം പൂണ്ടു വണങ്ങിനാൾ

മോഹമകന്നു തെളിഞ്ഞിതു ചിത്തവും

ദേഹാഭിമാനജദുഃഖവും പോക്കിനാൾ

ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-

യാത്മബോധേന ജീവന്മുക്തയായിനാൾ

മോക്ഷപ്രദനായ രാഘവൻതന്നോടു

കാൽക്ഷണം സംഗമമാത്രേണ താരയും

ഭക്തി മുഴുത്തിട്ടനാദിബന്ധം തീർന്നു

മുക്തയായാളൊരു നാരിയെന്നാകിലും

വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു

സുഗ്രീവനുമിവ കേട്ടോരനന്തരം

അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു

വിജ്ഞാനമോടതി സ്വസ്ഥനായാൻ തുലോം.

Generated from archived content: ramayanam43.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English