“എന്തിനു ശോകം വൃഥാ തവ കേൾക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭർത്താവു ദേഹമോ ജീവനോ
ധന്യേ! പരമാർത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്‌ഠതുല്യം ദേഹമോർക്ക നീ
നിശ്ചയമാത്മാവു ജീവൻ നിരാമയൻ.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്‌കതു നിനച്ചേതുമേ.
നിൽക്കയുമില്ല നടക്കയുമില്ല കേൾ
ദുഃഖവിഷയവുമല്ലതു കേവലം
സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സർവഗൻ ജീവനേകൻ പരനദ്വയ-
നവ്യയനാകാശതുല്യനലേപകൻ
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്വമോർത്തെന്തു ദുഃഖത്തിനു കാരണം?”
രാമവാക്യാമൃതം കേട്ടോരു താരയും
രാമനോടാശു ചോദിച്ചിതു പിന്നെയുംഃ
“നിശ്ചേഷ്ടകാഷ്‌ഠതുല്യം ദേഹമായതും
സച്ചിദാത്മ നിത്യനായതു ജീവനും
ദുഃഖസുഖാദി സംബന്ധമാർക്കെന്നുളള-
തൊക്കെയരുൾചെയ്‌കവേണം ദയാനിധേ!”
എന്നതു കേട്ടരുൾചെയ്‌തു രഘുവരൻഃ
“ധന്യേ രഹസ്യമായുളളതു കേൾക്ക നീ.
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്‌വരും
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാൽ നിർണ്ണയം.
ഓർക്കിൽ മിത്ഥ്യാഭൂതമായ സംസാരവും
പാർക്ക താനേ വിനിവർത്തിക്കയല്ലെടോ!
നാനാവിഷയങ്ങളെദ്ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേൾക്ക നീ.
മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ
സത്യമായുളളതു കേട്ടാലുമെങ്കിലോ
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹംകൃതിക്കാശു തൽക്കാര്യമായ്
സംസാരമുണ്ടാമപാർത്ഥകമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തൽലകൃതബന്ധം ഭവിക്കുന്നു
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്‌ഫടികവും തദ്വർണ്ണമായ്‌വരും
വസ്‌തുതയാ പാർക്കിലില്ല തദ്രഞ്ജനാ
ചിത്തേ നിരൂപിച്ചു കാൺക നീ! സൂക്ഷമമായ്.
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ-
ലെത്തുമാത്മാവിനു സംസാരവും ബലാൽ.
Generated from archived content: ramayanam42.html Author: ezhuthachan