ചെന്നതു ബാലിതൻമാറിൽ തറച്ചള-
വൊന്നങ്ങലറി വീണീടിനാൻ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ.
മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ
മോഹവും തീർന്നു നോക്കീടിനാൻ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ-
പാണിയിൽ ചാപവും ചീരവസനവും
തൂണീരവും മൃദുസ്മേരവദനവും
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കൽ വനമാലയും പൂണ്ടു
ചാർവ്വായതങ്ങളായുളള ഭുജങ്ങളും
ദുർവ്വാദളച്ഛവി പൂണ്ട ശരീ്രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു-
മുണ്ടായ കോപഖേദാകുലചേതസാഃ
“എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?
വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു
രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാൽ കൃതമായതു-
മെന്തു മറ്റെന്നാൽ കൃതമല്ലയാഞ്ഞതും?
രക്ഷോവരൻ തവ പത്നിയെക്കട്ടതി-
നർക്കാത്മജനെശ്‌ശരണമായ് പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ.
ധർമ്മിഷ്‌ഠനെന്നു ഭവാനെ ലോകത്തിങ്കൽ
നിർമ്മലന്മാർ പറയുന്നു രഘുപതേ!
ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്‌തു കൊന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!”
ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ-
ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ;
“ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്
നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ.
പാപിയായോരധർമ്മിഷ്‌ഠനാം നിന്നുടെ
പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ
നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി;
താപമവർക്കതിനാലെ വരുമല്ലോ.
മര്യാദ നീക്കി നടക്കുന്നവർകളെ-
ശ്‌ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ
ധർമ്മസ്ഥിതി വരുത്തും ധരണീതലേ
നിർമ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്‌ക്കൊണ്ടു
ലോകപാലകന്മാർ നടക്കുമെല്ലാടവും.
ഏറെപ്പറഞ്ഞുപോകായ്‌കവരോ,ടതും
പാപത്തിനായ്‌വരും പാപികൾക്കേറ്റവും.”
ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും
രാമനെ നാരായണനെന്നറിഞ്ഞുടൻ
താമസഭാവമകന്നു സസംഭ്രമം
ഭക്ത്യാ നമസ്‌കൃത്യ വന്ദിച്ചു ചൊല്ലിനാ-
നിത്ഥം “മമാപരാധം ക്ഷമിക്കേണമേ!
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ!
നാരായണൻ നിന്തിരുവടി നിർണ്ണയം.
ഞാനറിയാതെ പറഞ്ഞതെല്ലാം തവ
മാനസേ കാരുണ്യമോടും ക്ഷമിക്കണം.
നിന്തിരുമേനിയും കണ്ടുകണ്ടാശു നി-
ന്നന്തികേ താവകമായ ശരമേറ്റു
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന-
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും!
സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം
മോക്ഷപ്രദം തവ ദർശനം ശ്രീപതേ!
നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ
സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ
സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം-
കൊണ്ടു മരിപ്പാനവകാശമിക്കാലം
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി-
തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ!
നാരായണൻ നിന്തിരുവടി ജാനകി
താരിൽമാതാവായ ലക്ഷമീഭഗവതി
പങ്‌ക്തി കണ്‌ഠൻതന്നെ നിഗ്രഹിപ്പാനാശു
പങ്‌ക്തിരഥാത്മജനായ് ജനിച്ചു ഭവാൻ
പത്മജൻ മുന്നമർത്ഥിക്കയാലെന്നതും
പത്മവിലോചന ഞാനറിഞ്ഞീടിനേൻ.
നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു-
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!
എന്നോടു തുല്യബലനാകുമംഗദൻ-
തന്നിൽ തിരുവുളളമുണ്ടായിരിക്കണം.
അർക്കതനയനുമംഗദബാലനു-
മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ!
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ-
യൻപോടു മെല്ലെത്തലോടുകയും വേണം.”
എന്നതു കേട്ടു രഘൂത്തമൻ ബാണവും
ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ.
മാനവവീരൻ മുഖാംബുജവും പാർത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും,
യോഗീന്ദ്രവൃന്ദദുരാപമായുളെളാരു
ലോകം ഭഗവൽപദം ഗമിച്ചീടിനാൻ.
രാമനായോരു പരമാത്മനാ ബാലി
രാമപാദം പ്രവേശിച്ചോരനന്തരം
മർക്കടൗഘം ഭയത്തോടോടി വേഗേന
പുക്കിതു കിഷ്‌കിന്ധയായ പുരാജിരേ
ചൊല്ലിനാർ താരയോടാശു കപികളുംഃ
“സ്വർല്ലോകവാസിയായ് വന്നു കപീശ്വരൻ
ശ്രീരാമസായകമേറ്റു രണാജിരേ,
താരേ! കുമാരനെ വാഴിക്ക വൈകാതെ.
ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു
ഗോപിച്ചു കൊൾക കിഷ്‌കിന്ധാമഹാപുരം.
മന്ത്രികളോടു നിയോഗിക്ക നീ പരി-
പന്ഥികളുളളിൽ കടക്കാതിരിക്കണം.”
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോല വീഴുന്ന കണ്ണുനിരും വാർത്തു
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്‌ഗദവാചാ പറഞ്ഞു പലതരംഃ
“എന്തിനെനിക്കിനി പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ?
ഭർത്താവുതന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ.”
ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന
ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു
പുത്രനോടും കൂടെയേറ്റം വിവശയായ്
വീണിതു ചെന്നു പാദാന്തികേ താരയും,
കേണുതുടങ്ങിനാൾ പിന്നെപ്പലതരംഃ
“ബാണമെയ്‌തെന്നയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!
എന്നെപ്പതിയോടുകൂടെയയയ്‌ക്കിലോ
കന്യകാദാനഫലം നിനക്കും വരും.
ആരയനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജദുഃഖം രഘുപതേ!
വ്യഗ്രവും തീർത്തു രുമയുമായ് വാഴ്‌ക നീ
സുഗ്രീവ! രാജ്യഭോഗങ്ങളോഷും ചിരം.”
ഇത്ഥം പറഞ്ഞു കരയുന്ന താരയോ-
ടുത്തരമായരുൾചെയ്‌തു രഘുവരൻ
തത്ത്വജ്ഞഞ്ഞാനോപദേശന കാരുണ്യേന
ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ.730
Generated from archived content: ramayanam41.html Author: ezhuthachan