ബാലിവധം

വൃത്രാരിപുത്രനെ യുദ്ധത്തിനായ്‌ക്കൊണ്ടു

മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും.

ക്രൂദ്ധനായ്‌ നിന്നു കിഷ്‌കിന്ധാപുരദ്വാരി

കൃത്വാ മഹാസിംഹനാദം രവിസുതൻ

ബദ്ധരോഷം വിളിക്കുന്ന നാദം തദാ

ശ്രുത്വാതിവിസ്മിതനായോരു ബാലിയും

ബദ്ധ്വാ പരികരം യുദ്ധായ സത്വരം

ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു 460

ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌

മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയുംഃ

“ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു

ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ.

വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ

സുഗ്രീവനാശു വന്നീടുവാൻ കാരണം

എത്രയും പാരം പരാക്രമമുളേളാരു

മിത്രമവനുണ്ടു പിന്തുണ നിർണ്ണയം.”

ബാലിയും താരയോടാശു ചൊല്ലീടിനാൻഃ

“ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ. 470

കൈയയച്ചീടു നീ വൈകരുതേതുമേ

നീയൊരു കാര്യം ധരിക്കേണമോമലേ!

ബന്ധുവായാരുളളതോർക്ക സുഗ്രീവനു

ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ.

ബന്ധുവായുണ്ടവനേകനെന്നാകിലോ

ഹന്തവ്യനെന്നാലവനുമറിക നീ.

ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ

യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടൻ

ശൂരനായുളള പുരുഷനിരിക്കുമോ

ഭീരുവായുളളിലടച്ചതു ചൊല്ലു നീ. 480

വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ

ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!”

താരയും ചൊന്നാളതുകേട്ടവനോടുഃ

“വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ.

കാനനത്തിങ്കൽ നായാട്ടിനു പോയിതു

താനേ മമ സുതനംഗദനന്നേരം

കേട്ടോരുദന്തമെന്നോടു ചൊന്നാനതു

കേട്ടിട്ടു ശേഷം യഥോചിതം പോക നീ.

ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ

രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ. 490

ലക്ഷ്‌മണനാകുമനുജനോടും നിജ-

ലക്ഷ്മീസമയായ സീതയോടുമവൻ

വന്നിരുന്നീടിനാൻ ദണ്ഡകകാനനേ

വന്യാശനനായ്തപസ്സു ചെയ്തീടുവാൻ.

ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ

കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ.

ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു

തൽക്ഷണമൃശ്യമൂകാചലേ വന്നിതു.

മിത്രാത്മജനെയും തത്ര കണ്ടീടിനാൻ

മിത്രമായ്‌വാഴ്‌കയെന്നന്യോന്യമൊന്നിച്ചു 500

സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌

ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ.

‘വൃത്രാരിപുത്രനെക്കൊന്നു കിഷ്‌കിന്ധയിൽ

മിത്രാത്മജ! നിന്നെ വാഴിപ്പ’നെന്നൊരു

സത്യവും ചെയ്തുകൊടുത്തിതു രാഘവൻ;

സത്വരമാർക്കതനയനുമന്നേരം,

‘അന്വേഷണംചെയ്തറിഞ്ഞു സീതാദേവി-

തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ

അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു

വന്നതിപ്പോളതുകൊണ്ടുതന്നേയവൻ. 510

വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ

സ്വൈരമായ്‌ വാഴിച്ചുകൊൾകയിളമയായ്‌.

യാഹി രാമം നീ ശരണമായ്‌ വേഗേന

പാഹി മാമംഗദം രാജ്യം കുലഞ്ച തേ.”

ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി-

ച്ചങ്ങനെ താര നമസ്‌കരിക്കും വിധൗ

വ്യാകുലഹീനം പുണർന്നു പുണർന്നനു-

രാഗവശേന പറഞ്ഞിതു ബാലിയുംഃ

“സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്‌കേതുമേ

നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ. 520

ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ

ചേരുമെന്നോടുമവരെന്നു നിർണ്ണയം

രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ

രാമനാകുന്നതു സാക്ഷാൽ മഹാവിഷ്‌ണു

നാരായണൻതാനവതരിച്ചു ഭൂമി-

ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ.

പക്ഷഭേദം ഭഗവാനില്ല നിർണ്ണയം

നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ.

തച്ചരണാംബുജേ വീണു നമസ്‌കരി-

ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ. 530

മൽഗൃഹത്തിങ്കലുപകാരവുമേറും

സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ.

തന്നെബ്‌ഭജിക്കുന്നവനെബ്‌ഭജിച്ചീടു-

മന്യഭാവം പരമാത്മാവിനില്ലല്ലോ.

ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ!

ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ.

ദുഃഖവും നീക്കി വസിക്ക നീ വേശ്മനി

പുഷ്‌കരലോചനേ! പൂർണ്ണഗുണാംബുധേ!”

ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും

ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം. 540

നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം

നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ.

താരയുമശ്രുകണങ്ങളും വാർത്തുവാ-

ർത്താരൂഢതാപമകത്തുപുക്കീടിനാൾ.

പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും

നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ

മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ

രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ.

മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ

കെട്ടിയും കാൽകൈ പരസ്പരം താഡനം 550

തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ

കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-

ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ-

ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും

ചാടിപ്പതിക്കയും കൂടക്കുതിക്കയും

മാടിത്തടുക്കയും കൂടക്കൊടുക്കയും

ഓടിക്കഴിക്കയും വാടി വിയർക്കയും

മാടിവിളിക്കയും കോപിച്ചടുക്കയും

ഊടെ വിയർക്കയും നാഡികൾ ചീർക്കയും

മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നില്പവർ 560

ദൃഷ്‌ടി കുളുർക്കയും വാഴ്‌ത്തി സ്തുതിക്കയും

കാലനും കാലകാലൻതാനുമുളള പോർ

ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.

രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ

രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും

കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്‌ത്തിയും

കണ്ടീല വാട്ടമൊരുത്തനുമേതുമേ.

അച്‌ഛൻ കൊടുത്തോരു മാല ബാലിക്കുമു-

ണ്ടച്യുതൻ നല്‌കിയ മാല സുഗ്രീവനും.

ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും 570

ഭേദിച്ചിതർക്കതനയനു വിഗ്രഹം.

സാദവുമേറ്റം കലർന്നു സുഗ്രീവനും

ഖേദമോടേ രഘുനാഥനെ നോക്കിയും

അഗ്രജമുഷ്‌ടിപ്രഹരങ്ങളേല്‌ക്കയാൽ

സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു

കണ്ടു കാരുണ്യം കലർന്നു വേഗേന വൈ-

കുണ്‌ഠൻ ദശരഥനന്ദനൻ ബാലിതൻ

വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു

വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-

മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ 580

വിദ്രുതമാമ്മാറയച്ചരവളീടിനാൻ.

Generated from archived content: ramayanam40.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here