വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-

നുണ്ടായിതു മയൻതന്നുടെ പുത്രനായ്‌.

യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-

നുദ്ധതനായ്‌ നടന്നീടും ദശാന്തരേ

കിഷ്‌കിന്ധയാം പുരിപുക്കു വിളിച്ചിതു

മർക്കടാധീശ്വരനാകിയ ബാലിയെ.

യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-

ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ

മുഷ്‌ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി-

ദുഷ്‌ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാൻ.

വാനരശ്രേഷ്‌ഠനുമോടിയെത്തീടിനാൻ

ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.

ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു

വാനരശ്രേഷ്‌ഠനുമെന്നോടു ചൊല്ലിനാൻഃ

“ഞാനിതിൽപുക്കിവൻതന്നെയൊടുക്കുവൻ

നൂനം വിലദ്വാരി നില്‌ക്ക നീ നിർഭയം.

ക്ഷീരം വരികിലസുരൻ മരിച്ചീടും

ചോര വരികിലടച്ചു പോയ്‌ വാഴ്‌ക നീ.”

ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും

തത്ര വിലദ്വാരി നിന്നേനടിയനും.

പോയിതു കാലമൊരുമാസമെന്നിട്ടു-

മാഗതനായതുമില്ല കപീശ്വരൻ.

വന്നിതു ചോര വിലമുഖതന്നിൽനി-

ന്നെന്നുളളിൽനിന്നു വന്നു പരിതാപവും.

അഗ്രജൻതന്നെ മായാവി മഹാസുരൻ

നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ

ദുഃഖമുൾക്കൊണ്ടു കിഷ്‌കിന്ധപുക്കീടിനേൻ;

മർക്കടവീരരും ദുഃഖിച്ചതുകാലം

വാനരാധീശ്വരനായഭിഷേകവും

വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാർ

ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും

വന്നിതു ബാലി മഹാബലവാൻ തദാ.

കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു

കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും

കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-

നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും

നീളേ നടന്നുഴന്നീടും ദശാന്തരേ

-ബാലി വരികയില്ലത്ര ശാപത്തിനാൽ-

ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ

വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ!

മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-

നൂഢരാഗം മമ വല്ലഭതന്നെയും.

നാടും നഗരവും പത്നിയുമെന്നുടെ

വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാൻ.

ത്വൽപാദപങ്കേരുഹസ്പർശകാരണാ-

ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു.“

മിത്രാത്മജോക്തികൾ കേട്ടോരനന്തരം

മിത്രദുഃഖേന സന്തപ്തനാം രാഘവൻ

ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, ”തവ

ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും

വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ;

സത്യമിതു രാമഭാഷിതം കേവലം.“

മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു

ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻഃ

”സ്വർല്ലോകനാഥജനാകിയ ബാലിയെ-

ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം.

ഇല്ലവനോളം ബലം മറ്റൊരുവനും;

ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം.

ദുന്ദുഭിയാകും മഹാസുരൻ വന്നു കി-

ഷ്‌കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌

യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-

ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ

ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ

ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ

ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു

രക്തവും വീണു മതംഗാശ്രമസ്ഥലേ.

‘ആശ്രമദോഷം വരുത്തിയ ബാലി പോ-

ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ

ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ

കാലപുരി പൂക മദ്വാക്യഗൗരവാൽ.’

എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-

മന്നുതുടങ്ങിയിവിടെ വരുവീല.

ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു

മാനസേ ഭീതികൂടാതെ നിരന്തരം.

ദുന്ദുഭിതന്റെ തലയിതു കാൺകൊരു

മന്ദരംപോലെ കിടക്കുന്നതു ഭവാൻ.

ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു

കൊന്നുകൂടും കപിവീരനെ നിർണ്ണയം.“

എന്നതു കേട്ടു ചിരിച്ചു രഘൂത്തമൻ

തന്നുടെ തൃക്കാൽപെരുവിരൽകൊണ്ടതു

തന്നെയെടുത്തു മേല്പോട്ടെറിഞ്ഞീടിനാൻ.

ചെന്നു വീണു ദശയോജനപര്യന്തം.

എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും

തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു

നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവർ

നന്നായ്തൊഴുതു തൊഴുതു നിന്നീടിനാർ.

പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻഃ

”മന്നവ!! സപ്തസാലങ്ങളിവയല്ലോ.

ബാലിക്കു മൽപിടിച്ചീടുവാനായുളള

സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.

വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം

പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും.

വട്ടത്തിൽ നില്‌ക്കുമിവറ്റെയൊരമ്പെയ്‌തു

പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം.“

സൂര്യാത്മജോക്തികളീദൃശം കേട്ടൊരു

സൂര്യാന്വയോൽഭൂതനാകിയ രാമനും

ചാപം കുഴിയെക്കുലച്ചൊരു സായകം

ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ.

സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു

ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും

ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ-

തൂണീരമമ്പോടു പുക്കോരനന്തരം

വിസ്മിതനായോരു ഭാനുതനയനും

സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻഃ

”സാക്ഷാൽ ജഗന്നാഥനാം പരമാത്മാവു

സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം.

പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം-

കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.

ജന്മമരണനിവൃത്തി വരുത്തിവാൻ

നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം.

മോക്ഷദനായ ഭവാനെ ലഭിക്കയാൽ

മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ.

പുത്രദാരാർത്ഥരാജ്യാദി സമസ്തവും

വ്യർത്ഥമത്രേ തവ മായാവിരചിതം.

ആകയാൽ മേ മഹാദേവ! ദേവേശ! മ-

റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ.

വ്യാപ്തമാനന്ദാനുഭൂതികരം പരം

പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ,

മണ്ണിനായൂഴി കുഴിച്ചനേരം നിധി-

തന്നെ ലഭിച്ചതുപോലെ രഘൂപതേ!

ധർമ്മദാനവ്രതതീർത്ഥതപഃക്രതു

കർമ്മപൂർത്തേഷ്‌ട്യാദികൾ കൊണ്ടൊരുത്തനും

വന്നുകൂടാ ബഹു സംസാരനാശനം

നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ.

ത്വൽപാദപത്മാവലോകനം കേവല-

മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം.

യാതൊരുത്തന്നു ചിത്തം നിന്തിരുവടി-

പാദാംബുജത്തിലിളകാതുറയ്‌ക്കുന്നു

കാൽക്ഷണംപോലുമെന്നാകിലവൻ തനി-

ക്കൊക്ക നീങ്ങീടുമജ്ഞാനമനർത്ഥദം.

ചിത്തം ഭവാങ്കലുറയ്‌ക്കായ്‌കിലുമതി-

ഭക്തിയോടെ രാമരാമേതി സാദരം

ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു

നല്ലനായേറ്റം വിശുദ്ധനാം നിർണ്ണയം.

മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും

സദ്യോ വിമുക്തനാം രാമജപത്തിനാൽ.

ശത്രുജയത്തിലും ദാരസുഖത്തിലും

ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.

ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല

മുക്തി വരുവാൻ മുകുന്ദ! ദയാനിധേ!

ത്വൽപാദഭക്തിമാർഗ്ഗോപദേശംകൊണ്ടു

മൽപാപമുൽപാടയത്രിലോകീപതേ!

ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം

ചിത്തത്തിൽ നഷ്‌ടമായ്‌വന്നിതു ഭൂപതേ!

ത്വൽപാദപത്മാവലോകനംകൊണ്ടെനി-

ക്കുൽപന്നമായിതു കേവലജ്ഞാനവും.

പുത്രദാരാദി സംബന്ധമെല്ലാം തവ-

ശക്തിയാം മായാപ്രഭാവം ജഗൽപതേ!

ത്വൽപാദപങ്കജത്തിങ്കലുറയ്‌ക്കേണ-

മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ!

ത്വന്നാമസങ്കീർത്തനപ്രിയയാകേണ-

മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.

ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു-

മർച്ചനംചെയ്യായ്‌വരിക കരങ്ങളാൽ.

നിന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം.

Generated from archived content: ramayanam38.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here