സുഗ്രീവസഖ്യം

ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-

മ്മാറങ്ങെടുത്തു നടന്നിതു മാരുതി

സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ.

“വ്യഗ്രം കളക നീ ഭാസ്‌കരനന്ദന!

ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും.

ഭാസ്‌കരവംശസമുത്ഭവന്മാരായ

രാമനും ലക്ഷ്‌മണനാകുമനുജനും

കാമദാനാർത്ഥമിവിടേക്കെഴുന്നളളി.

സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-

രാഗ്രേ മഹാതരുച്ഛായാതലേ തദാ

വിശ്വൈകനായകന്മാരാം കുമാരന്മാർ

വിശ്രാന്തചേതസാ നിന്നരുളീടിനാർ.

വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു

നീതിയോടർക്കാത്മജനോടു ചൊല്ലിനാൻഃ

”ഭീതി കളക നീ മിത്രഗോത്രേ വന്നു

ജാതന്മാരായോരു യോഗേശ്വരന്മാരീ-

ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-

താരെയും പേടിക്കവേണ്ടാ ഭവാനിനി.

വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു

ഭാഗവതപ്രിയനായ്‌വസിച്ചീടുക.“

പ്രീതനായോരു സുഗ്രീവനുമന്നേര-

മാദരപൂർവ്വമുത്ഥായ സസംഭ്രമം

വിഷ്ടപനാഥനിരുന്നരുളീടുവാൻ

വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ

പൊട്ടിച്ചവനിയിലിട്ടാ,നതുനേര-

മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-

ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും

പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ;

തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ

നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.

മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ-

വൃത്താന്തമെല്ലാമറിയിച്ചതുനേരം

ധീരനാമാദിത്യനന്ദനൻ മോദേന

ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻഃ

”നാരീമണിയായ ജാനകീദേവിയെ-

യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.

ശത്രുവിനാശനത്തിന്നടിയനൊരു

മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ.

ഏതുമിതു നിരൂപിച്ചു ഖേദിക്കരു-

താധികളൊക്കെയകറ്റുവൻ നിർണ്ണയം.

രാവണൻതന്നെസ്സകുലം വധംചെയ്‌തു

ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ.

ഞാനൊരവസ്ഥ കണ്ടേനൊരുനാളതു

മാനവവീര! തെളിഞ്ഞു കേട്ടീടണം.

മന്ത്രികൾ നാലുപേരും ഞാനുമായച-

ലാന്തേ വസിക്കുന്നകാലമൊരുദിനം

പുഷ്‌കരനേത്രയായോരു തരുണിയെ-

പ്പുഷ്‌കരമാർഗ്ഗേണ കൊണ്ടുപോയാനൊരു

രക്ഷോവരനതുനേരമസ്സുന്ദരി

രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌

രാമരാമേതി മുറയിടുന്നോൾ, തവ

ഭാമിനിതന്നെയവളെന്നതേവരൂ.

ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ-

ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ

ഉത്തരീയത്തില്പൊതിഞ്ഞാഭരണങ്ങ-

ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.

ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-

ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.

ജാനകീദേവിതന്നാഭരണങ്ങളോ

മാനവവീര! ഭവാനറിയാമല്ലോ!“

എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു

മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ.

അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം

കണ്ണുനീർതന്നെ കുശലം വിചാരിച്ചു.

”എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും

തന്വംഗിയാകിയ വൈദേഹിയോടയ്യോ!

സീതേ! ജനകാത്മജേ! മമ! വല്ലഭേ!

നാഥേ! നളിനദളായതലോചനേ!“

രോദനം ചെയ്തു വിഭൂഷണസഞ്ചയ-

മാധിപൂർവ്വം തിരുമാറിലമുഴ്‌ത്തിയും

പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ

ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ.

ശോകേന മോഹം കലർന്നു കിടക്കുന്ന

രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ

”ദുഃഖിയായ്‌കേതുമേ രാവണൻതന്നെയും

മർക്കണശ്രേഷ്‌ഠസഹായേന വൈകാതെ

നിഗ്രഹിച്ചംബുജനേത്രയാം സീതയെ-

കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!“

സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ

”വ്യഗ്രിയായ്‌കേതുമേ രാവണൻതന്നെയും

നിഗ്രഹിച്ചാശു നല്‌കീടുവൻ ദേവിയെ-

ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!“

ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ

തൽക്ഷണം കേട്ടു ദശരഥപുത്രനും

ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ;

മർക്കടശ്രേഷ്‌ഠനാം മാരുതിയന്നേരം.

അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ

ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും

സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.

സഖ്യവുംചെയ്തു പരസ്പരം കാര്യവും

സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-

ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ.

ബാലിയും താനും പിണക്കമുണ്ടായതിൻ-

മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ.

Generated from archived content: ramayanam37.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English