കിഷ്‌കിന്ധാകാണ്ഡം

ശാരികപ്പൈതലേ! ചാരുശീലേ! വരി-

കാരോമലേ! കഥാശേഷവും ചൊല്ലു നീ.

ചൊല്ലുവേനെങ്കിലനംഗാരി ശങ്കരൻ

വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ.

കല്യാണശീലൻ ദശരഥസൂനു കൗ-

സല്യാതനയനവരജൻതന്നോടും

പമ്പാസരസ്തടം ലോകമനോഹരം

സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ.

ക്രോശമാത്രം വിശാലം വിശദാമൃതം

ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം

ഉൽഫുല്ലപത്മകൽഹാരകുമുദ നീ-

ലോല്പലമണ്ഡിതം ഹംസകാരണ്ഡവ

ഷൾപദകോകില കുക്കുടകോയഷ്‌ടി

സർപ്പസിംഹവ്യാഘ്രസൂകരസേവിതം

പുഷ്പലതാപരിവേഷ്‌ടിതപാദപ-

സൽഫലസേവിതം സന്തുഷ്‌ടജന്തുകം

കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി-

ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാൻ.

ഹനൂമൽസമാഗമം

കാലേ വസന്തേ സുശീതളേ ഭൂതലേ

ഭൂലോകപാലബാലന്മാരിരുവരും.

ഋശ്യമൂകാദ്രിപാർശ്വസ്ഥലേ സന്തതം

നിശ്വാസമുൾക്കൊണ്ടു വിപ്രലാപത്തൊടും

സീതാവിരഹം പൊറാഞ്ഞു കരകയും

ചൂതായുധാർത്തി മുഴുത്തു പറകയും

ആധികലർന്നു നടന്നടുക്കുംവിധൗ

ഭീതനായ്‌വന്നു ദിനകരപുത്രനും,

സത്വരം മന്ത്രികളോടും കുതിച്ചു പാ-

ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാൻ.

മാരുതിയോടു ഭയേന ചൊല്ലീടിനാൻഃ

“ആരീ വരുന്നതിരുവർ സന്നദ്ധരായ്‌?

നേരേ ധരിച്ചു വരിക നീ വേഗേന

വീരന്മാരെത്രയുമെന്നു തോന്നും കണ്ടാൽ.

അഗ്രജൻ ചൊൽകയാലെന്നെബ്ബലാലിന്നു

നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?

വിക്രമമുളളവരെത്രയും, തേജസാ

ദിക്കുകളൊക്കെ വിളങ്ങുന്നു കാൺക നീ.

താപസവേഷം ധരിച്ചിരിക്കുന്നിതു

ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.

നീയൊരു വിപ്രവേഷംപൂണ്ടവരോടു

വായുസുത! ചെന്നു ചോദിച്ചറിയേണം.

വക്ത്രനേത്രാലാപഭാവങ്ങൾ കൊണ്ടവർ-

ചിത്തമെന്തെന്നതറിഞ്ഞാൽ വിരവിൽ നീ

ഹസ്തങ്ങൾകൊണ്ടറിയിച്ചീട നമ്മുടെ

ശത്രുക്കളെങ്കി,ലതല്ലെങ്കിൽ നിന്നുടെ

വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ

മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.”

കർമ്മസാക്ഷിസുതൻ വാക്കുകൾ കേട്ടവൻ

ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം

അഞ്ജസാ ചെന്നു നമസ്‌കരിച്ചീടിനാ-

നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം.

കഞ്ജവിലോചനന്മാരായ മാനവ-

കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌ഃ

“അംഗജൻതന്നെജ്ജയിച്ചോരു കാന്തിപൂ-

ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും

ആരെന്നറികയിലാഗ്രഹമുണ്ടതു

നേരേ പറയണമെന്നോടു സാദരം.

ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-

മർക്കനിശാകരന്മാരെന്നു തോന്നുന്നു.

ത്രൈലോക്യകർത്തൃഭൂതന്മാർ ഭവാന്മാരെ-

ന്നാലോക്യ ചേതസി ഭാതി സദൈവ മേ.

വിശ്വൈകവീരന്മാരായ യുവാക്കളാ-

മശ്വിനിദേവകളോ മറ്റതെന്നിയേ

വിശ്വൈകകാരണഭൂതന്മാരായോരു

വിശ്വരൂപന്മാരാമീശ്വരന്മാർ നിങ്ങൾ

നൂനം പ്രധാനപുരുഷന്മാർ മായയാ

മാനുഷാകാരേണ സഞ്ചരിക്കുന്നിതു

ലീലയാ ഭൂഭാരനാശനാർത്ഥം പരി-

പാലനത്തിന്നു ഭക്താനാം മഹീതലേ

വന്നു രാജന്യവേഷേണ പിറന്നൊരു

പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ

കർത്തും ജഗൽസ്ഥിതിസംഹാരസർഗ്ഗങ്ങ-

ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാർ.

മുക്തി നല്‌കും നരനാരായണന്മാരെ-

ന്നുൾത്താരിലിന്നു തോന്നുന്നു നിരന്തരം.”

ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന

ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമൻഃ

“പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!

നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.

ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ

നല്ല വൈയാകരണൻ വടു നിർണ്ണയം.”

മാനവവീരനുമപ്പോളരുൾചെയ്‌തു

വാനരശ്രേഷ്‌ഠനെ നോക്കി ലഘുതരംഃ

“രാമനെന്നെന്നുടെ നാമം ദശരഥ-

ഭൂമിപാലേന്ദ്രതനയ,നിവൻ മമ

സോദരനാകിയ ലക്ഷ്‌മണൻ, കേൾക്ക നീ

ജാതമോദം പരമാർത്ഥം മഹാമതേ!

ജാനകിയാകിയ സീതയെന്നുണ്ടൊരു

മാനിനിയെന്നുടെ ഭാമിനി കൂടവെ.

താതനിയോഗേന കാനനസീമനി

യാതന്മാരായി തപസ്സുചെയ്‌തീടുവാൻ.

ദണ്ഡകാരണ്യേ വസിക്കുന്നനാളതി-

ചണ്ഡനായോരു നിശാചരൻ വന്നുടൻ

ജാനകീദേവിയെക്കട്ടുകൊണ്ടീടിനാൻ,

കാനനേ ഞങ്ങൾ തിരഞ്ഞു നടക്കുന്നു.

കണ്ടീലവളെയൊരേടത്തുമിന്നിഹ

കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!

ചൊല്ലീടുകെ”ന്നതു കേട്ടൊരു മാരുതി

ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുതൂഹലാൽഃ

“സുഗ്രീവനാകിയ വാനരേന്ദ്രൻ പർവ-

താഗ്രേ വസിക്കുന്നിതത്ര രഘുപതേ!

മന്ത്രികളായ്‌ ഞങ്ങൾ നാലുപേരുണ്ടല്ലോ

സന്തതംകൂടെപ്പിരിയാതെ വാഴുന്നു.

അഗ്രജനാകിയ ബാലി കപീശ്വര-

നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ.

സുഗ്രീവനുളള പരിഗ്രഹം തന്നെയു-

മഗ്രജൻതന്നെ പരിഗ്രഹിച്ചീടിനാൻ.

ഋശ്യമൂകാചലം സങ്കേതമായ്‌വന്നു

വിശ്വാസമോടിരിക്കുന്നിതർക്കാത്മജൻ

ഞാനവൻതന്നുടെ ഭൃത്യനായുളേളാരു-

വാനരൻ വായുതനയൻ മഹാമതേ!

നാമധേയം ഹനൂമാനഞ്ജനാത്മജ-

നാമയം തീർത്തു രക്ഷിച്ചുകൊളേളണമേ!

സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ

നിഗ്രഹിക്കാമിരുവർക്കുമരികളെ.

വേലചെയ്യാമതിനാവോളമാശു ഞാ,-

നാലംബനം മറ്റെനിക്കില്ല ദൈവമേ!

ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-

കുൾത്താപമെല്ലാമകലും ദയാനിധേ!”

എന്നുണർത്തിച്ചു നിജാകൃതി കൈക്കൊണ്ടു

നിന്നു തിരുമുമ്പിലാമ്മാറു മാരുതി.

“പോക മമ സ്‌കന്ധമേറീടുവിൻ നിങ്ങ-

ളാകുലഭാവമകലെക്കളഞ്ഞാലും.”

അപ്പോൾ ശബരിതൻ വാക്കുകളോർത്തുക-

ണ്ടുല്പലനേത്രനനുവാദവും ചെയ്‌തു.

Generated from archived content: ramayanam36.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English