ശബര്യാശ്രമപ്രവേശം

ഗന്ധർവനേവം ചൊല്ലി മറഞ്ഞോരനന്തരം

സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും

ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു

ചാരുത ചേർന്ന ശബര്യാശ്രമമകംപുക്കാർ. 1920

സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ

സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കൽ.

സന്തോഷപൂർണ്ണാശ്രുനേത്രങ്ങളോടവളുമാ-

നന്ദമുൾക്കൊണ്ടു പാദ്യാർഗ്‌ഘ്യാസനാദികളാലേ

പൂജിച്ചു തൽപാദതീർത്ഥാഭിഷേകവുംചെയ്‌തു

ഭോജനത്തിനു ഫലമൂലങ്ങൾ നൽകീടിനാൾ.

പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു

രാജീവനേത്രന്മാരാം രാജനന്ദനന്മാരും.

അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവൾഃ

“ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാൽ. 1930

എന്നുടെ ഗുരുഭൂതന്മാരായ മുനിജനം

നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാർ.

അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു

പിന്നെപ്പോയ്‌ ബ്രഹ്‌മപദം പ്രാപിച്ചാരവർകളും.

എന്നോടു ചൊന്നാരവ‘രേതുമേ ഖേദിയാതെ

ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.

പന്നഗശായി പരൻപുരുഷൻ പരമാത്മാ

വന്നവതരിച്ചിതു രാക്ഷസവധാർത്ഥമായ്‌.

നമ്മെയും ധർമ്മത്തെയും രക്ഷിച്ചുകൊൾവാനിപ്പോൾ

നിർമ്മലൻ ചിത്രകൂടത്തിങ്കൽ വന്നിരിക്കുന്നു. 1940

വന്നീടുമിവിടേക്കു രാഘവനെന്നാലവൻ-

തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.

വന്നീടുമെന്നാൽ മോക്ഷം നിനക്കുമെന്നു നൂനം’

വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.

നിന്തിരുവടിയുടെ വരവും പാർത്തുപാർത്തു

നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാൻ.

ശ്രീപാദം കണ്ടുകൊൾവാൻ മൽഗുരുഭൂതന്മാരാം

താപസന്മാർക്കുപോലും യോഗം വന്നീലയല്ലോ.

ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ

ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 1950

വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം

കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.

തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊൾവാനുമി-

ങ്ങുൾക്കമലത്തിലറിയപ്പോകാ ദയാനിധേ!”

രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-

“നാകുലംകൂടാതെ ഞാൻ പറയുന്നതു കേൾ നീ.

പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല

കാരണം മമ ഭജനത്തിനു ജഗത്ത്രയേ.

ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും

മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും. 1960

തീർത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-

ക്ഷേത്രോപവാസയാഗാദ്യഖിലകർമ്മങ്ങളാൽ

ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-

യെന്നെ മൽഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.

ഭക്തിസാധനം സംക്ഷേപിച്ചു ഞാൻ ചൊല്ലീടുവേ-

നുത്തമേ! കേട്ടുകൊൾക മുക്തിവന്നീടുവാനായ്‌.

മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ

മൽക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും

മൽഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം

മൽക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970

പുണ്യശീലത്വം യമനിയമാദികളോടു-

മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,

മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും

മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ

സർവഭൂതങ്ങളിലും മന്മതിയുണ്ടാകയും

സർവദാ മൽഭക്തന്മാരിൽ പരമാസ്തിക്യവും

സർവബാഹ്യാർത്ഥങ്ങളിൽ വൈരാഗ്യം ഭവിക്കയും

സർവലോകാത്മാ ഞാനെന്നെപ്പോഴുമുറയ്‌ക്കയും,

മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!

ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം. 1980

ഉക്തമായിതു ഭക്തിസാധനം നവവിധ-

മുത്തമേ! ഭക്തി നിത്യമാർക്കുളളു വിചാരിച്ചാൽ?

തിര്യഗ്യോനിജങ്ങൾക്കെന്നാകിലും മൂഢമാരാം

നാരികൾക്കെന്നാകിലും പൂരുഷനെന്നാകിലും

പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോൾ

വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം.

തത്ത്വാനുഭവസിദ്ധനായാൽ മുക്തിയും വരും.

തത്ര ജന്മനി മർത്ത്യനുത്തമതപോധനേ!

ആകയാൽ മോക്ഷത്തിനു കാരണം ഭക്തിതന്നെ

ഭാഗവതാഢ്യേ! ഭഗവൽപ്രിയേ! മുനിപ്രിയേ! 1990

ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ

മുക്തിയുമടുത്തിതു നിനക്കു തപോധനേ!

ജാനകീമാർഗ്ഗമറിഞ്ഞീടിൽ നീ പറയേണം

കേന വാ നീതാ സീതാ മൽപ്രിയാ മനോഹരി?”

രാഘവവാക്യമേവം കേട്ടോരു ശബരിയു-

മാകുലമകലുമാറാദരാലുരചെയ്താൾഃ

“സർവവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി

സർവജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം

ചോദിച്ചമൂലം പറഞ്ഞീടുവേൻ സീതാദേവി

ഖേദിച്ചു ലങ്കാപുരിതന്നിൽ വാഴുന്നു നൂനം. 2000

കൊണ്ടുപോയതു ദശകണ്‌ഠനെന്നറിഞ്ഞാലും

കണ്ടിതു ദിവ്യദൃശാ തണ്ടലർമകളെ ഞാൻ.

മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാൽ

പമ്പയാം സരസ്സിനെക്കാണാം, തൽപുരോഭാഗേ

പശ്യ പർവ്വതവരമൃശ്യമൂകാഖ്യം, തത്ര

വിശ്വസിച്ചിരിക്കുന്നു സുഗ്രീവൻ കപിശ്രേഷ്‌ഠൻ

നാലുമന്ത്രികളോടുംകൂടെ മാർത്താണ്ഡാത്മജൻ;

ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം;

ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.

പാലനംചെയ്‌ത ഭവാനവനെ വഴിപോലെ. 2010

സഖ്യവും ചെയ്‌തുകൊൾക സുഗ്രീവൻതന്നോടെന്നാൽ

ദുഃഖങ്ങളെല്ലാം തീർന്നു കാര്യവും സാധിച്ചീടും.

എങ്കിൽ ഞാനഗ്നിപ്രവേശംചെയ്‌തു ഭവൽപാദ-

പങ്കജത്തോടു ചേർന്നുകൊളളുവാൻ തുടങ്ങുന്നു.

പാർക്കേണം മുഹൂർത്തമാത്രം ഭവാനത്രൈവ മേ

തീർക്കേണം മായാകൃതബന്ധനം ദയാനിധേ!”

ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്‌തു

മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.

ഭക്തവത്സലൻ പ്രസാദിക്കിലിന്നവർക്കെന്നി-

ല്ലെത്തീടും മുക്തി നീചജാതികൾക്കെന്നാകിലും. 2020

പുഷ്‌കരനേത്രൻ പ്രസാദിക്കിലോ ജന്തുക്കൾക്കു

ദുഷ്‌കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം.

ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും

ശ്രീരാമപാദാംബുജം സേവിച്ചുകൊൾക നിത്യം.

ഓരോരോ മന്ത്രതന്ത്രധ്യാനകർമ്മാദികളും

ദൂരെസ്സന്ത്യജിച്ചു തൻഗുരുനാഥോപദേശാൽ

ശ്രീരാമചന്ദ്രൻതന്നെ ധ്യാനിച്ചുകൊൾക നിത്യം

ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.

ശ്രീരാമചന്ദ്രകഥ കേൾക്കയും ചൊല്ലുകയും

ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും. 2030

ശ്രീരാമമയം ജഗത്സർവമെന്നുറയ്‌ക്കുമ്പോൾ

ശ്രീരാമചന്ദ്രൻതന്നോടൈക്യവും പ്രാപിച്ചീടാം.

രാമ! രാമേതി ജപിച്ചീടുക സദാകാലം

ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!

ഇത്ഥമീശ്വരൻ പരമേശ്വരിയോടു രാമ-

ഭദ്രവൃത്താന്തമരുൾചെയ്തതു കേട്ടനേരം

ഭക്തികൊണ്ടേറ്റം പരവശയായ്‌ ശ്രീരാമങ്കൽ

ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.

പൈങ്കിളിപ്പൈതൽതാനും പരമാനന്ദംപൂണ്ടു

ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാൾ.

(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്‌തം)

Generated from archived content: ramayanam35.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here