ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോൾ
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയിൽ.
ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാർഗ്ഗം.
അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമൻഃ
“ഭിന്നമായോരു രഥം കാൺകെടോ കുമാര! നീ. 1590
തന്വംഗിതന്നെയൊരു രാക്ഷസൻ കൊണ്ടുപോമ്പോ-
ളന്യരാക്ഷസനവനോടു പോർചെയ്തീടിനാൻ.
അന്നേരമഴിഞ്ഞ തേർക്കോപ്പിതാ കിടക്കുന്നു
എന്നു വന്നീടാമവർ കൊന്നാരോ ഭക്ഷിച്ചാരോ?”
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോൾ
ഘോരമായൊരു രൂപം കാണായി ഭയാനകം.
“ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
കൊല്ലുവേനിവനെ ഞാൻ വൈകാതെ ബാണങ്ങളും
വില്ലുമിങ്ങാശു തന്നീടെ”ന്നതു കേട്ടനേരം 1600
വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാൻഃ
“വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസൻ
മിത്രമെത്രയും തവ താതനു വിശേഷിച്ചും
സ്നിഗ്‌ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാൻ.
ദുഷ്‌ടനാം ദശമുഖൻ നിന്നുടെ പത്നിതന്നെ-
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാൻ
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്‌തു
മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോൾ
വെട്ടിനാൻ ചന്ദ്രഹാസംകൊണ്ടവൻ ഞാനുമപ്പോൾ
പുഷ്ടവേദനയോടും ഭൂമിയിൽ വീണേനല്ലോ. 1610
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ-
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേൻ.
തൃക്കൺപാർക്കേണമെന്നെക്കൃപയാ കൃപാനിധേ!
തൃക്കഴലിണ നിത്യമുൾക്കാമ്പിൽ വസിക്കേണം.”
ഇത്തരം ജടായുതൻ വാക്കുകൾ കേട്ടു നാഥൻ
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തൻ-
തൃക്കൈകൾകൊണ്ടു തലോടീടിനാനവനുടൽ
ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രൻ.
“ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ”-
യെല്ലാമെന്നതു കേട്ടു ചൊല്ലിനാൻ ജടായുവുംഃ 1620
“രക്ഷോനായകനായ രാവണൻ ദേവിതന്നെ-
ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതു വരുവതിനായനുഗ്രഹിക്കേണം.
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമറ്റീടുംവണ്ണം മരിപ്പാനവകാശം
വന്നതു ഭവൽ കൃപാപാത്രമാകയാലഹം
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
നിന്തിരുവടി സാക്ഷാൽ ശ്രീമഹാവിഷ്‌ണു പരാ-
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630
സന്തതമന്തർഭാഗേ വസിച്ചീടുകവേണം.
നിന്തിരുമേനി ഘനശ്യാമളമഭിരാമം.
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
ബന്ധവുമറ്റു മുക്തനായേൻ ഞാനെന്നു നൂനം.
ബന്ധുഭാവേന ദാസനാകിയോരടിയനെ-
ബന്ധൂകസുമസമതൃക്കരതലം തന്നാൽ
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാൽ
നിന്തിരുമലരടിയോടു ചേർന്നീടാമല്ലോ.”
ഇന്ദിരാപതിയതു കേട്ടുടൻ തലോടിനാൻ
മന്ദമന്ദം പൂർണ്ണാത്മാനന്ദം വന്നീടുംവണ്ണം. 1640
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
മന്നിടംതന്നിൽ വീണനേരത്തു രഘുവരൻ
കണ്ണുനീർ വാർത്തു ഭക്തവാത്സല്യപരവശാ-
ലർണ്ണോജനേത്രൻ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേർത്തി-
ട്ടുത്തരകാര്യാർത്ഥമായ് സോദരനോടു ചൊന്നാൻഃ
“കാഷ്‌ഠങ്ങൾ കൊണ്ടുവന്നു നല്ലൊരു ചിത തീർത്തു
കൂട്ടണമഗ്നിസംസ്‌കാരത്തിനു വൈകീടാതെ.”
ലക്ഷ്മണനതുകേട്ടു ചിതയും തീർത്തീടിനാൻ
തൽക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്‌തു പിന്നെ 1650
സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്‌തു
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
പുല്ലിന്മേൽവച്ചു ജലാദികളും നല്‌കീടിനാൻ
നല്ലൊരു ഗതിയവനുണ്ടാവാൻ പിത്രർത്ഥമായ്.
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.
കാരുണ്യമൂർത്തി കമലേക്ഷണൻ മധുവൈരി-
സാരൂപ്യം ഭവിക്കെന്നു സാദരമരുൾചെയ്‌തു.
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-
സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660
ശംഖാരിഗദാപത്മമകുടപീതാംബരാ-
ദ്യങ്കിതരൂപംപൂണ്ട വിഷ്‌ണുപാർഷദന്മാരാൽ
പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാൽ
തേജസാ സകലദിഗ്വ്യാപ്തനായ്ക്കാണായ് വന്നു.
സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-
തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താൻഃ
Generated from archived content: ramayanam31.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English