സീതാന്വേഷണം

രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു

കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു

വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-

രാഗമക്കാതലായ രാഘവൻതിരുവടി.

നാലഞ്ചു ശരപ്പാടു നടന്നോരനന്തരം

ബാലകൻവരവീഷദ്ദൂരവേ കാണായ്‌വന്നു. 1500

ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-

മുൾക്കാമ്പിൽ നിരൂപിച്ചു കല്പിച്ചു കരണീയം.

“ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-

മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.

രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ

ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?

അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ

ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.

ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ

മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ 1510

രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-

ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ

അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ

കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ

അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ

രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.

പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-

യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.

മായാമാനുഷനാകുമെന്നുടെ ചരിതവും

മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും 1520

ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന

മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.

ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ

പ്രാകൃതപുരുഷനെപ്പോലെ”യെന്നകതാരിൽ

നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻഃ

“പർണ്ണശാലയിൽ സീതയ്‌ക്കാരൊരു തുണയുളളൂ?

എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-

ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും

കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ

കണ്ടകജാതികൾക്കെന്തോന്നരുതാത്തതോർത്താൽ?” 1530

അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻതാനു-

മഗ്രേ നിന്നുടനുടൻ തൊഴുതു വിവശനായ്‌

ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ

ദുർഗ്രഹവചനങ്ങൾ ബാഷ്പവും തൂകിത്തൂകി.

“ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം

ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ

ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു

മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാൽ

അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു

സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്‌തു. 1540

‘ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ

ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.

രാക്ഷസനുടെ മായാഭാഷിതമിതു നൂനം

കാൽക്ഷണം പൊറുക്കെ’ന്നു ഞാൻ പലവുരു ചൊന്നേൻ.

എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-

ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ

നിന്തിരുമുമ്പിൽനിന്നു ചൊല്ലുവാൻ പണിയെന്നാൽ

സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു

ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ്‌

നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ.” 1550

“എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ

ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?

യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ

ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?

രക്ഷസാം പരിഷകൾ കൊണ്ടുപൊയ്‌ക്കളകയോ

ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.”

ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ-

ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ

ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാൻ

നിഷ്‌കളനാത്മാരാമൻ നിർഗ്ഗുണനാത്മാനന്ദൻ. 1560

“ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!

ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മൽപ്രാണേശ്വരി!

എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?

ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ.”

ഇത്തരം പറകയും കാനനംതോറും നട-

ന്നത്തൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌

“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ

വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.

മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ

മൃഗലോചനയായ ജനകപുത്രിതന്നേ? 1570

പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ

പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.

വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം

പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?”

ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു

സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.

സർവദൃക്‌ സർവേശ്വരൻ സർവജ്ഞൻ സർവാത്മാവാം

സർവകാരണനേകനചലൻ പരിപൂർണ്ണൻ

നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ

ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ. 1580

മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ

കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്‌.

തത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും

ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാൽ.

Generated from archived content: ramayanam30.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English