സീതാപഹരണം

അന്തരം കണ്ടു ദശകന്ധരൻ മദനബാ-

ണാന്ധനായവതരിച്ചീടിനാനവനിയിൽ.

ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-

യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 1360

ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു

തൽക്ഷണം മായാസീതാദേവിയും വിനീതയായ്‌

നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും

ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ.

അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-

ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!

ഭർത്താവു വരുമിപ്പോൾ ത്വൽപ്രിയമെല്ലാം ചെയ്യും

ക്ഷുത്തൃഡാദിയും തീർത്തു വിശ്രമിച്ചാലും ഭവാൻ.“

ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങൾ കേട്ടു

സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താൻഃ 1370

”കമലവിലോചനേ! കമനീയാംഗി! നീയാ-

രമലേ! ചൊല്ലീടു നിൻ കമിതാവാരെന്നതും.

നിഷ്‌ഠുരജാതികളാം രാക്ഷസരാദിയായ

ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നിൽ

നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-

രായുധപാണികളുമില്ലല്ലോ സഹായമായ്‌.

നിന്നുടെ പരമാർത്ഥമൊക്കവേ പറഞ്ഞാൽ ഞാ-

നെന്നുടെ പരമാർത്ഥം പറയുന്നുണ്ടുതാനും.“

മേദിനീസുതയതുകേട്ടുരചെയ്‌തീടിനാൾഃ

”മേദിനീപതിവരനാമയോദ്ധ്യാധിപതി 1380

വാട്ടമില്ലാത ദശരഥനാം നൃപാധിപ-

ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യൻ-

തന്നുടെ ധർമ്മപത്നി ജനകാത്മജ ഞാനോ

ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.

ഞങ്ങൾ മൂവരും പിതുരാജ്ഞയാ തപസ്സിനാ-

യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നിൽ.

പതിന്നാലാണ്ടു കഴിവോളവും വേണംതാനു-

മതിനു പാർത്തീടുന്നു സത്യമെന്നറിഞ്ഞാലും.

നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-

രെന്തിനായെഴുന്നളളി ചൊല്ലണം പരമാർത്ഥം.“ 1390

”എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!

പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!

പൗലസ്ത​‍്യതനയനാം രാക്ഷസരാജാവു ഞാൻ

ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!

നിർമ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാൻ

നിന്മൂലമതിന്നു നീ പോരണം മയാ സാകം.

ലങ്കയാം രാജ്യം വാനോർനാട്ടിലും മനോഹരം

കിങ്കരനായേൻ തവ ലോകസുന്ദരി! നാഥേ!

താപസവേഷംപൂണ്ട രാമനാലെന്തു ഫലം?

താപമുൾക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 1400

ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-

മരുണാധരി! മഹാഭോഗങ്ങൾ ഭുജിച്ചാലും.“

രാവണവാക്യമേവം കേട്ടതി ഭയത്തോടും

ഭാവവൈവർണ്ണ്യംപൂണ്ടു ജാനകി ചൊന്നാൾ മന്ദംഃ

”കേവലമടുത്തിതു മരണം നിനക്കിപ്പോ-

ളേവം നീ ചൊല്ലുന്നാകിൽ ശ്രീരാമദേവൻതന്നാൽ.

സോദരനോടുംകൂടി വേഗത്തിൽ വരുമിപ്പോൾ

മേദിനീപതി മമ ഭർത്താ ശ്രീരാമചന്ദ്രൻ.

തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?

കഷ്‌ടമായുളള വാ​‍ാക്കു ചൊല്ലാതെ ദുരാത്മാവേ! 1410

രാമബാണങ്ങൾകൊണ്ടു മാറിടം പിളർന്നു നീ

ഭൂമിയിൽ വീഴ്‌വാനുളള കാരണമിതു നൂനം.“

ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം

തിങ്ങീടും ക്രോധംപൂണ്ടു മൂർച്ഛിതനായന്നേരം

തന്നുടെ രൂപം നേരേ കാട്ടിനാൻ മഹാഗിരി-

സന്നിഭം ദശാനനം വിംശതിമഹാഭുജം

അഞ്ജനശൈലാകാരം കാണായനേരമുളളി-

ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.

രാഘവപത്നിയേയും തേരതിലെടുത്തുവെ-

ച്ചാകാശമാർഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും. 1420

”ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!

ഹാ! ഹ! മൽ പ്രാണേശ്വര! പാഹി മാം ഭയാതുരാം.“

ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും

സത്വരമുത്ഥാനംചെയ്തെത്തിനാൻ ജടായുവും.

”തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതൻപത്നിയേയും

കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!

അദ്ധ്വരത്തിങ്കൽ ചെന്നു ശുനകൻ മന്ത്രംകൊണ്ടു

ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ.“

പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും

ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു 1430

കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-

ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.

അബ്ധിയും പത്രാനിലക്ഷുബ്ധമായ്‌ ചമയുന്നി-

തദ്രികളിളകുന്നു വിദ്രുതമതുനേരം.

കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-

ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു

തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേർത്തടം തകർത്തിതു

കാൽക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.

രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു

രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു. 1440

യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങിയെ-

ന്നാർത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോൾ

ധാത്രീപുത്രിയെത്തത്ര ധാത്രിയിൽ നിർത്തിപ്പുന-

രോർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം

പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-

ളക്ഷിതിതന്നിൽ വീണാനക്ഷമനായിട്ടവൻ.

രക്ഷോനായകൻ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-

ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി

മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാൻ;

മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ- 1450

ർത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോൾ

കറ്റവാർകുഴലിയാം ജാനകീദേവിതാനും,

‘ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-

ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ’ന്നു

പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി

പൃത്ഥ്വീമണ്ഡലമകന്നാശു മേല്പോട്ടു പോയാൾ.

”അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!

നീയെന്നെയുപേക്ഷിച്ചതെന്തു ഭർത്താവേ! നാഥാ!

രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു

രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം! 1460

ലക്ഷ്‌മണാ! നിന്നോടു ഞാൻ പരുഷം ചൊന്നേനല്ലോ

രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!

രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!

ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.

പ്രാണവല്ലഭ! പരിത്രാഹി മാം ജഗൽപതേ!

കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ

സത്വരം വന്നു പരിപാലിച്ചുകൊളേളണമേ

സത്വചേതസാ മഹാസത്വവാരിധേ! നാഥ!“

ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-

ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരൻ 1470

ചിത്തവേഗേന നടന്നീടിനാ,നതുനേരം

പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം

അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ

വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-

ന്നുത്തരീയാർദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-

ഭദ്രനു കാണ്മാൻ യോഗംവരികെന്നകതാരിൽ

സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;

മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോൾ.

അബ്ധിയുമുത്തീര്യ തൻപത്തനം ഗത്വാ തൂർണ്ണം

ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 1480

ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ

ഹൃദ്യമാരായ നിജ രക്ഷോനാരികളേയും

നിത്യവും പാലിച്ചുകൊൾകെന്നുറപ്പിച്ചു തന്റെ

വസ്ത​‍്യമുൾപ്പുക്കു വസിച്ചീടിനാൻ ദശാനനൻ.

ഉത്തമോത്തമയായ ജാനകീദേവി പാതി-

വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.

വസ്‌ത്രകേശാദികളുമെത്രയും മലിനമായ്‌

വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും

രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു

യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490

നീഹാരശീതാതപവാതപീഡയും സഹി-

ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം

ലങ്കയിൽ വസിച്ചിതാതങ്കമുൾക്കൊണ്ടു മായാ-

സങ്കടം മനുഷ്യജന്മത്തിങ്കലാർക്കില്ലാത്തു?

Generated from archived content: ramayanam29.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here