ലക്ഷ്മണോപദേശം

ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ

തൃക്കഴൽ കൂപ്പി വിനയാനതനായിച്ചൊന്നാൻഃ

“മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ!

ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.

ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം

മാനസാനന്ദം വരുമാറരുൾചെയ്‌തീടേണം. 600

ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം

നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ.”

ശ്രീരാമനതു കേട്ടു ലക്ഷ്‌മണൻതന്നോടപ്പോ-

ളാരുഢാനന്ദമരുൾചെയ്‌തിതു വഴിപോലെഃ

“കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം

കേട്ടോളം തീർന്നീടും വികല്പഭ്രമമെല്ലാം.

മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ-

നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.

വിജ്ഞാനസഹിതമാം ജ്ഞാനവും ചൊൽവൻ പിന്നെ

വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ! 610

ജ്ഞേയമായുളള പരമാത്മാനമറിയുമ്പോൾ

മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.

ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-

ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ

മായയാകുന്നതതു നിർണ്ണയമതിനാലെ

കായസംബന്ധമാകും സംസാരം ഭവിക്കുന്നു.

ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു

രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.

എന്നതിൽ മുന്നേതല്ലോ ലോകത്തെക്കല്പിക്കുന്ന-

തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും 620

ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും

സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.

ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-

താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.

മായാകല്പിതം പരമാത്മനി വിശ്വമെടോ!

മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.

രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ

നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.

മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും

മാനസത്തിങ്കൽ സ്‌മരിക്കപ്പെടുന്നതുമെല്ലാം 630

സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ

വിഭ്രമം കളഞ്ഞാലും വികല്പമുണ്ടാകേണ്ട.

ജന്മസംസാരവൃക്ഷമൂലമായതു ദേഹം

തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം.

ദേഹമായതു പഞ്ചഭൂതസഞ്ചയമയം

ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ.

ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി

മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം

ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ

ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം. 640

എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും

നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ.

ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള

സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.

ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള

സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.

ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ

കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.

ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം

ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.

മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം

മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം 650

അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ

മന്യുഭാവവുമകലെക്കളഞ്ഞനുദിനം

ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ

ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു

നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ

സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌

മാനസവചനദേഹങ്ങളെയടക്കിത്ത-

ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ

ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-

ലനഹങ്കാരത്വേന സമഭാവനയോടും 660

സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും

സർവദാ രാമരാമേത്യമിതജപത്തൊടും

പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു

സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം

ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-

ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം

പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു-

മേകാന്തേ പരമാത്മജ്ഞാനതൽപരനായി

വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്‌തു

വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ 670

ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും

മാനസേ വികല്പങ്ങളേതുമേയുണ്ടാകൊല്ലാ.

ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-

ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം

മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ

മാനമില്ലാത പരമാത്മാവുതാനേ വേറേ

നില്പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം

തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി

ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം

ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ. 680

ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ

ഞാനിതെന്നറിവിനു സാധനമാകയാലെ.

സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ

സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ.

ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ

യോഗേശനജനഖിലാധാരൻ നിരാധാരൻ

നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്‌മാത്മകൻ

ബുദ്ധ്യുപാധികളിൽ വേറിട്ടവന്മായാമയൻ

ജ്ഞാനംകൊണ്ടുപഗമ്യൻ യോഗിനാമേകാത്മനാം

ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം. 690

ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ

ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു

ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി

ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.

ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-

മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-

തുളളവണ്ണമേ പറവാനുമിതറിവാനു-

മുളളം നല്ലുണർവുളേളാരില്ലാരും ജഗത്തിങ്കൽ.

മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ

മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700

നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി

രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ

നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ

ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.

ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം

ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.

മത്ഭക്തന്മാരോടുളള നിത്യസംഗമമതും

മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും

ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-

രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ 710

പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല

ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ

മൽക്കഥാപാഠശ്രവണങ്ങൾചെയ്‌കയും മുദാ

മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊളളുകയും

സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ-

രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.

ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി-

ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.

ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങൾ

സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും. 720

മുക്തിമാർഗ്ഗം താവക പ്രശ്‌നാനുസാരവശാ-

ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.

വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ

ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.

ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും

വക്തവ്യമവനോടു വിശ്വാസം വരികയാൽ.

ഭക്തിവിശ്വാസശ്രദ്ധായുക്തനാം മർത്ത്യനിതു

നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.

ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം

ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും.” 730

Generated from archived content: ramayanam22.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here