ആരണ്യകാണ്ഡം

ആരണ്യകാണ്ഡം

കാണ്ഡാരംഭത്തിൽ ചടങ്ങനുസരിച്ച്‌ പൈങ്കിളിയെ ക്ഷണിക്കുകയും കിളിപ്പെണ്ണ്‌ കഥാശേഷം ആരംഭിക്കുകയും ചെയ്യുന്നു. അത്യാശ്രമത്തിൽ നിന്ന്‌ മഹാരണ്യത്തിലേക്ക്‌ പ്രവേശിക്കുന്നതുമുതല്‌ക്കാണ്‌ ആരണ്യകാണ്ഡം തുടങ്ങുന്നത്‌. ആശ്രമസന്ദർശനം, പഞ്ചവടി നിവാസം, ശൂർപ്പണഖയുടെ ആഗമനം, ഖരവധം, മാരീചനിഗ്രഹം, സീതാപഹരണം, വിരാധവധം, കബന്ധഗതി, ശബര്യാശ്രമപ്രവേശം തുടങ്ങിയവയെല്ലാം ദണ്ഡകാരണ്യത്തിലെ താമസക്കാലത്തെ സംഭവങ്ങളാകയാൽ ഈ കാണ്ഡത്തിന്‌ ആരണ്യകാണ്ഡം എന്നു പേർ സിദ്ധിച്ചു. മഹർഷിമാരെല്ലാം ശ്രീരാമനെ ഭഗവദവതാരമായി സ്തുതിക്കുന്ന ഈ കാണ്ഡത്തിലാണ്‌ അദ്ധ്യാത്മതത്ത്വപ്രകാശനം കൂടുതൽ പ്രകടമായിട്ടുളളത്‌.

ബാലികേ! ശുകകുലമൗലിമാലികേ! ഗുണ-

ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ

നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ

നീലനീരജദലലോചനൻ നാരായണൻ

നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ

കാലദേശാനുരൂപൻ കാരുണ്യനിലയനൻ

പാലനപരായണൻ പരമാത്മാവുതന്റെ

ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും.

ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു

സാരമായൊരു മുക്തിസാധനം രസായനം. 10

ഭാരതീഗുണം തവ പരമാമൃതമല്ലോ

പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ.

ഫാലലോചനൻ പരമേശ്വരൻ പശുപതി

ബാലശീതാംശുമൗലി ഭഗവാൻ പരാപരൻ

പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ.

ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ!

രാമനാം പരമാത്മാവാനന്ദരൂപനാത്മാ-

രാമനദ്വയനേകനവ്യയനഭിരാമൻ

അത്രിതാപസപ്രവരാശ്രമേ മുനിയുമാ-

യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20

മഹാരണ്യപ്രവേശം

പ്രത്യുഷസ്യുത്ഥായ തൻ നിത്യകർമ്മവും ചെയ്തു

നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാൻ.

“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങൾക്കു മുനി-

മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു

ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം

പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!

ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-

ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരിൽ ചിലരെയും.”

ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു

തിങ്ങീടും കൗതൂഹലംപൂണ്ടുടനരുൾചെയ്തുഃ 30

“നേരുളള മാർഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി-

താരുളളതഹോ തവ നേർവഴി കാട്ടീടുവാൻ!

എങ്കിലും ജഗദനുകാരിയാം നിനക്കൊരു

സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം.”

‘ചൊല്ലുവിൻ നിങ്ങൾ മുമ്പിൽനടക്കെ’ന്നവരോടു

ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാൻ.

അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-

തന്നോടു രാമചന്ദ്രൻ വന്ദിച്ചു ഭക്തിപൂർവ്വംഃ

“നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-

മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ.” 40

എന്നു കേട്ടാശീർവാദംചെയ്തുടൻ മന്ദം മന്ദം

ചെന്നു തൻ പർണ്ണശാല പുക്കിരുന്നരുളിനാൻ.

പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോൾ

മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.

അന്നേരം ശിഷ്യർകളോടരുളിച്ചെയ്തു രാമ-

‘നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?’

എന്നുകേട്ടവർകളും ചൊല്ലിനാ‘രെന്തു ദണ്ഡം

മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.

വേഗേന ഞങ്ങൾ കടത്തീടുന്നതുണ്ടുതാനു-

മാകുലം വേണ്ട ഞങ്ങൾക്കുണ്ടല്ലോ പരിചയം. 50

എങ്കിലോ തോണികരേറീടാ’മെന്നവർ ചൊന്നാർ,

ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാർ.

ശ്രീരാമൻ പ്രസാദിച്ചു താപസകുമാരക-

ന്മാരോടു ‘നിങ്ങൾ കടന്നങ്ങുപോകെ’ന്നു ചൊന്നാൻ.

ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-

രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാർ.

ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ

ഘോരമായുളള മഹാകാനനമകംപുക്കാർ.

ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-

ശല്യാദിമൃഗഗണാകീർണ്ണമാതപഹീനം 60

ഘോരരാക്ഷസകുലസേവിതം ഭയാനകം

ക്രൂരസർപ്പാദിപൂർണ്ണം കണ്ടു രാഘവൻ ചൊന്നാൻഃ

“ലക്ഷ്മണാ! നന്നായ്‌ നാലുപുറവും നോക്കിക്കൊൾക

ഭക്ഷണാർത്ഥികളല്ലോ രക്ഷസാം പരിഷകൾ.

വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം

നല്ലൊരു ശരമൂരിപ്പിടിച്ചുകൊൾക കൈയിൽ.

മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും

പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.

ജീവാത്മപരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും

ദേവിയാം മഹാമായാശക്തിയെന്നതുപോലെ 70

ആവയോർമ്മദ്ധ്യേ നടന്നീടുകവേണം സീതാ-

ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ.”

ഇത്തരമരുൾചെയ്തു തൽപ്രകാരേണ പുരു-

ഷോത്തമൻ ധനുർദ്ധരനായ്‌ നടന്നോരുശേഷം

പിന്നിട്ടാരുടനൊരു യോജനവഴിയപ്പോൾ

മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാർ.

കല്‌ഹാരോൽപലകുമുദാംബുജരക്തോൽപല-

ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം

തോയപാനവുംചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ-

ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം. 80

Generated from archived content: ramayanam14.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here