“എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമൻ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദൻ
പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്
നിന്നുടെ തനയനായ്‌ക്കൗസല്യാദേവിതന്നിൽ
വന്നവതരിച്ചിതു വൈകുണ്‌ഠൻ നാരായണൻ.
നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജൻ കശ്യപപ്രജാപതി 850
നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
പ്രത്യക്ഷീകരിച്ചു ‘നീ വാങ്ങിക്കൊൾ വര’മെന്നാൻ.
‘പുത്രനായ്പിറക്കേണമെനിക്കു ഭവാ’നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും. 860
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ് മിഥിലയിൽ
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ.”
സന്തുഷ്ടനായ ദശരഥനും കൗശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം 870
‘രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു’മെ-
ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
‘വരിക രാമ! രാമ! ലക്ഷ്മണാ! വരിക’യെ-
ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
‘ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
ജനകജനനിമാർചരണാംബുജം കൂപ്പി
മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
ചാപതൂണീരബാണഖഡ്‌ഗപാണികളായ
ഭൂപതികുമാരന്മാരോടും കൗശികമുനി
യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
മന്ദം പോയ് ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
“രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം 890
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിർമ്മിതകളീ വിദ്യക”ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.
Generated from archived content: ramayanam10.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English