വിദുരവാക്യം – തുടർച്ച

ഭർത്താവിൻ നിയോഗത്തെയാദരിയാതെയതിൽ

പ്രത്യുക്തി പറഞ്ഞേറ്റമാത്മാഭിമാനത്തൊടും

ചിത്തത്തിൽ പ്രതികൂലമായ്‌ പറഞ്ഞീടുന്നൊരു

ഭൃത്യനെ ത്യജിക്കേണം ബുദ്ധിമാനായ നൃപൻ.

സകല ഭൂതങ്ങൾക്കും ഹിതമായാത്മാവിനും

സുഖമായിരിപ്പതേ ചെയ്യാവൂ ഭൂപാലനും.

ബുദ്ധിയും പ്രഭാവവും തേജസ്സുമുത്ഥാനവും

സത്വരമേറ്റം വ്യവസായവുമുളളവനു

വൃത്തിക്കു ഭരമൊരുനാളുമുണ്ടാകയില്ല

വൃത്തിക്കു ഭയമായാൾ നിഷ്‌ഫലം ഗുണമെല്ലാം.

നാരിമാരെയും പരന്മാരെയും സർപ്പത്തെയും

വൈരിപക്ഷികളെയും സ്വാദ്ധ്യായത്തെയും നിജ

ഭോഗാനുഭവത്തെയും വിശ്വാസമുണ്ടാകവേണ്ടാ.

സർപ്പാഗ്നിസിംഹങ്ങളും കുലപുത്രനുമുളളിൽ

സ്വല്പവുമവജ്ഞേയന്മാരല്ലെന്നറിയണം.

വിദ്യാഭിജനവയോബുദ്ധ്യർത്ഥശീലങ്ങളാൽ

വൃദ്ധന്മാരവമന്തവ്യന്മാരല്ലൊരിക്കലും

ഗുണവാന്മാരായുളള പാണ്ഡവന്മാരെ നിത്യ-

മണയത്തിരുത്തുകിൽ നിനക്കു സൗഖ്യംവരും.

ശിഷ്‌ടനാമവൻതന്നെ ദ്വേഷമുണ്ടെന്നാകിലും

തുഷ്‌ടനായ്‌ പരിഗ്രഹിച്ചീടുകെന്നതേവരൂ.

ആർത്തനായിരിപ്പവനൗഷധം കയ്‌ക്കുന്നതു-

മാസ്ഥയാ സേവിച്ചീടുമാറല്ലോ കണ്ടുപോരൂ.

ദുഷ്‌ടനാമവൻതന്നെ സ്‌നേഹമുണ്ടെന്നാകിലും

പെട്ടെന്നു പരിത്യജിച്ചീടുമെന്നതേ വരൂ.

ദഷ്‌ടമായിതു വിരൽ പാമ്പിനാലെന്നാകിലോ

പെട്ടെന്നാ വിരൽതന്നെ ഛേദിക്കെന്നതും വരും.

മാരീചൻ മണ്ഡോദരി മയനും സുമാലിയും

വീരനാം കുംഭകർണ്ണൻ നീതിമാൻ വിഭീഷണൻ

എന്നിവർ പറഞ്ഞതു കേളാഞ്ഞു ദശമുഖൻ

തന്നുടെ കാമത്തിന്റെ മൂർച്ഛത നിമിത്തമായ്‌

ഇന്ദ്രജിത്തിന്റെ വാക്കു കേട്ടതുനിമിത്തമായ്‌

വന്നിതു ദശാസ്യനു നാശമെന്നെറിഞ്ഞാലും

എന്നതുപോലെ വരും നാശമിന്നിവിടെയും

നിന്നുടെ മകൻതന്റെ വാക്കുകൾ കേൾക്കുന്നാകിൽ.

കാമത്താലതുവന്നു രാക്ഷസപ്രവരനു

ലോഭത്താൽ വരുന്നിതു നിന്നുടെ മകനിപ്പോൾ.

മക്കളെ ലാളിക്കരുതാകായെന്നതു കണ്ടാൽ

ശിക്ഷിച്ചു തന്റെ കാലം കഴിച്ചുകൊൾകേയാവൂ.

ഇത്തരമുളള വിദുരോക്തികൾ ബഹുവിധം

വിസ്‌തരിച്ചുരചെയ്യാനേതുമേ കാലം പോരാ.

ദൈവകല്പിതം തടുക്കാവതല്ലൊരുവനും

ദൈവത്താൽ കൃതമിദമെന്നോർത്തു വിദുരരും

പൗരുഷം നിരർത്ഥകമെന്നുറച്ചതുനേരം

കൗരവവീരനോടു പിന്നെയുമുരചെയ്‌താൻഃ

ഭൂഭാരഹരണത്തിനായ്‌ പിറന്നൊരു ദേവൻ

ഭൂപതി രമാപതി ലോകൈകപതി കൃഷ്‌ണൻ

കർമ്മണാം പതി വേദപതി ദേവാനാം പതി

ധർമ്മൈകപതി യജ്ഞപതി സല്പതി ഹരി

ഭക്തവത്സലൻ കരുണാനിധി പശുപതി

ഭുക്തിമുക്തികൾ ദാനംചെയ്‌തീടും യദുപതി

തത്വാദി ഗുണത്രയയുക്തനാം പ്രകൃതിക്കും

തത്വങ്ങളെല്ലാറ്റിനുമാദാരഭൂതൻ നാഥൻ

തൻതിരുവടിയുടെ കല്പിതമെല്ലാമെന്നു

ചിന്തിച്ചു തല്പാദാബ്‌ജം സേവിച്ചുകൊൾക നിത്യം.

Generated from archived content: mahabharatham9.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here