വിദുരവാക്യം – തുടർച്ച

ഉത്തമാശനം മാംസോത്തരമെന്നറിഞ്ഞാലും

മദ്ധ്യമാശനമല്ലോ ഗോരസോത്തരം നൂനം.

അധമാശനം ലവണോത്തരമേവം മൂന്നു-

വിധമായുളള ഭുവി ഭോജനം നരപതേ!

അത്യന്തമധമന്മാർക്കശനാൽ ഭയം പിന്നെ

മദ്ധ്യമന്മാർക്കു മരണത്തിങ്കൽനിന്നു ഭയം

ഉത്തമന്മാർക്കു ഭയമപമാനത്തിങ്കൽനി-

ന്നിത്തരമിനിയും ഞാൻചൊല്ലുവാൻ വേണമെങ്കിൽ.

കാര്യങ്ങൾ ചെയ്യായ്‌കിലും ചെയ്‌കിലുമകാര്യങ്ങ-

ളാര്യന്മാർ ഭയപ്പെടുമെപ്പൊഴും രണ്ടിങ്കലും

മാനസമദകരമായുളള പേയങ്ങളെ-

പ്പാനവുംചെയ്‌തീടുമാറില്ലല്ലോ മഹത്തുക്കൾ.

അർത്ഥാഭിജാത്യവിദ്യാദികളാലുളള മദ-

മെത്രയും വിരിയെപ്പോം സജ്ജനസംഗത്തിനാൽ.

സത്തുക്കളസജ്ജനത്തോടു ചെന്നേതാനുമൊ-

ന്നർത്ഥിച്ചാലസജ്ജനം സൽഭാവം നടിച്ചീടും.

വസ്‌ത്രവാനായുളളവനാൽ ജിതയല്ലോ സഭ

സത്വരം ഗതിമതാ നിർജ്ജിതമദ്ധ്വാതാനും.

ഗോമതാ ജിതമശനാഗ്രഹം ശീലവതാ

ശ്രീമതാ സർവ്വം ജിതമുർവ്വീന്ദ്രശിഖാമണേ!

ശിലമെത്രയും പ്രധാനം പുരുഷനു നൂനം

ശീലമല്ലായ്‌കയിൽ മിത്രാർത്ഥങ്ങൾകൊണ്ടെന്തുഫലം?

ഐശ്വര്യമത്തൻ പാപിഷ്‌ഠൻ മധുമത്തനിലു-

മൈശ്വര്യമത്തനൂർദ്ധ്വഗതിയുമില്ലയല്ലോ

ധർമ്മാർത്ഥങ്ങളെ ത്യജിച്ചിന്ദ്രിയവശഗനായ്‌

ദുർമ്മദത്തോടു വർത്തിച്ചീടിന പുരുഷനു

വിത്തവും ധാന്യങ്ങളും ജീവനും നശിച്ചുപോ-

മുത്തമനാകുന്നവനിന്ദ്രിയജയം വേണം.

അർത്ഥേശനിന്ദ്രിയേശനല്ലെങ്കിലവനുളേളാ-

രർത്ഥവും നശിച്ചുപോം ക്ഷിപ്രമെന്നറിഞ്ഞാലും.

സത്യമാർജ്ജവം ശൗചം സന്തോഷമനസൂയ

ചിത്തശാന്ത്യനായാസം പ്രിയവാക്യാദിഗുണം

ഉണ്ടാകയില്ലയല്ലോ നിർണ്ണയം ദുരാത്മനാ-

മുണ്ടാകിലതു പരപീഡയ്‌ക്കായ്‌വരുന്താനും.

ആത്മനി ധർമ്മനിത്യത്വം വിചോഗുപ്തി ദാന-

മാത്മജ്ഞാനവുമസംരംഭവും തിതിക്ഷയും

തുഷ്‌ടിയുമഹിംസയുമനുകമ്പാദികളും

ദുഷ്‌ടർക്കു കുറഞ്ഞോന്നുമുണ്ടാകയില്ലയല്ലോ

ഭൂപതേ! ഹിംസബലം കേവലമസാധൂനാം

ഭൂഭൃതാം ബലം ദണ്ഡവിധിയെന്നറിഞ്ഞാലും.

സ്‌ത്രീണാം ശുശ്രൂഷ ബലം ഗുണിനാം ക്ഷമ ബലം

പ്രാണിനാം ബലം ജലം പാർത്ഥിവകുലപതേ!

അടവി മഴുകൊണ്ടു വെട്ടിയാലകച്ചീടും

കഠിനവാചാ വെട്ടിമുറിച്ചാലകച്ചിടാ.

നാരാചശല്യം ദേഷത്തിങ്കൽനീന്നെടുത്തീടാം

ക്രൂരവാക്‌ശല്യമെടുക്കും ചികിത്സകനില്ല

വിശ്വപാലനരാജലക്ഷണസമ്പന്നനായ്‌

വിശ്വാസയോഗ്യനായ ഭൂപതി യുധിഷ്‌ഠിരൻ

ധീരത്മാ ദുഃഖങ്ങളെസ്സഹിച്ചീടുന്നു തവ

ഗൗരവം നിമിത്തമായെന്നതോർത്തരുളണം.

സർവ്വവേദജ്ഞനേക്കാളുൽക്ക്‌റുഷ്‌ടനാകുന്നതു

സർവ്വഭൂതങ്ങളിലുമാർജ്ജവമുളള പുമാൻ.

ആകയാൽ പുത്രന്മാരിലാർജ്ജവം പ്രതിപാദി-

ച്ചേകാന്തസൗഖ്യം വാണാൽ സ്വർഗ്ഗപ്രാപ്‌തിയും വരും.

എത്രനാളേക്കു കീർത്തി നില്‌ക്കുന്നിതവനിയി-

ലത്രനാളേക്കു സ്വർഗ്ഗവാസമുണ്ടാവനോർത്താൽ.

ദൈത്യേന്ദ്രൻ വിരോചനൻ കേശിനിനിമിത്തത്താ-

ലാസ്ഥയാ സുധന്വാവിനോടുളള സംവാദം നീ

കേട്ടിട്ടില്ലയോ നൃപശ്രേഷ്‌ഠനാം ധൃതരാഷ്‌ട്ര!

കേട്ടാലെത്രയും മനോമോഹനമിതിഹാസം.

ക്ഷത്താവു ധൃതരാഷ്‌ട്രർതന്നെക്കേൾപ്പിച്ചീടിനാ-

നുത്തമമായ പുരാവൃത്തമെപ്പേരുമപ്പോൾ.

രൂപത്തിൻ ഗുണമപഹരിച്ചീടുന്നു ജര

കോപമർത്ഥത്തെയെല്ലാം പ്രത്യപഹരിക്കുന്നു.

ശീലത്തെയപഹരിച്ചീടുന്നു ഖലസേവ

കാലൻ പ്രാണനെയപഹരിച്ചീടുന്നുവല്ലോ.

ആശതാനപഹരിച്ചീടുന്നു ധൈര്യത്തേയു-

മാശു കന്ദർപ്പനപഹരിച്ചീടുന്നു നാണം.

ധർമ്മചര്യയെയപഹരിക്കുമസൂയയും

നിർമ്മലമതേ! സർവ്വം ഹരിക്കുമതിമാനം.

ക്രോധിക്കർത്ഥവുമില്ല ശഠനു മിത്രമില്ല

ക്രൂരനു നാരിയില്ല സുഖിക്കു വിദ്യയില്ല

കാമിക്കു നാണമില്ല കോശമില്ലലസനു

സർവ്വവുമില്ല നൂനമനവസ്ഥിതനോർത്താൽ.

കൃതജ്ഞത്വവും പരാക്രമവും വിനയവും

മിതഭാഷണം ദാനമന്വയവിശുദ്ധിയും

ശ്രുതവും സൽപ്രജ്ഞയുമുളളവൻ ശോഭിക്കുന്നു.

ഇച്ചൊന്ന ഗുണമെട്ടുമില്ലാതപുരുഷനെ-

സ്സജ്ജനമേതും ബഹുമാനിക്കയില്ലയല്ലോ.

സ്വർലോകത്തിനു നിദർശങ്ങളായിട്ടുണ്ടുപോൽ

ചൊല്ലുന്നിതെട്ടു ഗുണമറിക ധാത്രീപതേ!

അന്വവേദങ്ങൾ നാലുമന്വവായങ്ങൾ നാലും

മന്നവാ! ചൊല്ലീടുവിൻ കേട്ടാലും യഥാസൗഖ്യം

യജ്ഞദാനാദ്ധ്യയനതപസാം നിഷ്‌ഠ നാലും

വിജ്ഞാനിജനമന്വവേദങ്ങളെന്നു ചൊല്ലും.

സത്യമാർജ്ജവം ദമമാനൃശംസ്യവുമിവ

ചത്വാരി ബുധമതമന്വവായങ്ങളെന്നും

വൃദ്ധന്മാരില്ലാത്തൊരു സഭയും സഭയല്ല

വൃദ്ധന്മാരല്ല ധർമ്മത്തെച്ചൊല്ലീടാതവരും

സത്യമില്ലാത ധർമ്മം ധർമ്മവുമല്ലയല്ലോ

സത്യവും സത്യമല്ല മായാനുവിദ്ധമായാൽ.

സത്യവും രൂപം ശ്രുതം വിദ്യയും കുലം ശീലം

ശക്തിയും ധനം ശൗര്യം വിചിത്രഭാഷ്യമിവ

പത്തുണ്ടു സംസർഗ്ഗയോനികളെന്നറിയണം

പൃത്ഥ്വീശതിലകമേ! കേട്ടാലുമിനിയും നീ.

വാസരത്തിങ്കൽ പ്രവർത്തിക്കിലേ രാത്രൗ പിന്നെ

വാസംചെയ്‌തീടാവിതു സുഖമായെന്നു നൂനം.

എട്ടുമാസവും പ്രവർത്തിക്കിലേ പുനരതി-

വൃഷ്‌ടിമാസങ്ങൾ നാലും സുഖമായ്‌ വസിക്കാവൂ.

യൗവനത്തിങ്കൽ പ്രവർത്തിച്ചർത്ഥമാർജ്ജിക്കിലേ

ചൊവ്വോടേ വാർദ്ധക്യത്തിൽ സുഖിച്ചുവസിക്കാവൂ.

ജീവപര്യന്തം പ്രവർത്തിക്കിലേ മരിച്ചാലും

ദേവലോകാദികളിൽ സൈർവമായ്‌ വസിക്കാവൂ.

ആചാര്യതാത്മവതാം ശാസ്‌താവു, ദുരാത്മനാം

രാജാവു ശാസ്‌താ, പിന്നെച്ഛന്നപാപന്മാർക്കെല്ലാം

അന്തകൻതന്നെ ശാസ്‌താവാകുന്നതറിഞ്ഞാലു-

മെന്തിനു വളരെ ഞാനിത്തരം പറയുന്നൂ.

താപസന്മാരുടേയും വാഹിനിമാരുടേയും

ശോഭതേടീടും മഹാത്മാക്കൾവംശത്തിന്റേയും

ഉത്ഭവസ്ഥാനമന്വേഷിക്കേണ്ട ദിവ്യന്മാർക്കി-

ല്ലുല്പത്തിദോഷമെന്നതോർക്കണം നരപതേ!

വ്യാഹൃതത്തെക്കാൾ ശ്രേയസ്സാകുന്നതവ്യാഹൃതം

വ്യാഹൃതം രണ്ടാമതു സത്യത്തെ വദിക്കണം

വ്യാഹൃതം പിന്നെ പ്രിയം വദിക്ക മുന്നാമതും

വ്യാഹൃതം ധർമ്മം വദിക്കെന്നതു നാലാമതും.

ഉത്തമന്മാരെ വേണം സേവിച്ചുകൊളളുവാനും

മദ്ധ്യമന്മാരെക്കാര്യകാലേ സേവിക്ക വേണ്ടൂ.

സേവിച്ചീടരുതധമന്മാരെയൊരിക്കലും

ഭാവിച്ചീടരുതവരോടാഭിമുഖ്യംപോലും.

മാനസതാപംകൊണ്ടു ബലവും ശരീരവും

ജ്ഞാനവും ക്ഷയിച്ചുപോം വ്യാധിയും വർദ്ധിച്ചീടും.

പെരികെ വിശ്വസ്‌തന്റെ പത്നിയെ പ്രാപിപ്പവൻ

ഗുരുതല്പഗൻ വൃഷലീപതിയാകും ദ്വിജൻ

ശരണാഗതഹന്താ മദ്യപനിവരെല്ലാം

കരുതീടണം ബ്രഹ്‌മഹന്താവിനൊക്കുമല്ലോ.

എപ്പൊഴും പ്രിയം പറഞ്ഞീടുവാൻ പലരുമു-

ണ്ടപ്രിയമെന്നാകിലും പത്ഥ്യത്തെച്ചൊല്ലീടുവാൻ

സൽപ്പുരുഷന്മാരില്ല കേൾപ്പാനുമാരുമില്ല

ദുർബ്ബോധമുളള ജനമൊഴിഞ്ഞില്ലൊരേടത്തും.

ഭർത്താവിൻ പ്രിയാപ്രിയമറിഞ്ഞീടാതെ ധർമ്മ-

തത്വവുമറിഞ്ഞുകൊണ്ടുപ്രിയമെന്നാകിലും

പത്ഥ്യത്തെച്ചൊല്ലുമമാത്യൻ വേണം രാജാവായ-

ലെത്രയും വന്നുകൂടുമദ്യുദയവുമെന്നാൽ.

സർവ്വവുമുപേക്ഷിച്ചുമാത്മാവെ രക്ഷിക്കണ-

മൂർവ്വിയെയുപേക്ഷിച്ചും മിത്രത്തെ രക്ഷിക്കേണം

ഗ്രാമത്തെയുപേക്ഷിച്ചും രാജ്യത്തെ രക്ഷിക്കേണം

ഗ്രാമത്തെയൊരു ഗൃഹം കളഞ്ഞും രക്ഷിക്കേണം.

ഒരുവൻതന്നെക്കളഞ്ഞൊരിടം രക്ഷിക്കണം

കരുതീടുക മനതാരതിലിവയെല്ലാം.

പുത്രനെയുപേക്ഷിച്ചും വംശത്തെ രക്ഷിക്കണ-

മുത്തമന്മാരായുളേളാരിങ്ങനെ ചെയ്‌തു ഞായം.

അർത്ഥത്തെ രക്ഷിക്കണമാപത്തുവരുമ്പൊഴേ-

ക്കർത്ഥത്തെക്കാളും ധർമ്മദാരങ്ങൾ രക്ഷിക്കണം

ദാരാർത്ഥങ്ങളേക്കാളുമാത്മാവെ രക്ഷിക്കണം

ധീരന്മാരായുളളവരിങ്ങനെ ചെയ്‌തു ഞായം

ഭർത്താവിന്നഭിമതമറിഞ്ഞു കാര്യങ്ങളെ

നിത്യവുമവക്രബുദ്ധ്യാ സ്വയം രക്ഷചെയ്‌തു

പത്ഥ്യങ്ങൾ വചിച്ചനുരക്തനായ്‌ ശക്തിജ്ഞനാം

ഭൃത്യൻതന്നോടു തുല്യനായനുകമ്പ്യനില്ല.

Generated from archived content: mahabharatham8.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here