വിദുരവാക്യം – തുടർച്ച

എട്ടു വസ്‌തുക്കളേറ്റമുണ്ടേറ്റം പ്രമാദത്തെ-

പ്പുഷ്‌ടമാക്കീടുവാനായ്‌ മർത്ത്യനു പൃത്ഥ്വീപതേ!

തന്നുടെ സഖികളോടുളെളാരു സമാഗമം

പിന്നെയൊട്ടതിയായിട്ടുളെളാരു ധനാഗമം

ധന്യനാം തനയനാലുളെളാലു പരിഷ്വംഗം

സന്നിപാതവും സുരതത്തിങ്കലൊരുപോലെ

കാലാതിക്രമവിരഹേ നിജ പ്രിയാലാഭം

മാലോകർ കൂടുന്നേരം തമ്മിലേ സമ്മാനവും

തന്നുടെ ജാതിതന്നെക്കണ്ടുളള സന്നാമവും

തന്നാൽ പണ്ടഭിപ്രേതമായതിനുടെ ലാഭം

എന്നിവയെട്ടും സദസ്സമ്മോദം വളർത്തീടും

മന്നവകുലമകുടത്തിൻ നായകക്കല്ലേ!

ക്ഷേത്രജ്ഞൻതന്നാലധിഷ്‌ഠിതമായിരിക്കുമി-

ക്ഷേത്രത്തെ നവദ്വാരം പഞ്ചസാക്ഷികമെന്നും

ത്രിസ്ഥൂണമെന്നുമറിയുന്നവൻ മഹാവിദ്വാ-

നെത്രയുമവൻ ക്ഷേത്രക്ഷേത്രജ്ഞവേദിയല്ലോ.

പത്തുപേരുണ്ടു ഭൂവി ധർമ്മത്തെയറിയാതെ

മത്തനും പ്രമത്തനും ക്രുദ്ധനുമുന്മത്തനും

ചിന്താശ്രാന്തനും ത്വരമാണനും ബുഭൂക്ഷിതൻ

ലുബ്‌ദനും ഭീരുതാനും കാമിയായുളളവനും.

ആകയാലീവണ്ണമെല്ലാമുളള ഭാവങ്ങളി-

ലേകനിഷ്‌ഠയാ വിദ്വാനില്ലേതും പ്രമാദങ്ങൾ.

പുത്രാർത്ഥം പുരാ സുധന്വാവിനാൽ ഗീതമാകും

ചിത്രമാമിതിഹാസം കേട്ടിട്ടില്ലയോ ഭവാൻ!

ഉദ്ധതജനവേഷം കൈക്കൊണ്ടീടരുതല്ലോ

കഥനംചെയ്‌തീടരുതാത്മപൗരുഷത്തേയും.

തന്നുടെ സുഖത്തിങ്കൽ മോദിച്ചീടരുതൊട്ടു-

മന്യദുഃഖത്തിങ്കലുണ്ടാകണം കരുണയും.

ദത്തമായതു ചിന്തിച്ചനുതാപവുമരു-

തുത്തമനെങ്കിലതു ചൊല്‌കയുമരുതല്ലോ.

ദേശാചാരവും ജാതിധർമ്മവും ചെയ്‌തീടണ-

മാശു വർജ്ജിച്ചീടണം ദുർജ്ജനവിവാദവും

ഡംഭമത്സരം മോഹം പൈശൂനം പാപകൃത്യം

സംപ്രതി വർജ്ജിക്കേണം ഭൂപതിദ്വിഷ്‌ടനേയും.

മത്തോന്മത്തന്മാരോടുമുത്തരം പറയരു-

തുത്തമന്മാരെപ്പുരസ്‌കരിച്ചു നടക്കണം.

സഖ്യവും വിവാഹവും വ്യവഹാരവും തനി-

ക്കൊക്കുമൊട്ടാഭിജാത്യമുളളവരോടു വേണം.

ഹീനന്മാരോടുകൂടി സംസർഗ്ഗമരുതൊട്ടും

ദാനവും ചെയ്‌തീടണമാശ്രിതന്മാർക്കു നിത്യം.

ഭൂപതേ! തവ നിയോഗത്തേയും പാലിച്ചേറ്റം

താപത്തെപ്പൂണ്ടു വാഴും പാണ്ഡവർതന്റെ രാജ്യം.

പാതിയും കൊടുപ്പതു ധർമ്മമതല്ലയായ്‌കിൽ

ഖേദവും വരും ഭവാനേറ്റമറിഞ്ഞാലും.

നല്ല വാക്കുകൾ തവ കേട്ടാലില്ലലംഭാവം

ചൊല്ലുചൊല്ലിനിയും നീയെന്നിതു ധൃതരാഷ്‌ട്രർ

ചൊല്ലിയനേരമതിനുത്തരം വിദുരരും

ചൊല്ലിനാൻ മനോഹരമായുളള വാക്കുകളാൽ

നല്ലതുമാകാത്തതും ചൊല്ലുവൻ ചൊന്നാൽ കേൾക്ക-

യില്ല നീയതുകൊണ്ടു ചൊല്ലുവാൻ മടിയാകും.

നല്ലതു പാണ്ഡവർക്കു നാടു പാതിയും നല്‌കി-

യല്ലൽ തീർന്നിരിക്കതാവല്ലായ്‌കിൽ സുതന്മാരെ-

ക്കൊല്ലുമേ പാണ്ഡവന്മാരില്ല സംശയമേതും.

നല്ല ഭീഷ്‌മദ്രോണകർണ്ണാദിയും മരിച്ചീടും.

പ്രിയമാകിലും പുനരപ്രിയമെന്നാകിലും

നയമാകിലുമപനയമാകിലുമതി-

ശുഭമാകിലുമേറ്റമശുഭമെന്നാകിലും

അഭിമോദേന ചോദ്യം ചെയ്‌കിലേ പറയാവൂ

വൈചിത്രവീര്യനൃപ! കേൾക്കണമിവയെല്ലാം

വൈശദ്യം മനസ്സിലുണ്ടല്ലോ ഭവാനേറ്റം.

വൈദുഷ്യം ഭവാനേക്കാളേറ്റമുണ്ടായിട്ടല്ല

വൈദഗ്‌ദ്ധ്യം വാക്കിനേറ്റമുണ്ടെങ്കിലതുമല്ല

സ്നേഹമുണ്ടതുകൊണ്ടു കേൾക്കും ഞാൻ ചൊന്നാലെന്ന

മോഹമുണ്ടെനിക്കതുകൊണ്ടു ഞാൻ പറയുന്നു.

വംശനാശത്തെക്കണ്ടു സങ്കടം പാരമുണ്ടു

സംശയം തീർന്നുതല്ലോ നിന്നുടെ സുതന്മാർക്കോ

പ്രാപ്‌തമായിതു രാജ്യമിനിക്കെന്നകതാരി-

ലോർത്തു വർത്തിച്ചീടരുതുർവ്വീശനസാംപ്രതം

പിന്നെയുമവിനയം സമ്പത്തെ ഹനിച്ചീടും

നിർണ്ണയമല്ലോ നല്ല രൂപത്തെജ്ജരപോലെ.

പാദപഫലം പഴുക്കുംമുമ്പേ ഭുജിച്ചീടിൽ

സ്വാദുമില്ലല്ലോ പിന്നെ വിത്തുമില്ലാതെവരും.

പക്വമായതു ഭുജിച്ചാലതിരസമുണ്ടാം

വൃക്ഷവുമുണ്ടാം പിന്നെപ്‌ഫലവുമുണ്ടായ്‌വരും.

പുഷ്‌പങ്ങൾതോറും ചെന്നു നിത്യവുമുളള മധു-

ഷൾപദമുരുക്കൂട്ടി രക്ഷിച്ചു വർദ്ധിപ്പിക്കും.

അപ്പോലെ നൃപവരനെത്രയുമഹിംസയാ

തൽപ്രജകളിൽനിന്നാർജ്ജിക്കേണമർത്ഥമേറ്റം.

വിരിഞ്ഞ വിരിഞ്ഞ പൂവറുത്തുകൊൾകേയാവൂ

വിരഞ്ഞു മൂലച്ഛേദംചെയ്യരുതൊരിക്കലും

ആരാമത്തിങ്കൽ ചെന്നു മാലകാരനെപ്പോലെ

ദാരുമൂലാർത്ഥിയാകുമംഗാരകാരകന്റെ

കാരിയം കാട്ടീടരുതെന്നുമേ നരപതേ!

സാരനെന്നിരിക്കിലെന്നറിക കുരുപതേ!

അനർത്ഥം പ്രജകൾക്കു വരുത്തും നിരർത്ഥകൻ

തനിക്കൊരർത്ഥലാഭം വരികയില്ലതാനും.

കുണ്‌ഠനാം ഭൂപാലനെയാർക്കുമേ വേണ്ടീലെന്നാൽ

ഷണ്ഡനാം ഭർത്താവിനെ നാരികൾക്കെന്നപോലെ.

കർമ്മങ്ങൾകൊണ്ടും നോക്കുകൊണ്ടും വാക്കുകൾകൊണ്ടും

സമ്മാനിച്ചീടുകിലേ രഞ്ജിപ്പൂ ലോകം തൻകൽ.

പീഡിപ്പിച്ചീടുന്നാകിൽ പേടിക്കും പ്രജകളും

വേഗത്തിലോടും മൃഗം വ്യാധനെക്കാണുന്നേരം.

കർത്തവ്യം പരരാഷ്‌ട്രമർദ്ദനംപോലെതന്നെ

നിത്യവും നിജ രാഷ്‌ട്രരക്ഷണം രാജാവിനാൽ.

ഉന്മത്തനെന്നാകിലും ബാലകനെന്നാകിലും

സമ്മതമായ സാരവാക്കു കൈക്കൊൾകേ വേണ്ടൂ.

ശങ്കിക്കവേണ്ട സുവർണ്ണത്തെ കൈക്കൊൾകേ വേണ്ടൂ

പങ്കത്തിൽ കിടക്കുന്നുതെങ്കിലുമതിദ്രുതം.

ഗോക്കളോഗന്ധംകൊണ്ടും ബ്രാഹ്‌മണർവേദംകൊണ്ടും

ഭോഷ്‌കല്ല ചാരന്മാരെക്കൊണ്ടു ഭൂപാലന്മാരും

നോക്കിക്കാണുന്നു; കണ്ണുകൊണ്ടു മറ്റുളള ജനം.

മിത്രബാന്ധവന്മാരായുളള ഭൂപാലേന്ദ്രന്മാർ

ഭർത്തൃബാന്ധവമാരായുളള നാരികളെല്ലാം

വേദബാന്ധവന്മാരായുളള ഭൂദേവേന്ദ്രന്മാർ.

മേദിനീശ്വര! ഗോക്കൾ പർജ്ജന്യബാന്ധവന്മാർ.

സത്യത്തെക്കൊണ്ടു ധർമ്മമഭ്യാസംകൊണ്ടു വിദ്യ

വൃത്തത്തെക്കൊണ്ടു കുലം മജ്ജനംകൊണ്ടു രൂപം

രക്ഷിച്ചുകൊൾകവേണം മാനത്തെക്കൊണ്ടു ധാന്യം

രക്ഷിക്കാമനുക്രമംകൊണ്ടു വാജികളേയും

അന്തികേ വിലോകനംകൊണ്ടു ഗോകുലം രക്ഷ്യം

സന്തതം കുചേലകൾകൊണ്ടു നാരികളേയും

വൃത്തിഹീനനു കുലമപ്രമാണം പോൽ നല്ല-

വൃത്തവാനെങ്കിലന്ത്യജാതനും, നന്നുതാനും.

പരന്മാരുടെ വിത്തരൂപവീര്യാഭിജാത്യ-

ഗുരുസൗഭാഗ്യസുഖസൽക്കാരാദികൾ കണ്ടാൽ

ചിത്തത്തിലസൂയ വർദ്ധിച്ചീടും പുരുഷനും

നിത്യവുമാധിയൊഴിഞ്ഞില്ലെന്നു ധരിക്കേണം.

Generated from archived content: mahabharatham7.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here