വിദുരവാക്യം

ചിന്തിച്ചു ധൃതരാഷ്‌ട്രൻ വിദുരർതന്നെ നോക്കി

വെന്തുരുകുന്നു മനം നിദ്രയില്ലേതുമെന്നാൻ.

നല്ലതു ചൊല്ലീടണം നിന്നുടെ വാക്കുകേട്ടാ

ലല്ലലുണ്ടാകയില്ല ചിന്തയുമില്ലാതെയാം.

നിദ്രയില്ലായ്‌കകൊണ്ടു സങ്കടം പാരമുണ്ടു

ഭദ്രമെന്തതിനെന്നു ചിന്തിച്ചു ചൊല്ലേണം നീ

വിദുരരതു കേട്ടു മനസി നിരൂപിച്ചു

മതിമാനായ നരപതിയോടുരചെയ്‌തുഃ

ബലവാൻതന്നാലഭിയുക്തനായ്‌ ചമഞ്ഞോരു

ബലഹീനനും വൃത്തിസാധനവിഹീനനും

ഹൃതദ്രവ്യനുമതികാമിക്കും തസ്‌കരനും

ക്ഷിതിനായകാ! നിദ്രയില്ലെന്നു കേൾപ്പു ഞാനോ.

ഇങ്ങനെയുളള ദോഷമൊന്നുമില്ലല്ലോ ഭവാ-

നെങ്ങനെ പിന്നെ പ്രജാഗരത്തിന്നവകാശം?

പരദ്രവ്യത്തെത്തനിക്കടക്കിക്കൊൾവാനുളളിൽ

പെരുത്ത മോഹമുണ്ടായ്‌വരികകൊണ്ടല്ലല്ലീ?

വിശ്വത്തെയടക്കി രക്ഷിച്ചു വാണീടുവാനായ്‌

നിശ്ശേഷതരരാജലക്ഷണസമ്പന്നനാം

ധർമ്മനന്ദനനോടു നീയും നിൻപുത്രന്മാരും

നിർമ്മൂലം വിപരീതമായതു നിരൂപിച്ചാൽ.

ഭാഗ്യമില്ലായ്‌ക തവ കേവലമതുമിഹ

യോഗ്യമെന്നറിവുള്ളോർക്കാർക്കുമേ തോന്നീലല്ലോ!

താതനെന്നൊരു ഭക്തിബഹുമാനസ്‌നേഹങ്ങൾ

ചേതസി സദാകാലമുണ്ടാകനിമിത്തമായ്‌

എന്തെല്ലാം ദുഃഖമനുഭവിച്ചീടുന്നു നിത്യം

കുന്തീനന്ദനനായ ധർമ്മജൻ ഗുരുഭക്തൻ

ജ്ഞാനവും തിതിക്ഷയും ധർമ്മവും വാക്‌ശാന്തിയും

ദാനവുമിത്യാദികളാകിയ ഗുണമെല്ലാം

ഇല്ലാത സുയോധനകർണ്ണസൗബലാദികൾ-

ക്കല്ലോ നീ രാജ്യൈശ്വര്യം കൊടുത്തു ഭോഗത്തിനായ്‌.

ഒരു വംശത്തിങ്കൽനിന്നുണ്ടായ ജനങ്ങളിൽ

പെരികെഗ്‌ഗുണവാന്മാർ ചിലർ ദുഷ്‌ടന്മാർ ചിലർ

എന്നുണ്ടോ വരുന്നതെന്നോർക്കേണ്ടാ ഭവാനിതി-

ന്നൊന്നുണ്ടു പറയുന്നൂ ഞാനതിന്നുപമയായ്‌.

തച്ചന്മാർ വനഭൂവി ചെന്നുടൻ നോക്കിയൊരു

വൃക്ഷത്തെ വെട്ടിക്കുറച്ചതിനെക്കൊണ്ടുതന്നെ

കട്ടോടം മരക്കൊട്ട തോണിയുമുലക്കയു-

മൊട്ടേടംകൊണ്ടു യാഗപാത്രങ്ങളായ്‌മേവീടും

സ്രുവവും ജൂഹുവുമിത്യാദികൾ പണിചെയ്യും

നൃവരശിഖാമണേ! കേൾക്കണമതുപോലെ.

മരുവൻ തന്റെ പുത്രന്മാരായിട്ടുണ്ടായ്‌വന്ന

പരുഷന്മാരും വരുമീവണ്ണമറിഞ്ഞാലും.

അത്യർത്ഥം പ്രശസ്‌തങ്ങളായവ സേവിച്ചീടും

നിത്യവും നിന്ദിതങ്ങളായവ വർജ്ജിച്ചീടും

അശ്രദ്ധധാനനല്ല നാസ്തികത്വവുമില്ല

വിദ്വാനാകുന്നതവൻ പണ്ഡിതനറിക നീ.

ക്രോധദർപ്പാദി ഹർഷസ്തംഭലജ്ജാദികളാ-

ലേതുമേ വിഘ്‌നം കാര്യസാദ്ധ്യത്തിനുണ്ടാകാതെ

സ്വച്ഛമാമാത്മാവോടു മാന്യമാനിത്വംകൊണ്ടു

നിശ്ചലനാകുന്നവൻ പണ്ഡിതനറിക നീ.

ശീതോഷ്‌ണഭയരതിസമൃദ്ധിദാരിദ്ര്യാദി-

ഹേതുനാ കൃത്യത്തിനു ഭംഗത്തെ വരുത്താതെ

നിത്യവും കർത്തവ്യാനുഷ്‌ഠാനം ചെയ്‌തീടുന്നവൻ

വിദ്വാനെത്രയുമവൻ പണ്ഡിതശ്രേഷ്‌ഠനല്ലോ.

നഷ്‌ടമായതു ചിന്തിച്ചേതുമേ ദുഃഖിയാതെ

തുഷ്‌ടനായപ്രാപ്യമായുളളതു കാമിയാതെ

ആപത്തുവരുംകാലമേതുമേ മോഹിയാതെ

താപത്തെസ്സഹിപ്പവൻ പണ്ഡിതനറീക നീ.

കാലത്തെ നിരൂപിച്ചു കല്പിച്ചു നിശ്ചയിച്ചോ-

രാലസ്യം മദ്ധ്യേ തുടങ്ങീടാതെ കർമ്മം ചെയ്‌തു

കാലവുമവന്ധ്യമാക്കിക്കൊണ്ടു വശ്യാത്മാവായ്‌

പാലിച്ചു പുരുഷാർത്ഥം വാണീടുന്നവൻ വിദ്വാൻ.

അന്യായകർമ്മം വാചാ മനസാ ചെയ്യാതെക-

ണ്ടന്യേഷാം ഹിതത്തിങ്കലീർഷ്യയുമുണ്ടാകാതെ

ആര്യകർമ്മണി രഞ്ജിച്ചേറിയ സല്‌ക്കർമ്മണാ

ധീരനായിരിപ്പവൻ പണ്ഡിതനറിക നീ.

സമ്മാനത്തിങ്കലുളളിൽ സമ്മോദമുണ്ടാകാതെ

നിർമ്മൂലമവമാനത്തിങ്കലും ഖേദിയാതെ

അക്ഷോഭ്യനായിഗ്ഗംഗതന്നിലെ ഹ്രദംപോലെ

രക്ഷിച്ചു ധർമ്മത്തെയും വാണീടുന്നവൻ വിദ്വാൻ.

സംപ്രവൃത്തോക്തിമാനായ്‌ വിചിത്രകഥനുമായ്‌

സംപ്രതി ദാനവാനായ്‌ ശുദ്ധോക്തീവക്താവുമായം

ഊഹാപോഹാദികളിൽ ചതുരഹൃദയനായ്‌

മാഹാത്മ്യത്തോടു വാണീടുന്നവൻ മഹാവിദ്വാൻ.

സകല ഭൂതങ്ങൾക്കുമെത്രയും മനോജ്ഞനായ്‌

സകല കർമ്മങ്ങൾക്കുമുചിതയോഗജ്ഞനായ്‌

സകല പുരുഷരിൽവച്ചുപായജ്ഞനുമായ്‌

സകല വിജ്ഞാനിയായുളളവൻ മഹാവിദ്വാൻ.

പ്രജ്ഞാനുഗതമായ വിശ്രുതമുണ്ടു പിന്നെ

പ്രജ്ഞയും ശ്രുതാനുഗയാംവണ്ണമുണ്ടുതാനും

അസംഭിന്നാര്യജനമര്യാദയോടും നിത്യ-

മസന്ദിഗ്‌ദ്ധാത്മാവായുളളവൻ മഹാവിദ്വാൻ.

അർത്ഥമാകിലും ബലാലൈശ്വര്യമെന്നാകിലും

വിദ്യയാകിലും തനിക്കേറിയൊന്നുണ്ടായ്‌വന്നാൽ

എത്രയും വിനീതനായസമുന്നദ്ധനായ

വിദ്വാനു സമന്മാരായില്ല വിദ്വാന്മാരാരും.

അശ്രാന്തം ദരിദ്രനായുളളവൻ മഹാമന-

സ്സശ്രുതനായുളളവനത്യർത്ഥം സമുന്നദ്ധൻ

അർത്ഥാശ പാരം പ്രവർത്തിക്കയില്ലേതുംതാനു-

മെത്രയും മൂഢനവനെന്നല്ലോ ബുധമതം.

അർത്ഥത്തെത്തനിക്കുളളതഴിച്ചു പരമാർത്ഥമായ്‌

മിത്രാർത്ഥം മിഥ്യാചാരം ചെയ്യുന്നതവൻ മൂഢൻ.

തന്നെക്കാമിച്ചിടാത നാരിയെക്കാമിക്കയും

തന്നെക്കാമിച്ചവളെ താൻ പരിത്യജിക്കയും

തന്നെക്കാൾ ബലവാനോടേറെ മത്സരിക്കയും

തന്നെത്താനറിയാതെ ചെയ്‌തീടുന്നവൻ മൂഢൻ.

മിത്രത്തെ ദ്വേഷിപ്പാനായമിത്രം മിത്രമാക്കി

പ്രത്യഹം ദുഷ്‌ടകർമ്മം ചെയ്‌തീടുന്നവൻ മൂഢൻ.

ഉൾപ്പൂവിൽ കൃത്യങ്ങളെസ്സംശയിച്ചനുദിനം

ക്ഷിപ്രാർത്ഥം കർമ്മം ചിരാൽ ചെയ്‌തീടുന്നവൻ മൂഢൻ.

അന്യമന്ദിരത്തിങ്കൽ ചൊല്ലാതെ ചെല്ലുകയും

തന്നോടു ചോദിയാതെ താനേറിപ്പറകയും

ഉദ്ധതനായുളളവൻതന്നെ വിശ്വസിക്കയും

ബദ്ധമോദേന ചെയ്‌തീടുന്നവൻ മഹാമൂഢൻ

അന്യദോഷങ്ങൾ പറഞ്ഞേറ്റവുമാക്ഷേപിക്കും

തന്നുടെ വർത്തമാനമവ്വണ്ണംതന്നെതാനും

പിന്നെത്താനൊരുവർക്കുമീശനല്ലാതെയുളേളാ-

നന്വഹം കോപിക്കയും ചെയ്‌തീടുന്നവൻ മൂഢൻ.

തന്നുടെ ബലമറിയാതെ ധർമ്മാർത്ഥംവിനാ

തന്നാൽ സാദ്ധ്യവുമല്ലയാത കർമ്മങ്ങൾ ചെയ്‌വാൻ

അന്നന്നു തുടങ്ങിയുമന്നന്നു മുടങ്ങിയും

പിന്നെയുമതിന്നാരംഭിച്ചീടുന്നവൻ മൂഢൻ.

ശിഷ്യനല്ലാതവനെ വെറുതേ ശാസിക്കയും

നിസ്സ​‍്വനായുളളവനെ നിയതം സേവിക്കയും

ദുഷ്‌ടനെബ്‌ഭജിക്കയും ശിഷ്‌ടനെ നിന്ദിക്കയും

കഷ്‌ടമോർത്തോളമവനെത്രയും മഹാമൂഢൻ.

സമ്പന്നമാകുംവണ്ണം തനിക്കു ഭുജിക്കണം

ശുഭമന്ദിരത്തിങ്കൽ വാസവും ചെയ്‌തീടണം

തന്നുടെ പുത്രമിത്രകളത്രദൃത്യാദികൾ-

ക്കൊന്നുമേ പൊറുതിക്കു കൊടുക്കയില്ലതാനും.

അങ്ങനെയുളള നരൻതന്നോളം ദുഷ്‌ടനായി-

ട്ടെങ്ങുമേ നിരൂപിച്ചാലാരുമില്ലറിഞ്ഞാലും.

ഒരുത്തൻ പാപകർമ്മം ചെയ്‌തീടിലതിൻ ഫലം

പരക്കെയുളള മഹാജനങ്ങൾക്കൊക്കത്തട്ടും.

കാലത്താൽ മോചിച്ചീടുമാപത്തു മറ്റുളേളാർക്കും

മേലിൽ താൻതന്നെയനുഭവിക്കും ചിരകാലം.

വേഗേന വില്ലാളിയാൽ മുക്തമാമസ്‌ത്രം പോയ്‌ച്ചെ-

ന്നേകനെ ഹനിക്കിലുമാം ഹനിയായ്‌കിലുമാം.

തന്നുടെയാത്മാവിനെ രാജാവു മോചിക്കിലോ

നിർണ്ണയം സരാജകം നശിക്കും രാജ്യമെല്ലാം.

ഒന്നിനാലുറയ്‌ക്കണം രണ്ടിന്റെ ബലാബലം

പിന്നെ മൂന്നിനെ നാലാൽ വശത്തു വരുത്തണം

അഞ്ചിനെജ്ജയിച്ചുളളിലാറിനെയറിഞ്ഞിട്ടു

വഞ്ചനാദികളെല്ലാമറിഞ്ഞു വഴിപോലെ

ഏഴിനെയുപേക്ഷിച്ചു സൗഖ്യത്തെ ലഭിക്കണം

കേളീയേറീടും നൃപന്മാരായാലവനിയിൽ.

ഏകനെ ഹനിച്ചീടുമത്രേ കാകോളരസ-

മേകനെത്തന്നെയൊരു ശസ്‌ത്രവും ഹനിച്ചീടും

അന്തരമേതുമില്ല സപ്രജം സരാഷ്‌ട്രകം

മന്ത്രവിസ്രവം രാജാവിനെയും ഹനിച്ചീടും

ഏകനായതിസ്വാദു ഭുജിച്ചീടരുതല്ലോ

ഏകനായ്‌ ചിന്തിച്ചു കല്പിക്കരുതൊരുകാര്യ-

മേകനായ്‌ പെരുവഴി പോകയുമരുതല്ലോ.

ഏകവേശ്‌മനി പലരും കിടന്നുറങ്ങുമ്പോ-

ളേകനായുണർന്നിരുന്നീടരുതു കേ-

ളേകമിന്നിയുമുണ്ടു ഭൂപാലശിഖാമണേ!

ഏകമേയുളളു പിന്നെ രണ്ടാമതില്ല ചൊൽവാൻ

നാകലോകത്തിന്നു സോപാനമായ്‌ നരപതേ!

സത്യമാകുന്ന വസ്‌തു തരണിപോലെ പുന-

രബ്‌ദിക്കു മതിമതാംപ്രവര! കുരുപതേ!

ഏകമേ ദോഷമുളളു സന്തതം ക്ഷമാവതാം

ലോകരുമശക്തരെന്നാക്കുവോരൊട്ടുചെന്നാൽ.

ഏകമാംധർമ്മം പരം ശ്രേയസ്സാകുന്നതോർത്താ-

ലോകൈവ ക്ഷമ ശാന്തിയായതെന്നതു നൂനം.

ഏകൈവ വിദ്യ പരതുഷ്‌ടിയെന്നറിയണ-

ലേകൈവാഹിംസ സതതം നിജസുഖാവഹാ.

രണ്ടു കർമ്മങ്ങൾ ചെയ്‌തുകൊണ്ടിഹലോകത്തിങ്കൽ

കണ്ടവർ കൊണ്ടാടുവാൻ കാരണം മഹീപതേ!

പാരുഷ്യവാക്കു പറയായ്‌കയും ദുഷ്‌ടന്മാരോ-

ടേറെച്ചെന്നൊന്നുമർത്ഥിച്ചീടാതെ കഴിക്കയും

രണ്ടു ജാതികൾ പരപ്രത്യയകാരികളാ-

യുണ്ടതു രണ്ടും പറഞ്ഞീടുവൻ നരപതേ!

ചെല്‌ക്കണ്ണാരെല്ലാമൊക്കക്കാമിതകാമിനിമാർ

മൂർഖന്മാരെല്ലാമൊക്കപ്പൂജിതപൂജകന്മാർ.

രണ്ടുണ്ടു ശരീരത്തെശ്ശോഷിപ്പിച്ചീടുവാനായ്‌

കണ്ടകജാതികൾ കേൾക്കണമോ ധരാപതേ!

നിർദ്ധനൻ കാമിക്കയുമസ്വാമി കോപിക്കയും

പൃത്ഥ്വീന്ദ്ര! ചൊല്ലീടുവൻ കേൾക്കണമെങ്കിലിന്നും.

രണ്ടുപേരുണ്ടല്ലോ സ്വർഗ്ഗത്തിനു മേലേലോകേ

കുണ്‌ഠത നീക്കി സുഖിച്ചീടുന്നു സദാകാലം.

പ്രഭുവാകിലും ക്ഷമാപരനായിരിപ്പോനും

വിഭവഹീനൻ ദാനശിലനായിരിപ്പോനും

അർത്ഥത്തിന്നതിക്രമമായിട്ടു രണ്ടുണ്ടല്ലോ

നിത്യം ന്യായാർജ്ജിതമാം ദ്രവ്യമെന്നിരിക്കിലും

പ്രതിപത്തിയുമപാത്രത്തിങ്കൽ പാത്രത്തിങ്ക-

ലതിനെപോലെ പുനരപ്രതിപാദനവും.

മൂന്നുപേരധമന്മാരാകുന്നിതവനിയിൽ

മൂന്നുപേരെയുമഹം വെവ്വേറെ ചൊല്ലാമല്ലോ.

ഭൃത്യനില്ലാതവനും പത്നിയില്ലാതവനും

പുത്രനില്ലാതവനുമെത്രയും ദരിദ്രന്മാർ.

നാലുണ്ടു രാജാവിനാൽ വർജ്ജ്യങ്ങളായിട്ടവ

നാലും പണ്ഡിതന്മാരായുളളവരറിഞ്ഞീടും.

അല്പപ്രജ്ഞന്മാരോടും ദീർഘസൂത്രന്മാരോടു-

മെപ്പൊഴുമലസന്മാരോടും ചാരണരോടും-

കൂടി രാജാവു കാര്യമന്ത്രത്തെച്ചെയ്‌തീടരു-

താടൽപൂണ്ടുഴന്നീടുമാറു വന്നീടുമെന്നാൽ.

നാലുപേരെയും ശ്രീമാനാകിലോ ഗൃഹസ്ഥൻത-

ന്നാലയത്തിങ്കൽ കൂടെവച്ചു പാലിച്ചിടേണ്ടൂ.

ജ്ഞാതിയാമവനതിശ്രാന്തനായ്‌ വരികിലും

നീതിമാൻ കുലശ്രേഷ്‌ഠൻ നിഃസ്വനായ്‌വരികിലും

പുത്രനില്ലെങ്കിൽ സ്വസാവിനെയും നിജ സഖി-

യത്യർത്ഥം ദരിദ്രനായ്‌വരികിലവനെയും.

പണ്ടുദേവേന്ദ്രനോടാചാര്യനാം ബൃഹസ്പതി-

യുണ്ടു നാലുപദേശം ചെയ്‌തിട്ടിന്നതും ചൊല്ലാം.

ദേവതാസങ്കല്പവും ബുദ്ധിമാന്മാരിലനു-

ഭാവവും വിദ്യാന്മാരോടേറ്റവും വിനയവും

പാപകർമ്മണാം വിനാശത്തെയുമിവ നാലും

താപത്തെയണയാതെ കളഞ്ഞീടുവാനുളളൂ.

അഞ്ചുണ്ടു രക്ഷിക്കേണ്ടുമഗ്നികൾ ഗൃഹസ്ഥന-

തഞ്ചും വെവ്വേറെ കേട്ടുകൊളളുക ധരാപതേ!

താതനും ജനനിയുമാത്മാവുമഗ്നിതാനും

പ്രീതനാമാചാര്യനുമഞ്ചിതെന്നറിയേണം.

അഞ്ചുപേരെയും പൂജിച്ചീടിന പുരുഷനാൽ

സഞ്ചിതം യശസ്സതെന്നറിക ധാത്രിപതേ!

ഭൃത്യന്മാർ സംന്യാസികൾ ദേവകൾ പതൃക്കളും

നിത്യമാഗമിച്ചീടുമതിഥിജനങ്ങളും.

ദോഷങ്ങളാറുണ്ടകലെക്കളഞ്ഞീടേണ്ടവ

ദോഷജ്ഞോത്തമ! ഭൂമിപാലകാ! കേട്ടീടേണം.

നിദ്രയും തന്ദ്രീഭയം ക്രോധമാലസ്യം പിന്നെ

പ്രത്യഹം ദീർഘസൂത്രത്വത്തെയും ത്യജിക്കണം.

ബുദ്ധിമാനിവരാറുപേരെയുമുപേക്ഷിക്കു-

മബ്‌ദിയിൽ സംഭിന്നയാം തരിയെപ്പോലെതന്നെ.

അപ്രവക്താവാമാചാര്യനെയും സദാകാല-

മപ്രിയവാദിനിയായീടിന പത്നിയേയും

അദ്ധ്യയനംചെയ്യാത ശിഷ്യനാമവനേയും

സത്വരമരക്ഷിതാവായ രാജാവിനേയും

ഗോപാലൻ ഗ്രാമപാലനായീടിലവനേയും

നാവികൻ വനകാമനായീടിലവനേയും.

ആറുണ്ടു ഗുണവുമുപേക്ഷിക്കരുതാതെ പുംസാ-

മാറും ചൊല്ലുവൻ സത്യം ദാനവുമനാലസ്യം

അനസൂയയും ക്ഷമ ധൃതിയുമിവയെല്ലാം

മനസാ ചിന്തചെയ്‌തു ധരിച്ചീടുകവേണം.

ആറുപേരുണ്ടു ജീവിച്ചീടുന്നിതനാരത-

മാറുപേരിലും പിന്നെയേഴാമതാരുമില്ല

തസ്‌കരൻ പ്രമത്തങ്കൽ വൈദ്യൻ വ്യാധിതങ്കലും

മൈക്കണ്ണിമാരെല്ലാരും കദമയാനന്മാരിലും

യാചകന്മാരെല്ലാരും യജമാനന്മാരിലും

രാജാവു വിമദമാനന്മാരാമവരിലും

വിദ്വാന്മാരെല്ലാം നിത്യമൂർഖന്മാരിലുമല്ലോ

നിത്യവും ജീവിക്കുന്നു ഭൂപാലശിഖാമണേ!

ദോഷങ്ങളുപേക്ഷിക്കേണ്ടുന്നവ രാജാവിനാ-

ലേഴുണ്ടു സപ്തവ്യസനങ്ങളെന്നല്ലോ ചൊല്ലൂ.

പരസ്‌ത്രീജനസേവ ദേവനം മൃഗയയും

വിരക്തിവരാതൊരു മദ്യപാനവുമേറ്റം

വാക്‌പാരുഷ്യവും ദണ്ഡപാരുഷ്യമാകുന്നതും

വായ്‌പോടു നിത്യമർത്ഥദൂഷണം ചെയ്‌കെന്നതും.

നാശം വന്നടുത്തിരിക്കുന്ന രാജാവു തനി-

ക്കാശു മുമ്പിലേ കാണാമെട്ടു കാരണങ്ങളും.

ബ്രാഹ്‌മണദ്വേഷം മുമ്പിൽ ബ്രാഹ്‌മണവിരോധവും

ബ്രാഹ്‌മണസ്വങ്ങളുപാദാനംചെയ്‌തീടുകയും

ബ്രാഹ്‌മണരെത്തന്നെ ഹിംസിക്കയുമതുമൂലം

ബ്രാഹ്‌മണനിന്ദ ഹേതുവായിട്ടു രമിക്കയും

ബ്രാഹ്‌മണപ്രശംസ കേൾക്കുന്നേരമക്ഷാന്തിയും

ബ്രാഹ്‌മണരെക്കൂടാതെ കൃത്യാനുഷ്‌ഠാനങ്ങളും

ബ്രാഹ്‌മണരപേക്ഷിക്കും നേരമഭ്യസൂയയും

ബ്രാഹ്‌മണശാപത്തിനു കാരണമിവയെല്ലാം.

ആവോളം വിചാരിച്ചു മുമ്പിലേ കളയേണ-

മാവതില്ലിവയകപ്പെട്ടാലൊന്നാർക്കും പിന്നെ.

Generated from archived content: mahabharatham6.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here