ദേവയാനീ ചരിതം

എങ്കിലോ ദേവാസുരയുദ്ധമുണ്ടായി മുന്നം
സങ്കടം തീര്‍ത്തു ജയമുണ്ടാവാനവര്‍ക്കുനാള്‍
ദേവകള്‍ ബൃഹസ്പതി തന്നെയാചാര്യനാക്കീ
ദേവവൈരികള്‍ ശുക്രന്‍ തന്നെയും കൈക്കൊണ്ടാര്‍ പോല്‍,
ദേവകളോടു പോരില്‍ മരിക്കുമസുരരെ
ജീവിപ്പിച്ചീടുമല്ലോ ശുക്രനാം മുനിവരന്‍,
ജീവനും ദേവകള്‍ക്കു ജീവനുണ്ടാക്കപ്പോകാ
ദേവകളതുമൂലം തോറ്റാരെന്നറിഞ്ഞാലും
മൃതസഞ്ജീവിനിയാം വിദ്യയുണ്ടല്ലോ ശുക്ര-
നതിനുള്ളുപദേശമില്ല ദേവാചാര്യനോ.
അന്നു ദേവകള്‍ ഗുരുതന്നുടെ സുതന്മാരില്‍
മുന്നവനായ കചന്‍ തന്നോടു ചൊന്നാരല്ലോ.
ചെന്നു നീ പഠിക്കേണം ശുക്രന്റെ വിദ്യയെന്നാ-
ലന്നൊഴിഞ്ഞില്ല ജയം നമുക്കെന്നറിഞ്ഞാലും
അമ്മുനിയുടെ മകള്‍ ദേവയാനിയെ നന്നായ്
സമ്മാനിച്ചരികെ പൂക്കീടുക മടിയാതെ.
തന്മകള്‍ ചൊന്നതൊഴിഞ്ഞമ്മുനി കേള്‍ക്കയില്ല
നിര്‍മ്മലയായ വിദ്യ പഠിക്കാമെന്നാലെടോ.
കചനുമതു കേട്ടു വൃഷപര്‍വ്വാവകുന്നോ-
രസുാധിപന്‍ തന്റെ നഗരമകം പൂക്കാന്‍.
ശുക്രനെച്ചെന്നു കണ്ടു വന്നിച്ചു മുനീന്ദ്രനും
കൈക്കൊണ്ടു വിദ്യകളും നന്നായി പഠിപ്പിച്ചു.
ശുക്രനും ദേവയാനിയാകിയ കുമാരിക്കു
മുള്‍ക്കാമ്പു തെളിയുമാറിരുന്നാവന്‍ താനും.
ദേവയാനിയാല്‍ വേണ്ടുമൊരോരോ പരികര്‍മ്മ-
മേതുമേ മടിയാതെ ചെയ്തിടും കചന്‍ താനും.
ദേവയാനിയാല്‍ വേണ്ടുമോരോരോ പരികര്‍മ്മ-
മേതുമേ മടിയാതെ ചെയ്തിടും കചന്‍താനും.
അവള്‍ക്കുമതുമൂലം കചനിലൊരുനാളു-
മിളക്കം വരാതൊരു രാഗവുമുണ്ടായ് വന്നു.
കന്യകതാനും ബ്രഹ്മചാരിയാം കചനുമായി
നന്നായി രമിച്ചു വാണീടിനാര്‍ നിരന്തരം.
കാനനന്തോറും പശുവൃന്ദത്തെ മേച്ചുപിന്നെ
നനാപൂഷ്പങ്ങള്‍ പുല്ലും സമിദാദികളെല്ലാം
കൊണ്ടുവന്നീടുമവന്‍ മിണ്ടാതെയിരിക്കുമ്പോള്‍
കണ്ടിക്കാര്‍കുഴലിയാം ദേവയാനിയുമായി
കണ്ട കാനനന്തോറും നടന്നു കളിച്ചീടും
കണ്ഠത കൂടാതെ തന്‍ വിദ്യയും പഠിച്ചീടും.
യൗവനമിരുവര്‍ക്കുമാരംഭിച്ചിരിക്കുന്നു
ദിവ്യത്വമുണ്ടാകയാല്‍ വൃത്തിയും രക്ഷിച്ചീടും.
വേണുനാദങ്ങളോടു താളങ്ങള്‍ മേളങ്ങളും
വീണവായന നല്ല വക്ത്രോക്തിവിശേഷവും
വ്യംഗ്യങ്ങള്‍ പലതരം ധ്വനികളിവയെല്ലാം
മംഗലമാകും വണ്ണം നന്നായിപ്പറകയും
അന്യോന്യം കളിച്ചവരിരുന്നാല്‍ പലകാലം
കന്യകതാനും ബ്രഹ്മചാരിയും പിരിയാതെ.
ആടീടുന്നവനിലും പാടീടുന്നവനിലും
ഗൂഢമാം നാരീവൃത്തം മറയ്ക്കുന്നവനിലും
ഇഷ്ടമായുള്ള വസ്തു കൊടുക്കുന്നവനിലു-
മിഷ്ടമായതുതന്നെ പറയുന്നവനിലും
കണ്ട ഭൂഷണമെല്ലാമണീയുന്നവനിലും
കണ്ടാല്‍ നല്ലവനിലും കേളിയുള്ളവനിലു-
മുണ്ടാകുമല്ലോ മധുവാണികള്‍ക്കനുരാഗ-
മുണ്ടല്ലോ കചനേവമാദിയാം ഗുണമെല്ലാം.

Generated from archived content: mahabharatham57.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here