പൂർവ്വരാജോല്‌പത്തി

പത്തുപേരുണ്ടായ്‌ മുന്നം പ്രാചീനബർഹിസ്സുകൾ

ക്രൂദ്ധനാം പ്രചേതസ്സിൻ മക്കളെന്നറിഞ്ഞാലും

മേഘങ്ങൾ തമ്മിലുരുമ്മീടുമ്പോളുണ്ടായ്‌വന്ന-

ശീകരാഗ്നിയിൽ വീണു വെന്തുപോയാർപോലവർ.

അവരിൽനിന്നുണ്ടായി ദക്ഷകനെന്നതും ചൊല്ലു-

മവനും വരണിയാം നാരിയെ സംപ്രാപിച്ചാൻ

അവൾ പെറ്റാത്മജന്മാരായിരമുണ്ടായ്‌വന്നാ-

രവർക്കു സാംഖ്യജ്ഞാനം നാരദനുറപ്പിച്ചാൻ

അതിനാലവർകളും മൈഥുനമുപേക്ഷിച്ചാർ

മതിമാന്മാരായൊക്കെ ബ്രഹ്‌മചാരികളായി.

സന്തതിയവരിൽ നിന്നുണ്ടാകാഞ്ഞതുമൂല-

മെന്തൊരുവഴി സൃഷ്‌ടിക്കെന്നു ചിന്തിച്ചു ദക്ഷൻ

അൻപതു പെണ്ണുങ്ങളെപ്പിന്നെയും ജനിപ്പിച്ചു

വൻപോടു കാശ്യപനു കൊടുത്തു പതിമൂന്നും.

പത്തു ധർമ്മനും ചന്ദ്രനിരുപത്തേഴും നല്‌കി-

യവരിലദിതിയാം കാശയപപത്നി പെറ്റി-

ട്ടാദിത്യന്മാരുണ്ടായ്‌ ലോകത്തെ പ്രകാശിപ്പാൻ

എന്നതിൽ വിവസ്വാന്റെ പുത്രനായതു യമൻ

പെണ്ണുമൊന്നുണ്ടായ്‌വന്നു യമിയെന്നവൾക്കു പേർ

പിന്നെയുമുണ്ടായിതു മനുവെന്നൊരു മകൻ

മാനവന്മാരെല്ലാരു മവങ്കൽ നിന്നുണ്ടായി.

വിപ്രന്മാരായാരതിൽ ചിലരെന്നതേവേണ്ടു

പൃഥ്വീനായകന്മാരായ്‌ വന്നിതു ചിലരെടോ

വേനനും ത്രസ്‌നുതാനും നരിഷ്യൻ നാഭാഗനു-

മീക്ഷ്വാകു കരൂശനും ശയ്യാതി പുനരിളൻ

പൃഷദ്ധ്‌റൻ ദിഷ്‌ടനിവർ പത്തുപേർ നൃപേന്ദ്രന്മാർ

പിന്നെയും പത്തൊമ്പതു നന്ദനന്മാരുണ്ടായാ-

രന്യോന്യം യുദ്ധം ചെയ്‌തു മരിച്ചാരവർകളും

പത്തുപേരുണ്ടായതിലെട്ടാമനാകുമിളൻ

മുത്തണിമുലയാളായ്‌ വന്നാനെന്നറിഞ്ഞാലും.

അക്കഥ പറയുമ്പോളെത്രയും പെരുപ്പമു-

ണ്ടക്കയൽക്കണ്ണിതന്നെക്കൈക്കൊണ്ടാനന്നു ബുധൻ

ബുധനു പുരൂരവാവെന്നൊരു മകനുണ്ടാ-

യതീമാനുഷമായ്‌ കർമ്മങ്ങൾ ചെയ്‌താനവൻ.

സോമവംശത്തീങ്കലേക്കാദിരാജാവുമവൻ

ഭൂമിയും സമുദ്രദ്വീപങ്ങളുമൊക്ക വാണാൻ

ദിവ്യരത്നങ്ങൾ ധനധാന്യങ്ങളെന്നതെല്ലാ-

മൂർവ്വീശനാകുമിളനാർജ്ജിച്ചനസംഖ്യമായ്‌

എന്നിട്ടും മതിയായില്ലെന്നവനല്ലോ കേൾപ്പൂ

നന്നീതു ലോഭത്തിന്റെ മഹിമ നിരൂപിക്കിൽ.

ബ്രഹ്‌മസ്വമായുള്ളതുമടക്കിത്തുടങ്ങിനാൻ

കർമ്മദോഷങ്ങളെന്നു കല്‌പിച്ചാൽ മറയോരും

അക്കാലം സനൽക്കുമാരൻ മുനി ശപിക്കയാ-

ലുൾക്കാമ്പിൽ മദനമാൽ മൂർച്ഛിച്ചു നരപതി

മൈക്കണ്ണിമണിയായോർവ്വശിതന്നെക്കണ്ടു

തൽക്കൊങ്ക പുണരാഞ്ഞു ദുഃഖിച്ചു വിവശനായ്‌

നഷ്‌ടസംജ്ഞനുമായീഗ്ഗന്ധർവ്വലോകത്തിങ്കൽ

മട്ടോലും മൊഴിയാളുമായവൻ നടകൊണ്ടാൻ.

മധുരാധരിയുമായധരപാനം ചെയ്‌തു

മതിയും മറന്നവനറുപത്തയ്യായിര-

ത്താണ്ടിരുന്നിട്ടുമേതുമറുതിവന്നതില്ല

വർദ്ധിച്ചു മദനമാൽ രമിച്ചു വസിച്ചോളം

വിരക്തിവരുമെന്നതൊരുത്തൻ നിനയ്‌ക്കേണ്ട

ത്യജിച്ചീടാഞ്ഞാൽ രാഗം വർദ്ധിക്കും ദിനംപ്രതി

വഹ്‌നിയിലാജ്യസമീദാദികൾ വേണ്ടുവോളം

പിന്നെയും ഹോമിച്ചോളം ജ്വലിച്ചുവരുമത്രേ.

സേവിച്ചോളവും നന്നായ്‌ വർദ്ധിച്ചുവരും കാമം

സേവിച്ചാൽ മതീയാമെന്നജ്ഞന്മാർ പറഞ്ഞീടും

ആവോളമകലത്തു വെടികയൊഴിഞ്ഞേതു-

മാവതില്ലനുരാഗം വേർവ്വിടവേണമെങ്കിൽ.

ദിവ്യമാനിനിയായൊരുർവശി രമിപ്പിച്ചീ-

ട്ടുർവ്വീനായകനേതും വന്നതില്ലലംഭാവം.

ആരവാർമുലയാളാമുർവശി പെറ്റിട്ടവ-

നാറുപുത്രന്മാരുണ്ടായ്‌ വന്നിതെന്നറിഞ്ഞാലും

ആയുസ്സും ധീമാനനും വസുവും ഗ്രഹായുസു​‍്സ-

മഞ്ചാമൻ വനായുസ്സുമാറാമൻ ശ്രുതായുസ്സും.

ഇവരിലായുസ്സിനു നാലു പുത്രന്മാരുണ്ടായ്‌

നഹുഷൻ മുമ്പിൽ വൃദ്ധശർമ്മാവു രണ്ടാമവൻ

ആജീരായുസ്സുമനോനസ്സുമെന്നവർക്കു പേ-

രവരിലവനീശനായ്‌വന്നു നഹുഷനും

അവന്റെ പരാക്രമം പറവാൻ പണി തുലോം

ഭൂമിയും വാനോർനാടുമടക്കി വാണാനവൻ

ഭൂമീന്ദ്രനവനൈന്ദ്രപടവുമടക്കീനാൻ

പൗലോമികളുർമുലപുല്‌കുവാൻ ഭാവിച്ചല്ലോ.

മാമുനിമാരെക്കൊണ്ടു തണ്ടെടുപ്പിച്ചിതവ

നഗസ്‌ത്യൻതന്റെ ശാപംകൊണ്ടൊരുപെരും പാമ്പായ്‌

ധന്യനാം ധർമ്മജനെക്കാണ്മോളം കിടന്നുപോൽ.

അവനുമാറുമക്കൾ യതിയും യയാതിയും

സംയാതിയെന്നും പുനരായാതി യാതിയെന്നും

ഉദ്ധവനെന്നുമവർതങ്ങടെ നാമമെല്ലാ-

മവിടെ യയാതിക്കു വന്നീതു രാജ്യം പിന്നെ-

യവനും രണ്ടു യേവാട്ടാനെന്നു കേട്ടിരിക്കുന്നു.

ഋഷികന്യകയായ ദേവയാനിയും പിന്നെ

വൃഷപർവ്വാവിൻ മകളാകിയ ശർമ്മിഷ്‌ഠയും

ദേവയാനിക്കു മക്കൾ യദുവും തുർവ്വശുവും

ദ്രുഹ്യുവുമനുദ്രുഹ്യു പുരുവും ശർമ്മിഷ്‌ഠയ്‌ക്കു.

അക്കാലം യയാതിക്കു ശുക്രന്റെ ശാപംകൊണ്ടു

ദുഷ്‌കർമ്മവശാൽ വന്നുനിറഞ്ഞു ജരാനര.

കൈക്കൊണ്ടാനതു പുരു മറ്റാരു കൈക്കൊള്ളാഞ്ഞു

മക്കളിലനുജനാം പുരുവിനായി രാജ്യം

മുഖ്യനായൊരു താതൻ ചൊന്നതു കേട്ടമൂല-

മക്കഥയൊക്കച്ചൊല്ല്‌കിൽ മറ്റൊന്നിനില്ല കാലം.

സൽഗുണനിധേജനമേജയ നൃപോത്തമ!

വൈശമ്പായനൻ പുനരിങ്ങനെ പറഞ്ഞപ്പോൾ

സംശയം മനക്കാമ്പിലുണ്ടായി പാരീക്ഷിതൻ.

താപസകുലവരരത്നമേ! ജയ ജയ

താപങ്ങളിവ കേട്ടാലുണ്ടാമോ മനക്കാമ്പിൽ.

ശുക്രമാമുനിയുടെ പുത്രിയാം ദേവയാനി

മുഖ്യനാം യയാതിക്കു പത്നിയായ്‌ വന്നതോർത്താൽ

ഒക്കുന്നില്ലേതും പ്രാതിലോമ്യമല്ലയോ മുനേ!

മൈക്കണ്ണി ശർമ്മിഷ്‌ഠയുമസുരനാരിയല്ലോ.

കൈക്കൊൾവാനവകാശമെന്തതു നരാധിപ-

നൊക്കവേ ചുരുക്കമായരുളിച്ചെയ്‌തീടണം

അക്കഥ നമുക്കിതിൽ കൂതുകമുണ്ടു പാരം

സല്‌ക്കഥ കേട്ടാൽ മതിയാകയില്ലൊരിക്കലും.

അപ്രകാരങ്ങളെല്ലാം കേൾക്ക നീയെങ്കിലപ്പോ-

ളത്ഭുതമുണ്ടുപാരം ദുശ്ചോദ്യമല്ലായതും.

Generated from archived content: mahabharatham56.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English