പുരുവംശോല്‌പത്തി

എങ്കിലോ കെട്ടുകൊൾക പൂരുവാം നരേന്ദ്രനു

പങ്കജസമമുഖിയാകിയ ശതരുചി

പത്നിയായ്‌ വന്നാളവൾ മൂന്നു മക്കളെപ്പെറ്റാ-

ളെന്നതിൽ മുമ്പനല്ലോ ശൂരനാം പ്രവീരാഖ്യ-

നവന്റെ പത്നിയല്ലോ ശൈബ്യയെന്നറിഞ്ഞാലും.

അവൾ പെറ്റുളളൂ നല്ല സമസ്യുവെന്ന നൃപൻ

രാജീവവിലോചനൻ സുഭ്രുവുമഭയദൻ

ഇങ്ങനെ മൂന്നു മക്കൾ നമസ്യുനൃപനുണ്ടാ-

യവരിലഭയദൻതന്നുടെ സുതരല്ലോ

സുന്ന്വാനും വസുനാഭൻ ഗർഗ്ഗനും രമ്യൻതാനു-

മവരിൽ സുന്വാനുടെ വല്ലഭ രഥന്തരീ-

യവൾ പെറ്റുണ്ടായ്‌വന്നു വീരനാം യവീയനും.

ഗന്ധർവ്വീ യവീയനാം ഭൂപതി തന്റെ പത്നി

സന്തതിയവൾ പെറ്റുമെട്ടുപേരുണ്ടായ്‌വന്നു

ശൂരനാം ദൃഢധന്വാ വപുഷ്‌മാൻ രുദ്രാശ്വനും

പൃഷദശ്വനും ബൃഹദശ്വരനും ഗയൻ മനു-

വെന്നിവർകളിൽവെച്ചു രുദ്രാശ്വനായ നൃപ-

നുന്നതസ്തനിയായോരപ്‌സരസ്‌ത്രീയേ വേട്ടാൻ.

അവൾ പെറ്റുണ്ടായ്‌വന്നു നല്ലനാമൃചേപുവും

കക്ഷേപു കൃപണേപു പിന്നെയസ്ഥണ്ഡിലേപു

അഞ്ചാമൻ വനേപുവും പിന്നെയസ്ഥലേപുവും

തേജോപു രഥേപുവും ധർമ്മേപു സന്തതേപു

എന്നിവർ പത്തു പൃഥ്വീനായകന്മരുണ്ടായി-

തെന്നതില്യ ചേപുവിൻ നന്ദനനന്തിനാരൻ.

ത്രസ്‌നുവും മേഘൻ പ്രതിരഥനും ദ്രുമൻതാനു-

മന്തിനാരന്റെ പുത്രനിങ്ങനെ നാലുപേരും

ത്രസ്‌നുവിന്നിലിലനെന്നുണ്ടായാനൊരു സുതൻ

പത്നിയുമുണ്ടായ്‌വന്നു ചൊല്ലെഴും രഥന്തരി.

അവൾ പെറ്റഞ്ചുമക്കൾ ദുഷ്‌ഷന്താദികളല്ലോ

ദുഷ്‌ഷന്തൻ തന്റെ പത്നീ ലക്ഷണയെന്ന നാരി

ലക്ഷണ പെറ്റു ജനമേജയനെന്ന നൃപൻ

ചൊല്‌കൊണ്ട വിശ്വാമിത്രപുത്രിയാം ശകുന്തള

മുഖ്യനാംദുഷ്‌ഷന്തന്റെകാന്തയായ്‌വന്നാൾപിന്നെ

യവൾ പെറ്റുളളൂ നല്ല ഭരതനെന്ന നൃപൻ

ഭാരതമെന്നതവൻമൂലമായ്‌ ചൊല്ലീടുന്നു

പാരിതിൽ പ്രാജ്ഞന്മാരായീടിന ബുധജനം

കേൾക്ക നീ നരാധിപ! ചൊല്ലുവൻ മടിയാതെ.

ദക്ഷനും വൈവസ്വതന്മനുവും ഭരതനും

പൂരുവും കുരുതാനുമജമീഢനുമിവ-

രാറുപേർപോക്കൽനിന്നുമുണ്ടായ നൃപന്മാരോ

നൂറുനൂറായിരമല്ലെണ്ണുകിലങ്ങു നൂനം.

പാരതിൽ ക്ഷത്രിയരും വർദ്ധിച്ചാരതുമൂലം

പുണ്യകളായ കഥാഭേദങ്ങൾ കാലഭേദ-

മിനിയുമൊരുവഴി ചൊല്ലുവേനതു കേൾക്ക.

Generated from archived content: mahabharatham55.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here