പരശുരാമൻ നശിപ്പിച്ച ക്ഷത്രിയവംശം വീണ്ടും അഭിവൃദ്ധിയെ പ്രാപിച്ചത്‌-3

നന്ദിയാമവളല്ലോ ഹർഷൻതന്നുടെ പത്നി

മുന്നേവൻ മരീചിക്കു കാശ്യപൻ മകനല്ലോ.

കാശ്യപസുതരെയോ മുന്നേ ഞാൻ ചൊന്നേനല്ലോ.

ദ്വാദശാദിത്യന്മാരിൽ സവിതാവിന്റെ ഭാര്യ

ബാഡവരൂപിണിയാം ത്വഷ്‌ടിയെന്നറിഞ്ഞാലും.

അവൾ പെറ്റുണ്ടായ്‌വന്നാരശ്വിനീദേവകളു-

മവരിൽനിന്നുണ്ടായി ഗുഹ്യകപ്പരിഷയും.

ഔഷധികളും പശുവൃന്ദവുമെന്നു കേൾപ്പൂ.

പിന്നെയും ബ്രഹ്‌മാവിന്റെ ഹൃദയത്തിങ്കൽനിന്നു

ധന്യനാം ഭൃഗുമുനിയുണ്ടായിതതും കേൾ നീ.

ഭൃഗുവിൻ മകൻ കവി കവിതന്മകൻ കാവ്യൻ

പിന്നെയും ഭൃഗുവിനു നല്ലൊരു മകനുണ്ടായ്‌.

അവനു നാമധേയം ച്യവനനെന്നാകുന്നു

അവന്റെ പത്നി മനുതന്മകളാർഷിയല്ലോ.

അവൾ പെറ്റൗർവ്വനെന്ന മാമുനിയുണ്ടായ്‌വന്നു.

അമ്മുനിസുതനല്ലോ നിർമ്മലനൃചീകനും

ചൊല്ലുവാൻ ജമദഗ്നിയായതുമവന്മകൻ.

നാലു പുത്രന്മാർ ജമദഗ്നിക്കു ജനിച്ചതിൽ

കാലനാശനശിഷ്യൻ രാമൻപോലവരജൻ.

നിന്തിരുവടിതാനും ഭാർഗ്ഗവഗോത്രത്തിങ്കൽ

സന്തതിയായുണ്ടായ ശൗനകമുനിയല്ലോ.

ഭാർഗ്ഗഗോത്രത്തിന്റെ പരപ്പു ചൊല്ലിക്കൂടാ

മാർഗ്ഗവേദികളവരേവരുമെല്ലാനാളും.

കേൾക്കണമെങ്കിലിന്നും ചൊല്ലുവൻ ചുരുക്കി ഞാ-

നാർക്കു കേൾക്കേണ്ടീ വൈരാഗ്യംവരും കഥയെല്ലാം.

ധാതാവിൻപോക്കൽനിന്നു പിന്നെയുമുണ്ടായ്‌ വന്നു

ധാതാവും വിധാതാവും മനുക്കൾക്കാധാരമായ്‌.

അവർകൾക്കിരുവർക്കും ഭഗിനി ലക്‌മീദേവി-

യവൾതൻ മനസ്സിൽനിന്നുണ്ടായീ തനയന്മാർ.

വ്യോമചാരികളാകുമശ്വങ്ങളവരെല്ലാം

കാമയാനാർത്ഥം മനോവേഗമുളളവരല്ലോ.

വരുണനുടെ പത്നിയായതു ജ്യേഷ്‌ഠയല്ലോ

തരുണീമണിയവളാറു മക്കളെപ്പെറ്റാൾ.

സുരയും പിന്നെസ്സുരനന്ദിനിയെന്നു രണ്ടു

വരനാരികളുമുണ്ടായിതു മകളരായ്‌.

ധാതാവിൻ വാമസ്തനത്തിങ്കൽനിന്നധർമ്മനും

ജാതനായിതു വരുണാത്‌മജന്മാരുമന്നാൾ.

അന്യോന്യം തച്ചുകൊന്നു ഭക്ഷിച്ചു നൂറുപേരു-

മന്നു യൗവനയുക്തനാകിയോരധർമ്മനും

നിരൃതിയെന്നവളെ കൈക്കൊണ്ടാനവൾ പെറ്റു

നൈരൃതന്മാരായുളള രാക്ഷസരുണ്ടായ്‌വന്നു.

പിന്നെയും ഭയന്മഹാഭയനും മൃത്യുതാനു-

മെന്നു മൂന്നധർമ്മപുത്രന്മാരുണ്ടായാരല്ലോ.

താമ്രയാം ബ്രഹ്‌മാത്മജപുത്രികളായുണ്ടായി

ക്രൗഞ്ചിയും ഭാസി ശ്യേനീ ധൃതരാഷ്‌ട്രിയും ശുകി.

ക്രൗഞ്ചിയും പെറ്റലൂകന്മാർ ഭാസിക്കു ഭാസന്മാരും

ശ്യേനിക്കു പുത്രന്മാരായ്‌ ശ്യേനന്മാർ ഗൃഗ്‌ദ്ധ്‌റന്മാരും

ധൃതരാഷ്‌ട്രിക്കു മക്കൾ ഹംസവും കളഹംസം

ചക്രവാകവും ശുകി പെറ്റിട്ടു ശുകന്മാരും.

പത്മസംഭവങ്കൽനിന്നുണ്ടായാളൊരു നാരി

കെല്‌പേറും ക്രോധവശയെന്നവളുടെ നാമം.

ഒമ്പതു നാരിമാരെസ്സംഭവിപ്പിച്ചാളവ-

ളൊമ്പതുപേരും പെറ്റാരോരോ ജാതികളെ.

മൃഗിയും മൃഗമന്ദ ഹരിയും ഭദ്രമന

മാതംഗി ശാർദ്ദൂലിയും ശ്വേതയും സുരഭിയും

സുരസതാനുമവരൊമ്പതുപേർക്കും നാമം.

മൃഗി പെറ്റുണ്ടായ്‌വന്നു മൃഗജാതികളെല്ലാം.

മൃഗമന്ദയ്‌ക്കു പുനരൃക്ഷന്മാരുണ്ടായ്‌വന്നു.

ഹരിയാമവളുടെ മക്കളെന്നറിഞ്ഞാലും

ഹരികൾ വാനരന്മാർ ഗോലാംഗുലന്മാരെല്ലാം.

ചൊല്‌ക്കൊളളും ഭദ്രമന്ദയ്‌ക്കുണ്ടായിതൈരാവതം

മാതംഗി പെറ്റുണ്ടായി മാതംഗപ്പരിഷകൾ.

ശാർദ്ദൂലി സിംഹവ്യാഘ്രന്മാരെയും പെറ്റാളല്ലോ.

ശ്വേത പെറ്റുണ്ടായിതു ശ്വേതാശ്വഗജമെല്ലാം

സുരഭി പെറ്റിട്ടുണ്ടായ്‌ രോഹണി ഗന്ധർവ്വിയും.

സുരസ പെറ്റുണ്ടായി നാഗങ്ങൾ പലതരം

രോഹണി പെറ്റാളതിൽ ഗോക്കളെബ്ബഹുവിധം

ഗന്ധർവ്വിയുടെ മക്കളശ്വങ്ങളറിയണം.

ശുകിതൻ മകളാകുമനല പെറ്റുണ്ടായീ

സകല സ്വാദുഫലമുളള വൃക്ഷങ്ങളെല്ലാം.

കദ്രുവിൻമകളായ സുരസാസുയല്ലോ

ശ്യേനിയാകുന്നതവളരുണപത്നിയായാൾ.

അവൾ പെറ്റുണ്ടായിതു സമ്പാതി ജടായുവു-

മവർകളിരുവരും രാമഭക്തന്മാരല്ലോ.

Generated from archived content: mahabharatham53.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here