പരശുരാമൻ നശിപ്പിച്ച ക്ഷത്രിയവംശം വീണ്ടും അഭിവൃദ്ധിയെ പ്രാപിച്ചത്‌-2

അളവില്ലാതെ വെള്ളമെന്നിയേ ലോകമൊന്നും

പ്രളയകാലത്തിങ്കലില്ലെന്നു ധരിച്ചാലും

അപ്പോഴുമൊരു ലയമില്ലാതെ നാരായണൻ

ചിൽപുമാൻനാഭിതന്നിലുണ്ടായിതൊരു പത്മം.

അപ്പുവിലുത്ഭവിച്ചു ചൊല്പൊങ്ങും വിരിഞ്ചനു-

മപ്പൊഴുതവനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാൻ

എന്നതിൽ നടേനടേയുണ്ടായീ ചതുർമ്മുഖൻ

തന്നുടെ മനസ്സിൽനിന്നാറു താപസന്മാരും.

പേരുകൾ മരീചിയുമത്രിയുമംഗിരസ്സും

ധീരനാം പുലസ്ത​‍്യനും പുലഹൻ ക്രതുതാനും

അവരിൽ മരീചിക്കു കാശ്യപനുണ്ടായ്‌വന്നാ-

നവങ്കൽനിന്നു നാനാജന്തുക്കളുണ്ടായതും

ദക്ഷനാം പ്രജാപല തന്നുടെ മകളരാം

മയ്‌ക്കണ്ണിമാരിൽ പതിമ്മൂന്നിനെ വേട്ടാനവൻ

അദീതി ദതി ദനു കാലയുമനായുഷ

പതിശുശ്രൂഷാരതയാകിയ സിംഹികയും

മുനിയും ക്രോധതാനും ധ്‌റുവയും വരിഷ്‌ഠയും

വീനത കപിലയും കദ്രുവുമിവരെല്ലാം

ഇവരിലദിതിയിലാദിത്യന്മാരുണ്ടായ്‌

ധാതാവും മിത്രൻതാനുമര്യമാ ശക്രനെന്നും

വരുണനംശസ്‌ഭഗൻ വിവസ്വാൻ പൂഷാവെന്നും

സവിതാ പിന്ന ത്വഷ്ടാ വിഷ്ണവുമിവരെല്ലാം

ദിതിതൻ മകനല്ലോ ഹിരണ്യകശിപുതാൻ

സുതന്മാരായിട്ടവനഞ്ചുപേരുണ്ടായ്‌വന്നു.

പ്രഹ്ലാദൻ സഹ്ലാദനുമനുഹ്ലാദനും പിന്നെ

ശിബിയും ബാഷ്‌കളനുമവർക്കു നാമമെടോ.

അവരിൽ പ്രഹ്ലാദനുമൂന്നു പുത്രന്മാരുണ്ടാ-

യവർപോൽ വിരോചനൻ സുംഭനും നിസുംഭനും

അവരിൽ വിരോചനൻതന്മകൻ മഹാബലി-

യവനു നൂറുമക്കളവരിൽ ജ്യേഷ്‌ഠൻ ബാണൻ

ദനുവാമവൾ പെറ്റു നാല്പതുപേരുണ്ടായി

ദനുജന്മാരാമവർ നാല്പതിൽ പേരും ചൊല്ലാം

വിപ്രചിത്തിയും പിന്നെശ്ശംബരൻ നമുചിയും

ചൊല്പേറും പുലോമാവുമസിലോമാവും കേശി

ദുർജ്ജയനശ്വശിരാവമലനയശ്ശിരാ-

വയശ്ശങ്കുവും ശങ്കു ഗഗനമൂർദ്ധാവെന്നും

വേഗവാൻ കേതുമാനും സ്വർഭാനു ചിത്രഭാനു-

വശ്വനുമശ്വപതി വൃഷപർവ്വാവുതാനും

ജഗനുമശ്വഗ്രീവൻ സൂക്ഷ്മനു തുഹൂണ്ഡനും

ഖസൃവുംതാനുമേകചിത്തനും വിരൂപാക്ഷൻ

ഹരനുമഹരനും നിചന്ദ്രൻ നികുംഭനും

കപഥൻ കാപഥനും ശരദൻ ശരഭനും

ചന്ദ്രമാവെന്നുമിവർ നാല്പതു ദാനവന്മാർ

സിംഹിക പെറ്റിട്ടുള്ളു രാഹുവാകിയ വീരൻ

സുചന്ദ്രൻ ചന്ദ്രഹർത്താ ചന്ദ്രമർദ്ദനൻ താനും

ക്രൂരസ്വഭാവനെന്നും ക്രൂര പെറ്റുണ്ടായ്‌വന്നു.

അപ്പാരമ്പര്യം പറഞ്ഞീടുവാൻ പണി തുലോം

ദൈത്യപക്ഷത്തിൽ ക്രോധവശന്മാരെന്ന കൂട്ടം

പത്തുപേരുണ്ടു പിന്നെച്ചൊല്ലീടാമവരേയും

ഏകാക്ഷനമൃതപൻ പ്രലംബൻ നരകനും

വാതാപിതാനും ശത്രുതപനൻ സദന്തനും

ഗർഭിഷ്‌ഠൻ ചന്ദ്രനായുർദ്ദീർഘജിഹ്വനുമേവ-

മസംഖ്യമവരുടെ പുത്രപൗത്രന്മാരെല്ലാം

ചൊല്ലുവനനായുഷതന്നുടെ സുതന്മാരെ

വിഷ്‌കരൻ ബലൻ വീരൻ വൃത്രനുമെന്നു നാൽവർ

മക്കളുണ്ടവർകളുമെത്രയും ബലവാന്മാർ.

കാലയാമവളുടെ മക്കളെന്നറിഞ്ഞാലും

കാലകേയന്മാർ ദേവവൈരികളറിഞ്ഞാലും

ഇച്ചൊന്ന ദൈത്യപക്ഷത്തിങ്കലുള്ളവർക്കെല്ലാ-

മച്ഛനാകിയ ശുക്രൻ ഭാർഗ്ഗവനുപാദ്ധ്യായൻ

നിശ്ശേഷം ദേവാസുരന്മാരുടെ പാരമ്പര്യം

നിശ്ചയം പറവതിനാർക്കുമേയരുതല്ലോ

വീനതതന്റെ മക്കൾ വൈനതേയന്മാരെല്ലാം

വിരവോടവരുടെ പേരുകൾ താർക്ഷ്യനെന്നും

അരിഷ്ടനേമിതാനും ഗരുഡനരുണനു-

മാരുണി വാരുണിയും വീനതാതനയന്മാർ

കദ്രുവിൻ മക്കളല്ലോ കാദ്രവേയന്മാരെല്ലാ-

മനന്തൻ വാസുകിയും തക്ഷകൻ കാർക്കോടകൻ

പത്മനും മഹാപാത്മൻ ഗുളികൻ ശംഖപാലകൻ

അപ്പരിഷകളുടെ സന്തതി ചൊല്ലിക്കൂടാ

മുല്പാടു ചുരുക്കി ഞാനൊട്ടറിയിച്ചേനല്ലോ

മുനിയാമവളുടെ പുത്രന്മാർ മൗനേയന്മാ-

രവർകളുടെ നാമമാദിയേ കേൾപ്പിനെങ്കിൽ

ഭീമസേനനുമുഗ്രസേനനും സുവർണ്ണനും

വരുണൻ ഗോപതിയും ധൃതരാഷ്ര്ടനും പിന്നെ

സൂര്യവർച്ചസൻതാനും പത്രവാനർക്കവർണ്ണൻ

പ്രയുഗൻ ചിത്രരഥൻ സർവ്വവദ്വശിതാനും

വീരനാം ശാലിശിരാ ധൃഷ്ടദ്യുമ്‌നനും കലി

പതിനാറാമതല്ലോ നാരദനെന്നു നാമം.

ദേവഗന്ധർവ്വന്മാന്ന്വരെച്ചൊല്ലീടുന്നു

ദേവകളോടു തന്നെ തുല്യന്മാരിവരെല്ലാം

പ്രാപയാമവളുടെ മക്കളും മകളരും

പ്രാഭവമേറെയുള്ളോർ നാമങ്ങൾ ചൊല്ലാമല്ലോ

അനവദ്യയുമനുവശയും മദിരയും

മാർഗ്ഗണപ്രിയതാനും മന്നവ! സുഭഗയും

ഭംഗിയുമിത്ഥമേഴു നാരികളുണ്ടായ്‌വന്നു

സിദ്ധനും പൂർണ്ണൻതാനും ബർഹിയും പൂർണ്ണാശനും

ബ്രഹ്‌മചാരിയും രതിഗുണനും സുവർണ്ണനും

ചൊല്ലെഴും വിശ്വാവസു ഭാനുവും സുഭദ്രനും

പുത്രന്മാരിവർ പത്തും പ്രാപേയന്മാരെന്നറി-

കത്ഭുതമപ്സരസ്സാം വംശമെന്നറിഞ്ഞാലും

വരിഷ്‌ഠതനിക്കുള്ളോരപത്യമതു കേൾപ്പിൻ

ചുരുക്കിച്ചൊൽവനലംബുസയും മിശ്രകേശി

ചൊല്ലെഴും വിദ്യുദ്വർണ്ണാലലനാഖ്യയും പുന-

രരുണ രക്ഷതയും രംഭയും മനോരമ

അസിത സുബാഹുവും സുവ്രത സുഭുജയും

സുപ്രിയ ജാതി ബഹു ചൊല്ലേറും ഹാഹാതാനും

ഹൂഹൂവെന്നവൻതാനും തുംബുരുവെന്നവനു-

മിങ്ങ​‍െ പതിമ്മൂന്നു മകളർ നാലു മക്കൾ

മംഗലഗാത്രിയായ വരിഷ്‌ഠ പെറ്റിട്ടുള്ളൂ.

ഗന്ധർവ്വപരിഷയും ഗോക്കളും ബ്രാഹ്‌മണരു-

മമൃതം കപില പെറ്റുണ്ടായതെന്നു കേൾപ്പൂ

അപ്സരസുകൾ ഭുജഗന്മാരും സുപർണ്ണന്മാർ

ചൊല്ലേറും ഗന്ധർവ്വന്മാർ രുദ്രന്മാർ മരുത്തുകൾ

ഗോക്കളും ബ്രാഹ്‌മണരും ദേവകളസുരരു-

മെന്നിവരുണ്ടായ്‌ വന്നതൊട്ടൊട്ടു പറഞ്ഞു ഞാൻ

ഇനിയും പറഞ്ഞീടാം കേൾക്കണമെന്നാകിലോ

നിർമ്മലന്മാരായാറു താപസന്മാരായാറു താപസന്മാരുണ്ടായി

ബ്രഹ്‌മാവിൻമനസ്സിൽ നിന്നെന്നല്ലോ പറഞ്ഞു ഞാ-

നെന്നതുപോലെ വിധിതന്നുടെ തേജസ്സിങ്കൽ-

നിന്നുടൻ പതിനൊന്നു രുദ്രന്മാരുണ്ടായ്‌വന്നു

ജാതന്മാരായപ്പൊഴേ രോദനം ചെയ്‌കമൂലം

ധാതാവു രുദ്രന്മാരെന്നഭിധാനവും ചെയ്താൻ

മൃഗവ്യാധനും ശർവ്വൻ നിര്യതി പുനരജ-

നേകപാദനുമഹിർബുദ്ധ്‌നിയും പിനാകിയും

ഭവനൻ കപാലിയും സ്ഥാണുവും ഭവൻതാനും

പിന്നെയും കേൾ നടേ ചൊന്നാവരാറുപേരിൽ

അംഗിരസ്സിനു മൂന്നു പുത്രന്മാരുണ്ടസംഖ്യം തപസന്മാർ

ഉചത്ഥ്യൻ ബൃഹസ്പതി സംവർത്തനെന്നും പേരാ-

യത്രിക്കു പുത്രന്മാരുണ്ടസംഖ്യം തപസന്മാർ

പുത്രനായക്ഷിയിൽ നിന്നുണ്ടായി ചന്ദ്രൻതാനും

പുലസ്ത​‍്യൻതന്റെ പുത്രൻ വിശ്രവസ്സവനുടെ

കുലത്തിൽ പിറക്കയാൽ പൗലസ്ത​‍്യന്മാരായ്‌വന്നു.

വാനവപ്പരിഷയും കിന്നരജാതികളും

കിംപുരുഷന്മാർ നാനാമൃഗങ്ങൾ സിംഹങ്ങളും

വ്യാഘ്രങ്ങളിവരെല്ലാം പുലഹൻ തന്റെ മക്കൾ

പതംഗസഹചരന്മാരായി വിളങ്ങുന്ന-

തസംഖ്യം ക്രതുവിന്റെ പുത്രരെന്നറിഞ്ഞാലും

പിന്നെയും വിരിഞ്ചന്റെ വലത്തെപ്പെരുവിരൽ-

തന്മേൽനിന്നുണ്ടായ്‌വന്നു ദക്ഷനാം പ്രജാപതി

ഇടത്തെപ്പെരുവിരൽതന്മേൽനിന്നുടനൊരു-

മടുത്തുകിനമൊഴിയുണ്ടായാളവളല്ലോ

ദക്ഷന്റെ പത്നിയായതവൾ പെറ്റുണ്ടായിതു

പുഷ്‌കരാക്ഷികളൻപതവരിൽ പത്തുപേരെ

ധർമ്മരാജനുതന്നെ കൊടുത്താനന്നു ദക്ഷൻ

നിർമ്മലാംഗികളവർതമ്മുടെ നാം കേൾപ്പിൻ

കീർത്തിയും ലക്ഷ്മി ധൃതി മേധയും പുഷ്ടി ശുദ്ധ

ക്രിയയും ബുദ്ധി ലജ്ജമതിയുമിവർക്കു പേർ

ഇരുപത്തേഴിനേയും ചന്ദ്രനു കൊടുത്തിതു

നിരുപിച്ചവരെക്കൊണ്ടറിയാം കാലഭേദം

ദക്ഷനാം പ്രജാപതിതന്നപത്യോല്പന്നരായ്‌

ചൊൽക്കണ്ട വസുക്കളുമുണ്ടായാരെട്ടുപേരും

ധരനും ധ്രുവൻ സോമതാപനുമനിലനു-

മനലൻ പ്രത്യുഷനുമഷ്ടമൻ പ്രഭാസനും

ധൂമ്ര പെറ്റുണ്ടായ്‌വന്നു ധരനും ധ്രുവൻതാനും

സോമനും മനസ്വിനിയാമവൾ പെറ്റുണ്ടായി

രസയാമവൾ പെറ്റിട്ടാപനുണ്ടായാനല്ലോ

ശാണ്ഡിലി പെറ്റുണ്ടായിതനലനനിലനും

പ്രഭ പെറ്റുണ്ടായ്‌വന്നാൻ പ്രത്യുഷൻ പ്രഭാസനു-

മിവരിൽ ധരൻതന്റെ തനയൻ ദ്രവിണൻപോൽ

രണ്ടാമൻ ഹുതവഹൻ മൂന്നാമൻ ഹവ്യവഹൻ

ആപനും വൈദണ്ഡ്യനും ശ്രമനും ശ്രാദ്ധൻതാനും

മുനിയും ധ്രുവനുടെ തനയൻ കാലനുമല്ലോ

സോമന്റെ മകനു പേർ വർച്ചസ്സെന്നറിഞ്ഞാലും

വർച്ചസ്വിയവങ്കൽനിന്നുണ്ടായിതെന്നു കേൾപ്പൂ

പിന്നെയും മനോഹരിയാമവൾ പെറ്റുണ്ടായി

ശശിരൻ പ്രാണൻ പിന്നെ മരണനിവരെല്ലാം

അഹസ്സിൻ തനയർപോൽ ജ്യോതിരാദികളെല്ലാം

ചൊല്ലെഴും ശരവണാലയനാം കുമാരനു-

മനലൻ തന്റെ മകനെന്നതു ധരിച്ചാലു-

മനിലപത്നീ ശിവതന്മകൻ പുരോവഹൻ

പിന്നേവനഭിജ്ഞാതഗതിയെന്നറിഞ്ഞാലും

പ്രത്യൂഷസ്സിനു സുതൻ ദേവലനായ മുനി

ദേവലൻതനിക്കു രണ്ടാത്മജന്മാരുണ്ടായി

ദേവഭക്തന്മാരവരെത്രയുമെന്നു കേൾപ്പൂ

എട്ടാമൻ പ്രഭാസനും ഗീഷ്പതിഭഗിനിയെ-

പ്പുഷ്ടകൗതുകത്തോടു വേട്ടാനെന്നറിഞ്ഞാലും

വിശ്വകർമ്മാവുതാനുമിവൾ പെറ്റുണ്ടായ്‌വന്നു

വിസ്മയമവനുടെ കൗശലം നിരൂപിക്കിൽ

ബ്രഹ്‌മാവിൻ വലമുലതങ്കൽനിന്നുള്ളൂ ധർമ്മൻ

ധർമ്മജാതന്മാർ ശമൻ കാമനും ഹർഷൻതാനും

എന്നതിൽ കാമൻതന്റെ വല്ലഭ രതിയല്ലോ

ചൊല്ലെഴും പ്രാപ്തിയല്ലോ ശമന്റെ പത്നി കേൾ നീ

Generated from archived content: mahabharatham52.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English