പരശുരാമൻ നശിപ്പിച്ച ക്ഷത്രിയവംശം വീണ്ടും അഭിവൃദ്ധിയെ പ്രാപിച്ചത്‌-1

അന്നേരം മുനിവരനായ വൈശമ്പായനൻ

വന്ദിച്ചു നാരാണയൻതന്നുടെ പാദാംബുജം

ചൊല്ലുവനെങ്കിൽ കേട്ടുകൊള്ളുക നരാധിപ!

ചൊല്ലേറും ജമദഗ്നിനന്ദനനായ രാമൻ

മൂവേഴുവട്ടം മുടിമന്നരെയൊടുക്കിപ്പോയ്‌

പർവ്വതോത്തമനായ്‌ മേവീടുന്ന മഹേന്ദ്രത്തിൻ-

മുകളിൽ തപസ്സുചെയ്തിരിക്കും കാലത്തിങ്കൽ

അകതാരുഴന്നൊരു രാജനാരികളെല്ലാം

സന്തതിയില്ലാഞ്ഞുള്ള സന്താപമകലുവാൻ

സന്തുഷ്ടന്മാരായ്‌ മേവുമന്തണരോടു ചൊന്നാർ

വെന്തുവെന്തുരുകുന്നു ചിന്തിച്ചു കുലനാശം

സന്താനമുണ്ടാക്കണം ഞങ്ങളിൽ നിങ്ങളിനി-

യന്തികേ വന്നു ചൊന്ന സുന്ദരാംഗികളുടെ

പന്തൊക്കും കുളുർമുല പുൽകിനാരവർകളും

ഋതുകാലം പാർത്തു ഗർഭാധാനം ചെയ്ത കാല-

മതുലഗുണമുള്ള പുത്രന്മാരുണ്ടായ്‌വന്നു.

കാമാനുഭൂതി ചിന്തിച്ചല്ലതു കാലംതന്നെ

കാമിച്ചു ചെയ്‌കയത്രേ ധർമ്മാർത്ഥമവരെല്ലാം

ക്ഷത്രിയവീരന്മാരും വർദ്ധിച്ചാരതുകാലം

പൃഥ്വിയും പരിപാലിച്ചീടിനാർ വഴിപോലെ.

ചെന്നീടും വയസു നൂറായിരം സംവത്സരം

ചെന്നീടാ മനസ്സധർമ്മങ്ങളിലൊരുവനും

കാമക്രോധാദികളാം ദോഷങ്ങളൊന്നുമില്ല

കാമിച്ചവണ്ണംതന്നെ വന്നീടുമെല്ലാവനും

പിഴയ്‌ക്കിലതിനു തക്കൊരു ശിക്ഷയുമുണ്ടു

പിഴയ്‌ക്കയില്ലാ തമ്മിലന്യോന്യമൊരുവനും.

മഴയും വേണമെന്നു തോന്നുമ്പോളുണ്ടായ്‌വരും.

വഴിയെന്നിയേ നടന്നീടുമാറാരുമില്ല.

പരനാരികളിലും പരദ്രവ്യങ്ങളിലു-

മൊരുനേരവുമഭിരുചിയില്ലൊരുവനും

വേദവും വഴിപോലെ പഠിക്കും ദ്വിജേന്ദ്രന്മ-

രാദരവോടു കർമ്മം ചെയ്തീടും ന്‌റുപന്മാരും.

പശുപാലനം കൃഷി വാണിഭമിവയെല്ലാ-

മശുഭമണയാതെ ചെയ്തീടും വൈശ്യന്മാരും.

ശൂദ്രരും ദ്വിജന്മാരെ ശുശ്രൂഷിച്ചീടും ഭക്ത്യാ

ശൂദ്രജാതികൾ കേൾക്കേ സാദ്ധ്യായാദിയുമില്ല.

രൗദ്രകർമ്മങ്ങൾ ചെയ്‌കയില്ലതിദീനന്മാരി-

ലാർദ്രഭാവുമുണ്ടു സത്യമുണ്ടെല്ലാവർക്കും.

കള്ളക്കോൽ കള്ളപ്പെരുനാഴിയും കള്ളനാഴി

കള്ളച്ചോതനയിവയില്ല ചന്തകളിലും

കള്ളമെന്നുള്ളതുള്ളിലെള്ളോളമില്ല ചൊൽവാൻ

കള്ളവാക്കില്ലാ കള്ളന്മാരില്ല കാട്ടിൽപ്പോലും

സ്വധർമ്മാനുഷ്‌ഠാനത്തിൽ നിഷ്‌ഠയുണ്ടെല്ലാവർക്കു-

മധർമ്മങ്ങളുമില്ല വിധർമ്മങ്ങളുമില്ല

മറ്റുള്ള വർണ്ണകർമ്മം മറ്റുള്ള ജാതിക്കില്ല

മുറ്റും തങ്ങൾക്കുതങ്ങൾക്കുള്ള കർമ്മമേയുള്ളു.

ഗോക്കളും നാരികളും കാലത്തു പെറുമല്ലോ

പൂക്കയും കായ്‌ക്കയും ചെയ്തീടുമേ മരങ്ങളും

ഉല്പത്തി വേണ്ടുവോളം വിളയും വഴിപോലെ

കല്പനയ്‌ക്കിളക്കമില്ലീശ്വരഭക്തിയുണ്ട്‌.

സല്പുരുഷന്മാരെന്നിയില്ലൊരു വംശത്തിലു-

മുല്പലാക്ഷികളുമില്ലാകാതെയൊരുവരും

കുത്സിതങ്ങളുമില്ല കുത്സനവാക്കുമില്ല

ഭർത്സനമൊട്ടുമില്ല മത്സരാദിയുമില്ല.

ഇങ്ങനെ കൃതയുഗമായുള്ള കാലത്തിങ്കൽ

തങ്ങളിൽ സുരാസുരർ വൈരമായ്‌ ചമഞ്ഞിതു.

ദേവകളോടു പോരിൽ മരിച്ചാരസുരകൾ

ദേവത്വം കൊതിച്ചവർ പിറന്നാരവനിയിൽ

നാനായോനികളിൽ വന്നുത്ഭവിച്ചസുരന്മാർ

മാനസഖേദം പൂണ്ടു മേദിനി ഭാരം കൊണ്ടു

നിഷ്‌ഠൂരന്മാരായുള്ള ദൈത്യഭൂപതിവീരർ

ദുഷ്ടതയൊഴിഞ്ഞു ചെയ്തീടുകയില്ലയൊന്നും

നഷ്ടമായ്‌ച്ചമഞ്ഞിതു ധർമ്മവുമതുകാലം

പെട്ടപാടോരോജനമെന്തയ്യോ! പറവതും

പ്രകൃതിഗുണവശാലുള്ള വാസനകളെ-

സ്സുകൃതമുള്ളവർക്കും നീക്കുവാൻ വേലയത്രേ.

ലോകപാലരും മുനിമാരുമായവനിയും

ലോകകർത്താവായുള്ള ധാതാവുതന്നെക്കണ്ടാൾ

വേദനയെല്ലാം പശുരൂപമായ്‌ ചെന്നു ചൊന്നാൾ.

വേദനായകനായ ധാതാവുമതുകാലം

ദേവകളോടും മുനിശ്രേഷ്‌ഠന്മാരോടുംകൂടി-

ദ്ദേവദേവേശനീശനീശ്വരൻ ശംഭു വാമ-

ദേവനംബികാപതി ശങ്കരൻ മഹേശ്വരൻ

ശ്രീകണ്‌ഠൻ ശിതികണ്‌ഠൻ ത്രീക്ഷണൻ ത്രിപുരാരി

വൈകുണ്‌ഠനമസ്‌കൃതനീശാനൻ പശുപതി

ത്ര്യംബകൻ ചന്ദ്രചൂഡൻ ശ ബരാരാതിവൈരി

ഗംഗാവല്ലഭൻ ഗൗരീവല്ലഭൻ കാലാരാതി

മത്തഹസ്തീന്ദ്രാസുരമർദ്ദനൻ ഭൂതാധിപ-

നസ്ഥിഭൂഷണൻ കൃത്തിവസനൻ മൃത്യുഞ്ജയൻ

അദ്രിമന്ദിരനദ്രിചാപനദ്രിജാകാന്തൻ

രുദ്രൻ വാണരുളീടും കൈലാസാചലം പുക്കാൻ

ദാനവപ്രവരന്മാർ മാനവപ്രവരരായ്‌

ക്ഷോണിയിൽ വന്നു പിറന്നീടിനാരിതുകാലം

സമ്മതം മറഞ്ഞിതു ദുർമ്മതം നിറഞ്ഞിതു

ധർമ്മവും കുറഞ്ഞിതു നിർമ്മര്യാദയും വാച്ചു.

ഭൂമിയും ഭാരംകൊണ്ടു തളർന്നു ചമഞ്ഞിതു

സേമശേഖര! പോറ്റീ! കാത്തുകൊൾകെന്നേ വേണ്ടൂ

സ്തുതിച്ചു വന്ദിച്ചൊരു പത്മജാദികളോടായ്‌

ക്രതുദ്ധ്വംസിയും തെളിഞ്ഞരുളിച്ചെയ്തീടിനാൻ.

വധത്തിന്നസുരഭൂപാലരെയെല്ലാമിന്നു

മധുദ്വേഷിയെക്കല്പിച്ചിരിക്കുന്നിതു മുന്നേ.

ദുഷ്ടരെ വധംചെയ്തു ശിഷ്ടരെ വിധിപോലെ

വിഷ്ടപത്തിങ്കൽ വച്ചു രക്ഷിപ്പാൻ വേലചെയ്യാം

സങ്കടം ദുഗ്‌ദ്ധാംബുധി പൂക്കുടനുണർത്തിപ്പാൻ

പങ്കജഭവാദികൾ നടപ്പിൻ മുമ്പിലിപ്പോൾ

മടിയിൽ മരുവീടും മലമാതിൻ പോർമുല-

ത്തടവും തടവി നാം പോകെടോ ദുഗ്‌ദ്ധാംബുധൗ.

ഇവർകളോടുമിപ്പോൾ നാം കൂടെപ്പോകായ്‌കിലോ

വിവശഭാവം തീരാ ലോകങ്ങൾക്കാത്മനാഥേ!

എന്നരുൾചെയ്ത ഭുവനേശ്വരിയോടുകൂടി-

പ്പന്നഗവിഭൂഷണൻ ഭൂതസഞ്ചയത്തോടും

അംഭോജസംഭവനുമുമ്പരും മുനിമാരും

തുംബുരുനാദനുമംബരചാരികളും

ചെന്നു പാലാഴി കണ്ടു പുകഴ്‌ന്നുതുടങ്ങിനാർ

പന്നഗശയനനാം പരമാത്മനാം പരം.

“പുരുഷോത്തമ! ഹരേ! പുണ്ഡരീകാക്ഷ! പര

പുരുഷ! പുരാതന! പുർവ്വദേവാരേ! ജയ!

ചരണസരസിജയുഗളനതജന-

ദുരിതവിനാശന കരുണാനിധേ! ജയ.

വേദജ്ഞപ്രിയ! ജയ വേദാർത്ഥാത്‌മക! ജയ

വേദാന്തവേദ്യ! ജയ വേദവിഗ്രഹ! ജയ

പ്രകൃതി പുരുഷഭിന്നാത്മക! ജയ ജയ

സുകൃതിജനമനോമന്ദിര! ജയ ജയ

സൃഷ്ടിപാലനലയകാരണമൂർത്തേ! ജയ

ദുഷ്ടനാശന! ജയ ശിഷ്ടപാലന! ജയ

ഹയഗ്രീവനെക്കൊന്നു വേദങ്ങൾ വീണ്ടു മുന്നം

ഭയത്തെത്തീർപ്പാൻ മത്സ്യവേഷമാധവ! ജയ.

ക്ഷീരസാഗരമഥനാന്തരേ മുന്നമതി-

ഭാരമായ്‌ത്താണീടുന്ന മന്ദരമുയർത്തുവാൻ

ഘോരമായോരു കൂർമ്മവിഗ്രഹം ധരിച്ചീടും

കാരണമൂർത്തേ! ജയ കമലാപതേ! ജയ

ധാത്രിയെത്തിരിച്ചു തൻ കാതിലിട്ടധോലോക-

പ്രാപ്തിക്കു ഭാവിച്ചോരു ഹിരണ്യാക്ഷനെ മുന്നം

പോത്രിയായവതാരംചെയ്തു നിഗ്രഹിച്ചു തൻ-

ധാത്രിയെ സ്ഥാനത്താക്കും യജ്ഞാ ഗമൂർത്തേ! ജയ.

ഹിരണ്യകശിപുവാമസുരേന്ദ്രനെക്കൊൽവാൻ

നരസിംഹാകാരമായ്‌ച്ചമഞ്ഞ നാഥ! ജയ

ദിതിജാധിപനായ ബലിയെ ജയിപ്പതി-

നദിതീസുരജനദ്വേഷികളായുണ്ടായ

ധരിത്രീപാലന്മാരെ ജമദഗ്നിജനായേ

ഇരുപത്തൊന്നുവട്ടം വധിച്ചു താപം തീർത്ത

പരശുരാമമൂർത്തേ! പരിപാലയ ജയ

പംക്തികണ്‌ഠനെക്കൊന്നു മുന്നമാപത്തു തീർപ്പാൻ

പംക്തിസ്യന്ദനസുതനായ രാഘവ! ജയ

അന്നന്നീവണ്ണമുണ്ടാമാപത്തു തീർത്തു രക്ഷി-

ക്കുന്നതു മറ്റാരഖിലേശ്വര! ജയ ജയ

ഇപ്പോഴുമതില്പരമാപത്തു മുഴുത്തിതു

ചില്പുമാനായ ജഗതീപതേ! രമാപതേ!

നിഷ്‌ഠുരന്മാരാമസുരേന്ദ്രന്മാരവനിയിൽ

ദുഷ്ടഭൂപാലന്മാരായ്‌ പിറന്നു മുഴുക്കയാൽ

നഷ്ടമായിതു ധർമ്മകർമ്മങ്ങളെല്ലാമഴൽ-

പ്പെട്ടുടൻ ഭാരംകൊണ്ടു താണുപോമവനിയും

നിൻതിരുവുള്ളമില്ലെന്നാകിലിഞ്ഞങ്ങൾക്കെല്ലാ-

മെന്തൊരു ഗതി പരമാനന്ദമൂർത്തേ! വിഷ്ണോ!

സന്തതം തവ പാദപങ്കജമകത ര ൽ

ചിന്തിക്കായ്‌വരേണമേ ഭഗവൻ! ജയ ജയ”

പുരനാശനൻതാനും പുരൂഹൂതാദികളും

പുരുഭക്തിയും പൂണ്ടു പുകഴ്‌ന്നാർ പലതരം

പുരുഷസൂക്തംകൊണ്ടു പുഷ്‌കരോത്ഭവൻ നന്നായ്‌

പുരുഷോത്തമൻതന്നെ ധ്യാനിച്ചാൻ വഴിപോലെ.

സ്തുതിച്ചീവണ്ണം നമസ്‌കരിച്ചനേരം ദേവൻ

മധുദ്വേഷിയുമുണർന്നരുളിച്ചെയ്തീടിനാൻ

മധുരവാക്യങ്ങളാൽ വിശദസ്മിതപൂർവ്വം.

“മഥുരാപുരിതന്നിൽ വസുദേവാത്മജനായ്‌

ദേവകീതനയനായ്‌ വന്നു ഞാൻ ജനിച്ചീടും

ദേവകളെല്ലാവരും ഭൂമിയിൽപ്പിറക്കണം”

അരുളപ്പാടീവണ്ണം പത്മജൻ ദേവകളോ-

ടരുളിച്ചെയ്തു സത്യലോകവും പുക്കീടിനാൻ.

ഭൂമിയും ദേവകളും താപസവരന്മാരു-

മാമോദംപൂണ്ടുകൃതാർത്ഥാത്മനാ നടകൊണ്ടാർ.

ആദിതേയന്മാരെല്ലാം പിറന്നാരവനിയി-

ലാദിനാഥനെസ്സേവിച്ചാനന്ദം വരുത്തുവാൻ

ഭൂസുരന്മാരായിട്ടും ഭൂവരന്മാരായിട്ടും

ഭൂതലേ പിറന്നിതു ഭൂതിയും വാച്ചുതുലോം

യക്ഷ കിന്നര ഗന്ധർവ്വോരഗ ചാരണൗഘ-

രക്ഷോഗുഹ്യക സിദ്ധവിദ്യാധാരാദികളും

അപ്സരസ്ര്തീകൾതാനുമത്ഭുതം വരുംവണ്ണം

ചിൽപുരുഷനെപ്പരിചരിപ്പാനുളരായാർ

കൃഷ്ണനായ്‌ പിറന്നതുമിങ്ങനെ ജഗന്നാഥൻ

വിഷ്ണുഭക്തന്മാരൊക്കെ സേവിച്ചാരനന്ദിച്ചാർ

ദുഷ്ടരെ ശിക്ഷിക്കയും ശിഷ്ടരെ രക്ഷിക്കയും

തുഷ്ടനായെല്ലാവർക്കും സൽഗതി കൊടുക്കയും

ദോഷം ചെയ്തവർകൾക്കു, നല്ലതു ചെയ്തവർക്കും

ദ്വേഷമുള്ളവർകൾക്കും സ്നേഹമുള്ളവർകൾക്കും

കാമിച്ച ജനങ്ങൾക്കും മോഹിച്ച ജനങ്ങൾക്കും

നാമത്തെച്ചെല്ലുവോർക്കും രൂപത്തെ ധ്യാനിപ്പോർക്കും

ഭക്തരായുള്ളവർക്കും സക്തരായുള്ളവർക്കും

മുക്തിയെ വരുത്തുവാനോരോരോതരത്തിലേ

പാരിൽ വന്നവതരിച്ചീടിനാൻ നാരായണൻ

താരിൽമാതാദിയാകും പരിവാരങ്ങളോടും

ശത്രുമിത്രോദാസീനഭേദമില്ലൊരുനാളും

നിത്യനാമീശൻ തനിക്കെല്ലാരുമൊക്കുമത്രേ

കേവലം ദേവകളെ സ്നേഹമൊട്ടെറെയില്ല

ദേവവൈരികളേയും ദ്വേഷമില്ലൊരുനാളും

സർവ്വജന്തുക്കളുടെ ജീവനായിരിപ്പതും

ദിവ്യനാം നാരായണൻ താനെന്നു ധരിച്ചാലും

അപ്പൊഴേ ഭേദമില്ലെന്നുൾപ്പൂവിലുറച്ചീടാ-

മുല്പലനേത്രൻ തന്റെ മായാവൈഭവമെല്ലാം

ജ്ഞാനമില്ലാതവർക്കു ഭേദമുണ്ടെന്നു തോന്നും

ജ്ഞാനികൾക്കുള്ളിലതു തോന്നുകയില്ലാതാനും

സമചിത്തന്മാർക്കൊക്കസ്സമനെന്നുള്ളിൽത്തോന്നും

മമ സിദ്ധാന്തം തന്നെയല്ലിതു ധരാപതേ.

വിഷമചിത്തന്മാർക്കു വിഷമനെന്നു തോന്നും

വൃഷപാലകനാത്മാവെന്നതിനാലേ നൂനം.

എന്നു വൈശമ്പായനമാമുനി ചൊന്നനേരം

മന്നവനായ ജനമേജയനുരചെയ്തു.

ഒന്നുണ്ടു മനക്കാമ്പിൽ തോന്നുന്നിതിനിക്കിപ്പോ-

ളിന്നിതു ശങ്കിച്ചിട്ടു ചോദിപ്പാൻ പണിതാനും

ദുശ്ചോദ്യമെന്നു തിരുവുള്ളക്കേടുണ്ടാകായ്‌കി-

ലിച്ഛയുണ്ടിനിക്കിന്നുമൊന്നു കേൾപ്പതിനിപ്പോൾ

നിന്തിരുവടിയറിയാതെയില്ലേതുമെന്നാൽ

സന്തതം കേൾപ്പാനുണ്ടോ ഭാഗ്യമെന്നറിഞ്ഞീല.

ദാനവ ദൈത്യദേവ ഗന്ധർവ്വാപ്സരസ്സുകൾ

മാനവ യക്ഷ രക്ഷോജാതിയും മറ്റുമുള്ള

ജന്തുക്കളുണ്ടായ്‌ വന്നതൊക്കവേയറിവതി-

നെന്തൊരു കഴിവെന്നു ചിന്തിച്ചേൻ മനസി ഞാൻ

ഞാനതു കേൾപ്പാൻ തക്ക പാത്രമെന്നിരിക്കിലോ

സാനന്ദമരുളിച്ചെയ്തീണമെന്നനേരം

നമസ്തേ നാരായണ! നമസ്തേ ജഗന്നാഥ!

നമസ്തേ സമസ്തേശ! തുണയ്‌ക്കെന്നരുൾചെയ്തു.

കേട്ടുകൊണ്ടാലുമെങ്കിലാദിയേ ദേവാദികൾ

വാട്ടമെന്നിയേ മുന്നമുണ്ടായപ്രകാരങ്ങൾ

Generated from archived content: mahabharatham51.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here