വേദവ്യാസോല്പത്തി

എങ്കിലോ മുന്നം ചേദിരാജ്യത്തിലൊരു ന്‌റുപൻ

മംഗലനായ വസുവുണ്ടായാനവൻ നന്നായ്‌

ഇന്ദ്രനെസ്സേവിക്കയാൽ കൊടുത്തു വരങ്ങളു-

മിന്ദ്രൻ മാലയുമൊരു വൈഷ്ണവമായ ദണ്ഡും

ആകാശേ നടപ്പതിനായൊരു വിമാനവും

ലോകവൃത്താന്തമെല്ലാമറിവാൻ വിജ്ഞാനവും

ഒക്കവേ കൊടുക്കയാലെത്രയും പ്രസിദ്ധനായ്‌

വിഖ്യാതകീർത്തിയോടും രക്ഷിക്കും കാലത്തിങ്കൽ

ഉപരിചരനെന്ന നാമവുമുണ്ടായ്‌ വന്നി-

തുപരിഭാഗത്തിങ്കൽ ചരിക്കായ്‌വന്നമൂലം.

വാസവഭക്തനായോരുപരിചരൻ വസു

വാസവസമാനനായ്‌ വാഴുന്നകാലത്തിങ്കൽ

ഉണ്ടായി ബൃഹദ്രഥൻ പ്രത്യഗ്രൻ കുശാംബനും

വിണ്ടലർകാലനായ മച്ചില്ലൻ യുദുതാനും

തനയന്മാരായഞ്ചു ബാലന്മാരുണ്ടായതിൽ

മണിവാഹനനെന്നും ചൊല്ലുവോർ കുശാംബനെ

അവരെയോരോ നാട്ടിൽ വാഴിച്ചനൈവരേയു-

മവിടെ ബൃഹദ്രഥൻ മാഗധരാജാവായാൻ.

അക്കാലം ചോദിരാജ്യം തന്നുടെയരികത്തു

ചൊൽക്കൊണ്ട ശുക്തിമതിയാകിയ നദിതന്നെ

കാമിച്ചു കോലാഹലനാകിയ ഗിരിവരൻ

പ്രേമത്തോടവളെച്ചെന്നാശ്ലേഷം ചെയ്താനവൻ

വേഗത്തിലൊഴുകുന്ന വാഹിനിക്കതുനേരം

പോകരുതാതെ വന്നു പർവ്വതം തടുക്കയാൽ

വെള്ളവും മേല്പോട്ടയ്‌ക്കു പൊങ്ങിയന്നാട്ടിലെല്ലാ-

മുള്ളവരല്ലൽ കൈക്കൊണ്ടന്യായം ചൊൽകയാലേ.

മന്നവൻ വസുതാനുമന്നേരമതു കണ്ടു

ചെന്നൊന്നു ചവുട്ടിനാൻ പർവ്വതവരൻതന്നെ

പൊടിഞ്ഞു ഗിരിവരൻ നടന്നു നദിതാനു-

മടങ്ങി തന്നിലാശു തെളിഞ്ഞു ജനങ്ങളും.

പൃഥിവീധരൻ നന്നിതന്നിലന്നുല്പാദിച്ചി-

ട്ടധികഗുണത്തോടു രണ്ടു പൈതങ്ങളുണ്ടായ്‌.

ഒന്നൊരു പൂമാനതിൽ മറ്റേതു കന്യകയും

മന്നവൻ തനിക്കു നൽകീടിനാൾ നദിതാനും

പുരുഷൻതന്നെസ്സേനാപതിയായ്‌ വച്ചാനവൻ

തരുണീമണി തന്നെപ്പത്നിയുമാക്കിവച്ചാൻ.

ഗിരികയെന്നുതന്നെ പേരവൾക്കാകുന്നതും

പെരികെ മനോഹരിയെന്നതേ പറയാവൂ.

അവളുമൊരുദിനമൃതുധർമ്മത്തെ പ്രാപി-

ച്ചധികശുദ്ധയായിച്ചതുത്ഥസ്നാനം ചെയ്തവൾ

അന്നല്ലോ മൃഗങ്ങളെക്കൊന്നു കൊണ്ടരികെന്നു

മന്നവൻതന്നോടപേക്ഷിച്ചിതു പിതൃക്കളും.

പോയിതു നായാട്ടിന്നു ഭൂപതിയതുനേരം

പോയീല മനസ്സവൾതന്നോടു പിരിഞ്ഞേതും

സുന്ദരാംഗിയെത്തന്നെ ചിന്തിച്ചു നൃപേശ്വരൻ

മന്ദം മന്ദം പോയൊരു കാനനം പുക്കനേരം

മന്ദാരകുന്ദമാകന്ദാസനസൂന മക-

രന്ദസംയുക്തമന്ദഗന്ധവാഹാദികളും

സൂകരകരിഹരിഹരിണമഹിഷാദി

ഭോഗലീലാദികളും കണ്ടു മാനസമഴി-

ഞ്ഞിന്ദ്രിയസ്‌ഖലനവും വന്നിതു ബലാലപ്പോൾ

കന്ദർപ്പശരപരവശനായതിനാലെ-

യിന്ദ്രസമ്മിതൻ ധരാവല്ലഭനിന്ദ്രഭക്തൻ

സ്‌കന്ദിച്ച ബീജം നിജം നിഷ്‌ഫലമാക്കീടായ്‌വാൻ

വൃക്ഷപത്രത്തിലാക്കിക്കൊണ്ടഥ ന്‌റുപവരൻ

പക്ഷിയാം പരുന്തിനോടീവണ്ണമുരചെയ്താൻഃ

കേൾക്ക നീ ബിജമയോനിയിലുമതുപോലെ

ഭോഷ്‌കല്ല വിയോനിയിലെങ്കിലുമതില്പരം

പക്ഷീന്ദ്ര, പശുയോ​‍ി തന്നിലുമറിയാതെ

നിക്ഷേപിപ്പിക്കും ജനം നാരകഗാമികൾപോൽ

എന്നെല്ലാം ശ്രുതിസ്മൃതികളിലുണ്ടാകമൂലം

ഇന്നതിഭയംപൂണ്ടിട്ടൊന്നപേക്ഷിക്കുന്നു ഞാൻ

എന്നുടെ ബീജമിതു പഴുതേ കളയാതെ

കന്നൽനേർമിഴിയാളാം പത്നിക്കു കൊടുക്ക നീ.

എന്നയച്ചതുനേരം പരുന്തും കൊത്തിക്കൊണ്ടു

മന്നവനിയോഗത്തിലാകാശേ പോകുംനേരം

മറ്റൊരു പരുന്തതു കണ്ടൊരു മാംസബുദ്ധ്യാ

തെറ്റെന്നു ചെന്നു കലഹിച്ചപ്പോൾ വീണുപോയി.

കാലസോദരി മാർത്താണ്ഡാത്മജാ മഹാനദീ

കാളിന്ദിതന്നിലായി വീണിതു വിധിവശാൽ

അബ്‌ജസംഭവശാപാലദ്രികയെന്നു പേരാ-

മപ്സരസ്ര്തീയുണ്ടതിൽ മത്സ്യമായ്‌ കിടക്കുന്നു

വീണ ബാസവബീജമപ്പൊഴേ വിഴുങ്ങിനാൾ

താണുപോംമുമ്പേ മത്സ്യവേഷമാമദ്രികയും

അവൾക്കു ഗർഭമുണ്ടായ്‌ തികഞ്ഞു മരുവുന്നാ-

ളവളുമൊരു ദാശൻവലയിലകപ്പെട്ടാൾ.

കീറിനാൻ വയറവനണ്ഡങ്ങളെടുപ്പാനായ്‌

വീറോടു രണ്ടു മർത്ത്യപോതങ്ങൾ കണ്ടാനപ്പോൾ

മത്സ്യത്തിന്നുദരത്തിൽ മർത്ത്യപോതങ്ങൾ കണ്ടു

വിസ്മയംപൂണ്ടു പലരോടുമതറിയിച്ചാൻ.

അത്ഭുതമിതു പണ്ടു കണ്ടിട്ടില്ലെന്നു ചിന്തി-

ച്ചപ്പൊഴേ രാജാവിനു കൊടുത്തു കൈവർത്തനും.

ധീവരനായ രാജാവുപരിചരൻ വസു

ധീവരൻ കൊണ്ടുവന്ന പൈതങ്ങൾ രണ്ടും കണ്ടാൻ

മത്സ്യഗന്ധിനിയായ കാളിയെ നൃപവരൻ

മത്സ്യഘാതകനായ ദാശനു കൊടുത്തിതു.

മത്സ്യഗന്ധിനിതന്നെ വളർത്തു കൈവർത്തനു-

മുത്സവം പൂണ്ടു കാളിയെന്നൊരു പേരുമിട്ടു.

മത്സ്യനാം നരപതിയായിതു പുരുഷനും

മത്സ്യരൂപവും കളഞ്ഞദ്രികതാനും പോയാൾ.

തരുണീമണി കാളി കാളിന്ദീനദിതന്നിൽ

തരണി വഴിപോലെ കടത്തിത്തുടങ്ങിനാൾ.

കാളിന്ദി കടക്കുന്ന പാന്ഥന്മാർക്കെല്ലാവർക്കും

കാളിയിലഴിഞ്ഞിതു മാനസമതുകാലം.

തരണിസുതയായ യമുനാനദിതങ്കൽ

തരണി കടപ്പാനായ്‌ ചെന്നിതു പരാശരൻ.

തരണി ദേവനുദിച്ചുയരുന്നതിന്മുമ്പേ

തരുണീമണിയെക്കണ്ടവനും മോഹംപൂണ്ടാൻ.

ധരണിതന്നിലവൾക്കൊത്ത നാരികളില്ല

ധരണീപതലയുടെ ബീജമായതിനാലേ.

തീരത്തു ചെന്നു പുലർകാലേ മാമുനിവരൻ

ദൂരത്തു തുഴയുമായ്‌ നിന്നിതു കാളിതാനും.

ധീരത്വമകന്നോരു മാമുനിവരൻ ചൊന്നാൻ

ചാരത്തു വരിക നീ മറ്റാരുമില്ലയിപ്പോൾ

നേരത്തു കടക്കണം നീക്കണം തോണി മറു-

തീരത്തു ചെന്നു പുനരൂക്കണമിനിക്കെടോ!

മാരച്ചൂടകതാരിൽ പൂരിച്ചമൂലം നിന്നിൽ

ഭാരിച്ചോരാശവന്നു കൂറൊത്തു ചമഞ്ഞിതു

ചോരിച്ചോർവ്വായും നിന്റെ ചീരൊത്തമുലകളും

വേരിച്ചൊല്ലാളെ ഞാൻ വിചാരിച്ചുകണ്ടനേരം

കാറൊത്ത കുഴലാളെ മാരതീയാറുമാറെ-

ന്മാറത്തു ചേർന്നീടുവാൻ യോഗമുണ്ടിപ്പോൾത്തന്നെ.

നേരത്രേ പറഞ്ഞതുമീശ്വരനുടെ മതം

മാരദ്ധ്വംസനം ബ്രഹ്‌മാദികൾക്കും നീക്കാവല്ലേ.

ചാരുത്വമുള്ള കാളി ചൊല്ലിനാളയ്യോ! രണ്ടു-

തീരത്തുമുണ്ടു മുനിമാരും മാമറയോരും.

ചാരിത്രദോഷവുമുണ്ടായ്‌വരും കന്യക ഞാൻ

ഭാരിച്ച തപസ്സുള്ള മാമുനിശ്രേഷ്‌ഠൻ ഭവാൻ.

ദൂരത്തു നിൽക്കേണ്ടുന്ന കൈവർത്തനാരി ഞാനോ

പാരത്രികാർത്ഥിയായ പാരമാർത്ഥികൻ ഭവാൻ

വിധിയും നിഷേധവുമറിയാതനുദിനം

പൃഥുരോമാശികളാം നീചജാതികൾ ഞങ്ങൾ

ശ്രുതിഭേദാർത്ഥജ്ഞാന ചതുരമതികളായ്‌

സ്മൃതികർത്താക്ക*ന്മാരാം താപസരല്ലോ നിങ്ങൾ.

എന്തിതു പറവാനും തോന്നീടുവാനുമിപ്പോൾ

ചിന്തിച്ചാലവകാശം ദൈവകല്പിതമെന്നോ.

ആരുമേയറിയാതെ ദോഷവുമിരുവർക്കും

വാരാതെയിരിക്കിലോ ചൊന്നതു കേൾക്കാമല്ലോ,

ഇങ്ങനെയുള്ള നിങ്ങൾ ചൊന്നതു കേളാഞ്ഞാലു-

മെങ്ങനെ വന്നു ഞായമെന്നറിയരുതല്ലോ

എന്നതു കേട്ടു തെളിഞ്ഞന്നേരം മുനിവര-

നെന്നുടെയപേക്ഷ നീയൊക്കവേ വരുത്തിയാൽ

പിന്നെയും കന്യകയായ്‌തന്നെ വന്നീടുമല്ലോ

നിർണ്ണയമത്രയല്ലാ നല്ലതേ വന്നുകൂടൂ

ആസ്വദിപ്പതിനിന്നു യോഗമുണ്ടിപ്പോൾ നിന്നെ

വാത്സല്യം നിനക്കെന്നിലുണ്ടാകവേണം ബാലേ!

ആരുമേ കാണായ്‌വതിനന്നേരം മുനിവരൻ

ഘോരമായോരു മഞ്ഞു നിർമ്മിച്ചാനത്രയല്ല

മത്സ്യഗന്ധവും പോക്കിക്കസ്തൂരിഗന്ധമാക്കി

സത്സംഗംകൊണ്ടല്ലയോ നല്ലതു വന്നുകൂടൂ.

നദിതൻ മദ്ധ്യേ വരദ്വീപവുമുണ്ടായ്‌വന്നു

മതിനേർമുഖയാൾക്കും വിസ്മയമുണ്ടായല്ലോ

എന്തിനു പറയുന്നു വെറുതേ ബഹുവിധം

ബന്ധമോക്ഷങ്ങളുടെ ഭേദം കണ്ടൊരു മുനി

നല്ലൊരു തീർത്ഥഭൂതയായൊരു യമുനയി-

ലെല്ലാരും കുളിച്ചൂത്തു സന്ധ്യയെ വന്ദിക്കുമ്പോൾ

മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ

മത്സ്യകേതനശരമേറ്റു പുൽകിനാർ മുനി

ദിവ്യതീർത്ഥത്തിങ്കേന്നു ദിവ്യാർക്കനുദിക്കുമ്പോൾ

ദിവ്യനാകിയ മുനി കൈവർത്തകന്യക തൻ

കൊങ്കകൾ പുണർന്നിതു ബാലികതാനുമേതും

ശങ്കിച്ചീലതുനേരമീശ്വരമതമല്ലോ.

ഗർഭവുമുല്പാദിച്ചൊരർഭകനുണ്ടായ്‌വന്നി-

തപ്പൊഴേ ഭവിച്ചിതു യൗവനം കുമാരനും

യമുനാദ്വീപമവനയനമാകമൂലം

മുനിയും ദ്വൈപായനനെന്നൊരു പേരുമിട്ടാൻ

ബദരഷണ്ഡം പുനരയനമാകകൊണ്ടു

മതിമാനാകുമവൻ ബാദരായണനായാൻ

ചിന്തിക്ക വലിയൊരു സങ്കടം വരുന്നേര-

മന്തികേ വരുവൻ ഞാനന്തരമില്ലയേതും

എന്നു യാത്രയും ചൊന്നാനമ്മയോടുടനവൻ

പിന്നെപ്പോയ്‌തപസ്സിനുകോപ്പിട്ടാൻവഴിപോലെ

ചൊല്ലെഴും പരാശരൻ പോയിതു യഥാകാമം.

നല്ല കന്യകയായാൾ കസ്തൂരിഗന്ധിതാനു-

മന്നേരമുണ്ടായ്‌വന്ന യോനിതൻ ക്ഷതം പോയി

പിന്നെക്കസ്തൂരിഗന്ധം പോയതില്ലൊരുനാളും

നല്ലവരോടുകൂടിസ്സംസർഗ്ഗമുണ്ടായ്‌വന്നാൽ

നല്ലതുമാകാത്തതുമുണ്ടാമെന്നിരിക്കിലും

നല്ലതു പോകയില്ല പോകുമാകാത്തതെല്ലാം

നല്ലതില്ലേതും മറ്റു സത്സംഗത്തിനുസമം.

ഓരോരോ യുഗത്തിങ്കൽ ധർമ്മത്തിനില്ലാതെപോ-

മോരോരോപദം പിന്നെ മാനുഷർക്കതുപോലെ

ആയുസ്സുമുത്സാഹവും ബുദ്ധിശക്തിയുമെല്ലാം

പോയിട്ടു ദശാംശമേ ശേഷിപ്പു യുഗംപ്രതി.

ആകയാൽ വേദമൊക്കെപ്പഠിച്ചുകൂടായ്‌കയാ-

ലേകൈകമാക്കിപ്പകുത്തീടിനാൻ ദ്വൈപായനൻ

വ്യാസനെന്നൊരു നാമമതിനാലുണ്ടായ്‌വന്നു

വാസവീതനയനു പിന്നെയുമതുകാലം

വേദാർത്ഥം പ്രകാശിപ്പാൻ ചമച്ചു പുരാണങ്ങൾ

ഭൂദേവോത്തമന്മാരും ശിഷ്യരായ്‌ ചമഞ്ഞിതു

നാലു ശിഷ്യർകളതിൽ കേവലം പ്രധാനന്മാർ

നാലർക്കുമോരോവേദം വേവ്വേറെ പഠിപ്പിച്ചു

സുമന്തുതാനും പിന്നെ ജൈമിനി പൈലൻ ശുകൻ

സുമന്ത്രസൂത്രബ്രാഹ്‌മണാദി വേദജ്ഞന്മാർ പോൽ

ഭാരതമാകുമഞ്ചാം വേദത്തെപ്പഠിപ്പിച്ചു

സാരനായുള്ള വൈശമ്പായനമുനിതന്നെ.

ഇതിഹാസങ്ങൾ പുരാണങ്ങളെന്നിവ മറ്റും

മതിമാനായുള്ളൊരു സൂതനെപ്പഠിപ്പിച്ചു.

വിഷ്ണുതന്നുടെയംശമായതു വേദവ്യാസൻ

കൃഷ്ണവർണ്ണത്വം കൊണ്ടു കൃഷ്ണനെന്നായീ നാമം

ധീരനാം പരാശരപുത്രനായതുമൂലം

പാരതിൽ പാരാശര്യനെന്നു ചൊല്ലീടുന്നതും

കൃഷ്ണനും ദ്വൈപായനൻ വ്യാസനും പാരാശര്യൻ

കൃഷ്ണദ്വൈപായനനും വേദവ്യാസനുമേവം-

കൂടിയും ചൊല്ലും നാമം ബാദരായണനതി-

ഗൂഢവേദാന്താർത്ഥജ്ഞൻ കൂടസ്ഥൻ പരൻപുമാൻ

അമ്മമഹാമുനിയുടെ മാഹാത്മ്യമാർക്കു ചൊല്ലാം

നിർമ്മലനല്ലോ മഹാഭാരതകർത്താവോർത്താൽ

മന്മനോമോഹദ്ധ്വാന്തമുന്മൂലനാശം ചെയ്ത-

തമ്മഹാത്മാവു തന്റെ കാരുണ്യമെന്നു നൂനം.

മുനിനായകനായ വൈശമ്പായനനോടു

ജനമേജയന്‌റുപൻ തൊഴുതു ചോദ്യം ചെയ്താൻ.

എന്തിനു പിറന്നിതു ദേവകളവനിയിൽ

ബന്ധമെന്തതിനുള്ള മൂലവും പറയണം.

Generated from archived content: mahabharatham50.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English