സഞ്ഞ്‌ജയവാക്യം

സഞ്ജയൻ തന്നോടപ്പോളംബികാസുതൻ ചൊന്നാ-

നഞ്ജസാ ചെന്നു ധർമ്മനന്ദനനോടു ചൊൽക.

സൽഗുണനിധേ സൂതാ! സൽഗുണം പ്രശംസിച്ചു

നിർഗ്‌ഗുണത്തിങ്കലാക്കി രാജ്യം നീ നീർക്കൊളളണം.

പോരിനു തുടങ്ങാതെ പോയ്‌ വനംതന്നിൽ വാണു

പാരാതെ ഗതി വരുത്തിടുകയിനി നല്ലൂ

ആചാര്യഭൂതരുളളിലാധികളുണ്ടാംവണ്ണ-

മാചാരമുളള ജനം വർത്തിക്കുമാറില്ലല്ലോ.

എന്നു ചൊല്ലെന്നു കേട്ടു സഞ്ജയൻ പുറപ്പെട്ടു

മന്നവൻ ധർമ്മാത്മജൻതന്നെയും വന്നുകണ്ടു.

പാർത്ഥിവനതുനേരം സഞ്ജയനോടു ചൊന്നാൻഃ

വാർത്തകളെന്തോന്നുളളൂ വാസ്തവം പറകെടോ.

അംബികാതനയനു സൗഖ്യമോ ഗാന്ധാരിക്കും

നന്മയോ ഭീഷ്‌മദ്രോണവിദുരാദികൾക്കെല്ലാം?

എന്തോന്നു ചൊല്ലിവിട്ടതെന്നെല്ലാം ചോദിച്ചപ്പോൾ

കുന്തീനന്ദനനോടു സഞ്ജയൻതാനും ചൊന്നാൻഃ

സ്വൈരമായ്‌ വസിക്കുന്നിതെല്ലാരുമിനിമേലിൽ

സ്വൈരമായ്‌ വരുന്നതിന്നാഗ്രഹമുണ്ടുതാനും.

സൂരികൾമുമ്പനായ സൂതൻ ചൊന്നതു കേട്ടു

സൂര്യജതനയനാം ഭൂപനുമുരചെയ്‌തുഃ

സ്വൈരമെൻ ജനകനു താൻതന്നെ വരുത്തേണം

സ്വൈരക്കേടുണ്ടിങ്ങതിനെത്തായ്‌കനിമിത്തമായ്‌.

സംന്യസിക്കേണം ഞങ്ങളെങ്കിലേ സുഖം വരൂ

മന്നവനുളളിലെന്നു ഞാനറിഞ്ഞിരിക്കുന്നു.

എന്നതു ചൊൽവാനല്ലീ വന്നതു ഭവാനിപ്പോൾ

മന്നവനിയോഗത്താലെന്നു ശങ്കിക്കുന്നേൻ ഞാൻ.

വൈഷമ്യമിതിന്നുണ്ടു രാജസൂയം ചെയ്‌തേൻ ഞാൻ

ദോഷമുണ്ടഗ്നിത്യാഗം ചെയ്‌താലുമെന്നുകേൾപ്പൂ.

എന്നാലോഞ്ഞാനോകൊളളാംസംന്യാസമെന്നാകിലും

പിന്നെയും വൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം.

ഞാൻതന്നെ സംന്യസിച്ചാൽ താതനു പോരായല്ലോ

കൗന്തേയൻ ഭീമൻകൂടെ സംന്യസിക്കിലേ പോരൂ.

എന്നതിന്നഷ്‌ടഗ്രാസിസംന്യാസി ഭീമസേന-

നിന്നുളള ജനങ്ങളിലെത്രയും ബഹുഭോക്താ.

ഇന്ദ്രപുത്രാദികളുമിന്ദ്രിയവശഗന്മാ-

രെന്നതിൽപരമുണ്ടു പിന്നെയുമൊരുദണ്ഡം.

ശൂദ്രനാം വിദുരരുംകൂടെ സംന്യസിക്കേണം

രൗദ്രകർമ്മങ്ങളിത്ഥം ചെയ്‌കിലും മതിവരാ.

എന്നിവ നിരൂപിച്ചു ഞാനിവ ചെയ്യായിന്നു

പിന്നെയും ചൊല്ലെന്തോന്നു ചൊല്ലിവിട്ടതു താതൻ?

ചൊല്ലിവിട്ടവസ്ഥകളെല്ലാമേ കേൾക്കയെങ്കിൽ

നല്ലതു നിങ്ങൾക്കിന്നും കാനനവാസം തന്നെ

പാതകഹരങ്ങളാം തീർത്ഥങ്ങളാടീക്കൊൾക

പാതിനാടിനിക്കിട്ടുമെന്നതു ഭാവിക്കേണ്ട.

സഞ്ജയൻ പറഞ്ഞതു കേട്ടു ധർമ്മജൻ ചൊന്നാൻഃ

മഞ്ജുളമായ വാക്കു കേട്ടിട്ടു സുഖം വന്നു

അർദ്ധരാജ്യത്തിൽ കൊതിയില്ലിനിക്കൊന്നുകൊണ്ടും

യുദ്ധംചെയ്തൊരുപുറമൊടുങ്ങിശ്ശേഷിച്ചവർ

നാടിതു പരിപാലിച്ചീടുകെന്നതേ വരൂ

പാരാതെയങ്ങുചെന്നു സഞ്ജയാ ! പറഞ്ഞാലും.

ധർമ്മജൻ പറഞ്ഞതു കേട്ടു സഞ്ജയൻ ചൊന്നാൻഃ

നന്മവന്നീടുംനാളേ നല്ലതു തോന്നിക്കൂടൂ.

ധാർത്തരാഷ്‌ട്രരും ഭീഷ്‌മദ്രോണകർണ്ണാദികളും

പോർത്തലവന്മാരായ മറ്റുളള ബന്ധുക്കളും

ഒക്കവേ മരിച്ചു നീ നാടുവാണിരിക്കുമ്പോ-

ളുൾക്കാമ്പിലുളള സുഖമെന്തെന്നു പറഞ്ഞാലും.

ചിന്തിക്ക രാജ്യം ലഭിച്ചീടിനാലുളള ഫലം.

ബന്ധുക്കളുടെ സൗഖ്യം വന്നുകൂടുകയത്രേ.

പിന്നെയും ജരാനരാശോകങ്ങൾ പോന്നുവന്നു

മന്നവാ! മരിച്ചുപോകെന്നി മറ്റെന്തോന്നുളളു?

ധർമ്മജനതു കേട്ടു മന്ദഹാസവുംചെയ്‌തു

സന്മാർഗ്ഗമറിഞ്ഞൊരു സഞ്ജയനോടു ചൊന്നാൻഃ

പാടവം പാരമുണ്ടു വാക്കിനു നിനക്കെടോ

മൂഢൻ ഞാൻ വക്രോക്തികളറിയപ്പോകായ്‌കിലും.

വെളളയിൽ പറഞ്ഞൊരു നിർമ്മലവാക്കു തന്റെ-

യുളളിൽ സംഗ്രഹിച്ചുളേളാരർത്ഥമൊട്ടറിഞ്ഞു ഞാൻ.

കേൾക്ക സഞ്ജയായെങ്കിലൂക്കുളള ഭീഷ്‌മാദികൾ

പോർക്കളംതന്നിൽ വീണു മരിക്കും മടിയാതെ.

അന്ധനാം നരപതിനന്ദനൻതനിക്കുളേളാ-

രന്ധകാരങ്ങളേതും പോകയില്ലെന്നുവന്നു.

ദേവകീദേവി പെറ്റ ദേവകൾദേവൻ വാസു-

ദേവനാം കൃഷ്‌ണൻ തുണയുണ്ടിനിക്കറിഞ്ഞാലും.

അന്നേരം മുകുന്ദനും സഞ്ജയനോടു ചൊന്നാ-

നന്നന്നു കൂട്ടംകൂടിട്ടെന്തൊരു കാര്യമിതിൽ?

ഞാൻ തുണ പാണ്ഡവന്മാർക്കുണ്ടിങ്ങു നാശംതീർപ്പാൻ

ഗാന്ധാരീസുതന്മാരും ബന്ധുവർഗ്ഗവുമെല്ലാം

കാലന്റെ പുരിപുക്കു കളിച്ചുവസിച്ചീടും

കാലം വൈകാതെ ചെന്നു സഞ്ജയാ! പറഞ്ഞാലും.

ചൊല്ലുവനെല്ലാമെങ്കിൽ പോകുന്നേനിനിയെന്നു

മെല്ലവേ യാത്രചൊല്ലി നടന്നാനവൻതാനും.

സഞ്ജയൻ നൃപനോടു നാളെ ഞാൻ ചൊൽവനെന്നാൽ

കഞ്ജലോചനനരുൾചെയ്‌തതുമെന്നാനവൻ.

Generated from archived content: mahabharatham5.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here