ജിഷ്ണുവിൽ മൂന്നുമാസം മൂത്തതു കൃഷ്ണൻ പിന്നെ
കൃഷ്ണനിൽ മൂന്നുമാസം മൂത്തതു ബാലഭദ്രൻ
കൃഷ്ണനായവതരിച്ചന്നുള്ള ലീലകളും
കൃഷ്ണഭക്തന്മാരായ പാണ്ഡവർകഥകളും
വിഷ്ണുതാൻതന്നെ വന്നു പിറന്ന വേദവ്യാസൻ
കൃഷ്ണനാം ദ്വൈപായനൻ ചൊല്ലിയ കഥയല്ലോ.
അദ്വൈതോപാഖ്യാനമാം ഭാരതം നൂറായിരം
പദ്യവും പതിനെട്ടുപർവ്വമായ് തീർത്തുകൂട്ടി
സംഭവപർവ്വം സഭാപർവ്വവുമാരണ്യവും
പിൻപു വൈരാടപർവ്വമുദ്യോഗമഞ്ചാമതും
പിന്നേതു ഭീഷ്മപർവ്വമപരം ദ്രോണപർവ്വം
കർണ്ണപർവ്വവും ശല്യപർവ്വവും സൗപ്തീകവും
സ്ര്തീപർവ്വം ശാന്തിപർവ്വമനുശാസനീകവും
ശോഭതേടീടുമശ്വമേധികപർവ്വം പിന്നെ
പിതനഞ്ചാമതു നല്ലാശ്രമവാസപർവ്വം
പതിനേഴാകും മഹാപ്രസ്ഥാനം കഴിയുമ്പോൾ
പതിനെട്ടാമതിങ്കൽ സ്വർഗ്ഗാരോഹണമല്ലോ.
അദ്ധ്യായക്രമം ചൊൽവാനെത്രയും പെരുപ്പമു-
ണ്ടത്രയെന്തിനുവേണ്ടിയെന്നതുമറിഞ്ഞില്ല.
ഭാരതം സംക്ഷേപം ഞാനെപ്പേരുമറിയിച്ചേൻ
പാരിടത്തിങ്കലുള്ള ഭക്തന്മാർക്കറിവാനായ്
നല്ലതു ചെയ്യുന്നോർക്കു നല്ലതു വരുമെന്നും
നല്ലതില്ലാകാത്തതുചെയ്തീടുന്നവർക്കെന്നും
ദേവദേവേശനായ കൃഷ്ണനെ വഴിപോലെ
സേവിച്ചാലുള്ള ഫലമായതുമറിഞ്ഞീടാം
ഇന്നി മറ്റെന്തുകഥ കേൾക്കേണ്ടതെന്നു ചൊന്നാ-
ലെന്നാലായതും ചൊല്ലാമെന്നെല്ലാം ക്രമത്താലേ
വൈശമ്പായനമുനി ജനമേജയനോടു
വൈശിഷ്ട്യമുള്ള മഹാഭാരതകഥാസാരം
ഒക്കവേ ചുരുക്കമായീവണ്ണം പറഞ്ഞപ്പോൾ
മുഖ്യനാം നരപതി ജനമേജയൻ ചൊന്നാൻ.
എത്രയും കൗതൂഹലമുണ്ടിതു കേൾക്കുന്തോറും
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ
എന്നതു നരപതി ചൊന്നതു കേട്ടു മുനി
നന്നായിത്തെളിഞ്ഞുടനാദിയേയറിയിച്ചു
ഇങ്ങനെ സൂതവാക്യം കേട്ടു ശൗനകമുനി
തിങ്ങിന മോദത്തോടു പിന്നെയും ചോദ്യംചെയ്തു.
അക്കഥയെല്ലാം നിനക്കുൾക്കാമ്പിൽ പാഠമെന്നാ-
ലൊക്കെ ഞങ്ങൾക്കു കേൾപ്പാനറിയിച്ചീടണം നീ.
ശങ്കരൻ നാരായണനാദിനായകൻ പരൻ
ശങ്കരപ്രിയൻ ദേവൻ മംഗലപ്രദൻ കൃഷ്ണൻ
പങ്കജവിലോചനൻ പങ്കജനാഭൻ ഹരി
പങ്കജമാതിൻ കുളിർകൊങ്കിലിഴുകീടും
കുങ്കുമപങ്കം തന്നാലങ്കിതമായിട്ടതി-
ഭംഗിതേടീടും തിരുമാറുള്ള നാരായണൻ
തൻകഴൽ വഴിപോലെ സംഗ്രഹിച്ചുള്ളിൽ നന്നായ്
പങ്കങ്ങളൊക്കെ നീക്കിപ്പാവനന്മാരായ് വന്നു.
തിങ്കൾതൻ കലത്തിങ്കലുണ്ടായ ഭൂപാലന്മാർ
നിർമ്മലന്മാരായുള്ള പാണ്ഡവരുടെ കഥ
കൽമഷമകലുവാനൊക്ക നീ പറയേണം.
എന്നതു കേട്ടു സൂതൻ മോദമോടുരചെയ്തു.
നന്നല്ലോ പഠിക്കയും കേൾക്കയും പുരാണങ്ങ-
ളെന്നതിൽ വിശേഷിച്ചു ഭാരതമേറെ നല്ലൂ
നിർമ്മലമിതിഹാസം വേദസമ്മിതമല്ലോ
ഇത്ഥം പൈങ്കിളിമകൾതന്നുടെ വാക്കു കേട്ടു
ചിത്തകൗതുകത്തോടെ പിന്നെയും ചോദ്യം ചെയ്തു.
ബാദരായണൻ ചൊന്ന ഭാരതം സോപാഖ്യാന-
മാദരപൂർവ്വം ജനമേജയന്‌റുപനോടു
വൈശമ്പായനനറിയിച്ചിതു സുതൻതാനു-
മാശപൂണ്ടൊരു ശൗനകാദികൾക്കറിയിച്ചാൻ.
അതിനെച്ചുരുക്കി നീ ചൊല്ലേണം കിളിപ്പെണ്ണേ!
കുതുകം പാരമതിലെന്നതു കേട്ടനേരം
മൊഴിമാതിനേയും വ്യാസനേയും കൃഷ്ണനേയും
തൊഴുതുകിളിമകൾ പറഞ്ഞുതുടങ്ങിനാൾ.
പലർക്കുമിതിലൊരു രസമുണ്ടാകയില്ല
ചിലർക്കു കുറഞ്ഞോരു രസമുണ്ടായാലേതും
ഫലിക്കയില്ലയല്ലോ നന്നായിപ്പറകിലും
പലർക്കുമൊരുപോലെ കൗതുകമുണ്ടെങ്കിലേ
ഫലിപ്പാനെളുതാവൂ കേവലമതിന്മൂലം
പലർക്കുമാത്മജ്ഞാനമില്ലായ്‌കതന്നെ താനും
ജ്ഞാനമുണ്ടെന്നാകിലേ രമിപ്പൂ നൂനമിതിൽ
ജ്ഞാനമോ നൂറുപേരിലൊരുത്തനുണ്ടാകിലാം
എന്നാലും ചുരുക്കി നീ പാണ്ഡവരുടെ കഥ
നിന്നാലാകുന്നവണ്ണം ചൊല്ലേണമെന്നോടിപ്പോൾ
പലർക്കും തെളിയേണമെന്നു നീ നിനയ്‌ക്കേണ്ടാ
ചിലർക്കു തെളികിലും മതിയെന്നതേവരൂ.
ആർക്കുമേ തെളികയില്ലെങ്കിലുമിനിക്കിതു
കേൾക്കേണം പെരികെയുണ്ടാറഗഹം മനക്കാമ്പിൽ.
വൈകരുതിനിക്കാലം പഴുതേ കളയാതെ
പൈ കളഞ്ഞുചെയ്‌ക ഭാരതകഥയെല്ലാം
ഭാരതം ചമച്ചോരു കൃഷ്ണദ്വൈപായനനാം
പാരാശര്യന്റെ ജന്മം ചൊല്ലേണമല്ലോ മുമ്പിൽ
Generated from archived content: mahabharatham49.html Author: ezhuthachan