സോമവംശരാജോല്പത്തി – 3

സോമവംശവും മേലിലവനാലുണ്ടായ്‌വരും

ഭൂമിയെ രക്ഷിച്ചതു ശന്തനുമഹിപതി.

അവന്റെ പത്നിയായി വന്നിതു ഭാഗീരഥി-

യവൾ പെറ്റുള്ളൂ ദേവവ്രതനെന്നറിഞ്ഞാലും

കാമിച്ചു വലഞ്ഞിതു ശന്തനു കാളിയെന്ന-

കാമിനിയായ ദാശനാരിയെക്കണ്ടമൂലം.

അതിനാൽ ദേവവ്രതൻ രാജ്യവുമുപേക്ഷിച്ചു

മതിമാൻ ബ്രഹ്‌മചര്യം പ്രാപിച്ചു കൈവർത്തനോ-

ടവളെ വാങ്ങിത്തന്റെ താതനു നൽകീടിനാൻ

അവനെ ഭീഷ്‌മരെന്നു ചൊല്ലുന്നു മഹാജനം.

അവളെ വേൾക്കും മുമ്പേ പുൽകിനാൻ പരാശര-

നവളിൽ വേദവ്യാസനുണ്ടായിതന്നുതന്നെ

പിന്നെശ്ശന്തനുജന്മാരായിവൾ പെറ്റുണ്ടായാർ

മന്നവൻ ചിത്രാംഗദൻ വിചിത്രവീര്യൻതാനും

ശന്തനുവിന്റെ കാലം കഴിഞ്ഞോരനന്തരം

ശന്തനുപുത്രൻ ചിത്രാംഗദനായവന്നു രാജ്യം

ഉഗ്രനാം ചിത്രാംഗദനാകിയ ഗന്ധർവ്വേന്ദ്രൻ

നിഗ്രഹിച്ചതു ചിത്രാംഗദനാം ന്‌റുപേന്ദ്രനെ

സത്വരം ബാലകനാം വിചിത്രവീര്യൻ തന്നെ

പൃഥ്വീവല്ലഭനാക്കി വാഴിച്ചു ഗംഗാദത്തൻ

കംബുകണ്‌ഠികളായ കാശിരാജാത്മജമാ-

രംബികതാനുമംബാലികയുമവൻതന്റെ

വല്ലഭമാരായ്‌വന്നു മരിച്ചട ന്‌റുപതിയും

അല്ലൽപൂണ്ടിതു രാജ്യവാസികളതുമൂലം

സന്തതിയില്ലാഞ്ഞാശു ദുഃഖിച്ചു സത്യവതി

ചിന്തിച്ചു വേദവ്യാസനാകിയ മുനീന്ദ്രനെ

മാതാവിൻമതമറിഞ്ഞീടിന മുനിവരൻ

ഭ്രാതാവിൻ കളത്രത്തിൽ സന്തതിയുണ്ടാക്കിനാൻ

ചൊല്ലെഴും ധൃതരാഷ്‌ട്രനംബിക പെറ്റുണ്ടായി

നല്ലയാമംബാലികയ്‌ക്കുണ്ടായി പാണ്ഡുതാനും

ജ്ഞാനിയാം വിദൂരരുമണ്ടായി ശൂദ്രിതന്നിൽ.

സാനന്ദം ധാർത്തരാഷ്‌ട്രന്മാരായ്‌ നൂറ്റൊന്നുണ്ടായി.

പാണ്ഡുവിനഞ്ചു മക്കൾ ധർമ്മജാദികളല്ലോ

പാണ്ഡവൻമാരൈവർക്കും പത്നി പാഞ്ചാലിതാനും

അവൾ പെറ്റഞ്ചുമക്കളൈവർക്കുംകൂടിയുണ്ടാ-

യവർകളുടെ നാമം വെവ്വേറെ ചൊല്ലാമല്ലോ.

പ്രതിവിന്ധ്യനും സുതസോമനും ശ്രുതസേനൻ

മതിമാൻ ശതാനീകൻ ശ്രുതകർമ്മാവുതാനും

പിന്നെയും വേറെയൊന്നു വേട്ടിതു യുധിഷ്‌ഠരൻ

കന്യക ശൈബ്യപുത്രി ദേവകിയെന്നവളെ.

യൗധേയനെന്ന മകനുണ്ടായാനവൾ പെറ്റു

വാതജൻ വാരാണസിപുക്കു കാശീശൻതന്റെ

മകളാം ബലധരതന്നെയും വേട്ടു പിന്നെ

മകനായ്‌ ശർമ്മത്രാതനുണ്ടായാനവൾ പെറ്റു.

ഫല്‌ഗുനൻ ദ്വാരവതിപുക്കുടൻ സുഭദ്രയെ-

ക്കൈക്കൊണ്ടു പോന്നാനവൾപെറ്റഭിമന്യുവുണ്ടായി

നകുലൻ വേട്ടു പിന്നെ രേണുകയെന്നു പേരാം

മകരനേത്രയായ ചേദീദശപുത്രി തന്നെ.

പുത്രനായ്‌ നിരമിത്രനെന്നവൾക്കുണ്ടായ്‌വന്നു

മദ്രേശസുതാത്മജനാകിയ സഹദേവൻ

മദ്രേശൻതന്റെ മകൾ വിജയതന്നെ വേട്ടാൻ

പുത്രനായ്‌ സുഹോത്രനെന്നുണ്ടായാനവൾ പെറ്റു.

ഭീമസേനനു മുന്നം ഹിഡിംബീതനയനായ്‌

ഭീമനാം ഘടോൽക്കചനുണ്ടായാനവൾ പെറ്റു.

അർജുനൻ ഗംഗാസ്നാനം ചെയ്തനേരത്തു തന്ത്ര

വിജ്വരമുലൂപിയിലുണ്ടായാനിരാവാനും

പിന്നെയും മണലൂരപതിനന്ദനയായ

കന്യക ചിത്രാംഗദാ ഫല്‌ഗുനഭാര്യയായാൾ

സുഭ്രുവാമവളുമായ്‌ വിഭ്രമം കലർന്നെഴു-

മഭ്രവാഹനസുതനവിടെയിരുന്നനാൾ

അത്ഭുതഗാത്രി പെറ്റിട്ടർഭകനുണ്ടായ്‌വന്നു

ബഭ്രുവാഹനനെന്നു സൽപുമാനവനേറ്റം

ഇങ്ങനെ പതിമ്മൂന്നു നന്ദനന്മാരുണ്ടായി

മംഗലന്മാരായുള്ള പാണ്ഡവൻമാർക്കു മുന്നം.

എന്നതിലഭിമന്യു വേട്ടിതു വിരാടന്റെ-

കന്യകയായ്‌മേവീടുമുത്തരയെന്നവളെ

അവളിലുണ്ടായിതു നിൻ പിതാ പരീക്ഷിത്തു-

മവനീപതി വിഷ്ണുരാതനാം വിഷ്ണുഭക്തൻ

അശ്വത്ഥാമാവിൻ ബാണദഗ്‌ദ്ധനാം കുമാരനെ-

യച്യുതൻ ചക്രം കൊണ്ടു ജീവിപ്പിച്ചതുമെടോ!

തന്മഹിമാനമെല്ലാം പറഞ്ഞാലൊടുങ്ങുമോ

നിർമ്മലനായ ഭവാനവന്റെ മകനല്ലോ

നിനക്കു ശതാനീകൻ ശങ്കുവെന്നതും പേരായ്‌

നിനക്കു സമൻമാരായ രണ്ടു പുത്രൻമാരുണ്ടാം.

നിന്നുടെ ശതാനീകൻതന്നുടെ പുത്രനായി

പിന്നെയുമശ്വധേദത്തനെന്നുണ്ടായ്‌വരും

പുരുവിൻ വംശമുടനവിടെയൊടുങ്ങീടും

പൂർവ്വന്മാരുടെ കഥ പറഞ്ഞാലൊടുങ്ങുമോ!

പാണ്ഡിത്യമില്ല പറഞ്ഞീടുവാൻ കേട്ടുകൊൾ

പാണ്ഡവന്മാർക്കുകാലം കഴിഞ്ഞപ്രകാരവും.

അത്തൽപൂണ്ടച്ഛൻ മരിച്ചടവിതന്നിൽനിന്നു

ഹസ്തിനപുരത്തിങ്കൽ ചെന്നവർ പൂക്കകാലം

പതിനാറാബ്ദം ധർമ്മപുത്രർക്കു ഭീമനന്നു

പതിനഞ്ചായി പതിനാന്നാലായി ഫല്‌ഗുനനും

പതിമ്മൂന്നായി മാദ്രിതന്നുടെ പുത്രൻമാർക്കും

പതിമ്മൂവാണ്ടു പിന്നെ വിദ്യയുമഭ്യസിച്ചു.

ധൃതരാഷ്‌ട്രരും ദുരിയോധനാദികളുമായ്‌

മതിമാന്മാരായുള്ള ധർമ്മജാദികൾ വാണു.

പിന്നെയന്നരക്കില്ലം വെന്തിട്ടു പുറപ്പെട്ടു

വന്നവരാറുമാസം കാനനംതന്നിൽ വാണു.

അന്നല്ലോ ഘടോൽക്കചനുണ്ടായിതവിടുന്നു

പിന്നെയൊരാറുമാസമേകചക്രയിൽ വാണു.

പാഞ്ചാലിതന്നെ വേട്ടാനന്നാളിലവളുമായ്‌

പാഞ്ചാലപുരത്തിങ്കലോരാണ്ടു വസിച്ചാർപോൽ

ഹസ്തിനപുരത്തിങ്കൽ പിന്നെയുമൊരുമിച്ചി-

ട്ടെത്രയും സുഖത്തോടുമയ്യാണ്ടുകാലം വാണു.

പിന്നെയന്നിന്ദ്രപ്രസ്ഥമാകിയ പുരിപുക്കു

മന്നവരിരുപത്തുമൂവാണ്ടുകാലം വാണു.

ചൂതുതോറ്റവിടുന്നു പന്തീരാണ്ടടവിയിൽ

മേദിനീപാലകൻമാർ താപസരായേ വാണു

ഒരാണ്ടുവിരാടന്റെ രാജധാനിയിൽ വാണാ –

രരുമേയറിയാതെ വേഷപ്രച്ഛന്നന്മാരായി വാണു.

കെല്‌പോടു ശത്രുക്കളെയൊക്കെവേയൊടുക്കീട്ടു

മുപ്പത്താറാണ്ടു ഭൂമിയടക്കിവാണു പിന്നെ.

മന്നവരാറുമാസം കൊണ്ടഭിമന്യുജനെ

മന്നവനാക്കി വാഴിച്ചമരപുരിപുക്കാർ.

നൂറ്റെട്ടുവരിഷവുമാറുമാസവും ചെന്നു

മാറ്റലർകുലകാലനായ ധർമ്മജനെടോ!

Generated from archived content: mahabharatham48.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here