കാശ്യപതക്ഷകസംവാദം – മൂന്ന്‌

നിത്യവിരക്തൻ ജരല്‌ക്കാരുമാമുനി

ഭക്ത്യാ വനാന്തരേ സഞ്ചരിക്കുംവിധൗ.

കണ്ടിതു വാസുകി വന്ദിച്ചു താൻ കൂട്ടി-

ക്കൊണ്ടുപോയ്‌ സോദരിതന്നെ നല്‌കീടിനാൻ.

അപ്രിയം ചെയ്‌കതാൻ ചൊല്‌കതാൻ ചെയ്‌കിൽ ഞാ-

എപ്പോളുപേക്ഷിക്കുമെന്നതും ചൊല്ലിനാൻ.

ഭർത്തൃശുശ്രൂഷാരതയാമവളോടു

നിത്യസുഖത്തോടിരുന്നു മുനീന്ദ്രനും.

ഇത്ഥം ചിലനാൾ കഴിഞ്ഞോരനന്തരം

സത്യപരായണനായ മഹാമുനി

മുഗ്‌ദ്ധാക്ഷിതൻ മടിയിൽ തലയും വച്ചു

നിദ്രയുംപൂണ്ടു കിടക്കുന്നതുനേരം

മിത്രനുമസ്തമിപ്പാനടുത്തു തുലോം

ഭർത്താവുണർന്നതുമില്ലെന്നു കണ്ടവൾ

ചിന്തിച്ചുകണ്ടാലുണർത്തരുതെന്നതും

സന്ധ്യാവിലോപം വരുത്തരുതെന്നതും

സന്ദേഹമുണ്ടായനേരത്തു തന്നുളളിൽ

സുന്ദരി താനേ നിരൂപിച്ചു കല്പിച്ചു.

സന്ധ്യാലോപത്തിനു ഭോഷമേറും നിദ്ര-

യ്‌ക്കന്തരംചെയ്‌കയത്രേ പൊറുക്കാവതും.

എന്നുകല്പിച്ചുണർത്തീടിനാൾ താപസ-

നന്നേരമാശു കോപിച്ചു ചൊല്ലീടിനാൻ.

എന്നെയുണർത്തുവാനെന്തു നീ വല്ലഭേ!

നിന്നുടെ ഭർത്തൃശുശ്രൂഷാഭംഗം വന്നു.

അന്ധനെന്നെന്നെ നീ കല്പിക്കചെയ്തതും

സന്ധ്യവരുമ്പോളുണരുവൻ ഞാനെടോ!

ഞാനുണർന്നീലെങ്കിലാദിത്യനുമെന്നെ

മാനിച്ചു പാർക്കുമതിനില്ല സംശയം.

അത്രമഹത്വമിനിക്കുളളതേതുമേ

സിദ്ധമല്ലാഞ്ഞിന്നുണർത്തിയകാരണം

നിന്നെയുപേക്ഷിക്കയെന്നതും വന്നിതി-

നെന്നുടെ സത്യലോപം വരുമായതിൽ.

എന്നതുകേട്ടു കരഞ്ഞുതുടങ്ങിനാൾ

തന്വംഗി ദുഃഖിച്ചു പിന്നെയും ചൊല്ലിനാൾ.

എന്നോടിവണ്ണമരുൾചെയ്യരുതയ്യോ!

നിന്നുടെ ധർമ്മലോപം വരുമെന്നതോ-

ർത്തൊന്നറിയാതെ ഞാൻ ചെയ്‌തോരപരാധ-

മെന്നെക്കുറിച്ചു പൊറുത്തുകൊളേളണമേ!

നിർമ്മലതാപസന്മാർ നിനവെന്തെന്നു

ചെമ്മേ തിരിച്ചറിവാൻ പണിയുണ്ടല്ലോ.

ദുഃഖിച്ചിവണ്ണം പറഞ്ഞു കരയുന്ന

മൈക്കണ്ണിയോടരുൾചെയ്തു മുനീന്ദ്രനും.

സത്യവിരോധം വരുത്തുകയില്ല ഞാ-

നുത്തമയായ നീ ഖേദിക്കയും വേണ്ട.

ഭർത്തൃവാക്യം കേട്ടു ഭദ്രയാം പത്നിയും

ചിത്തതാപത്തോടു ചൊല്ലിനാൾ പിന്നെയും.

വഹ്നിയിൽ വീഴ്‌കെന്നു മാതാവുതാൻ പണ്ടു

പന്നഗന്മാരെശ്ശപിച്ചൊരു കാരണം

അന്വയനാശമൊഴിപ്പതിന്നായൊരു

നന്ദനനുണ്ടാമിനിക്കെന്നു കല്പിച്ചു.

പന്നഗേന്ദ്രൻ മമ സോദരൻ വാസുകി-

യെന്നെ ഭവാനു നല്‌കീടിനാൻ നിർണ്ണയം.

മുന്നേ വിരിഞ്ചനിയോഗവുമുണ്ടുപോ-

ലെന്നുടെ ഗർഭം മുതിർന്നതുമില്ലല്ലോ.

ഇത്യാദികൾ പറഞ്ഞേറ്റം കരയുന്ന

മുഗ്‌ദ്ധാംഗിയിൽക്കൃപയോടു ചൊല്ലീടിനാൻ.

ഭർത്തൃപരായണേ ഭദ്രേ! കരയായ്‌ക

ഭക്തിവിശ്വാസങ്ങൾ കണ്ടു തെളിഞ്ഞു ഞാൻ.

അത്ഭുതനാകിയോരർഭകൻ നിന്നുടെ

ഗർഭകനായുണ്ടവൻ നല്ലനേരംകൊ-

ണ്ടുത്ഭവിച്ചീടും ഗുണവാനവൻതന്നെ

സർപ്പാന്വയമൊക്കെ രക്ഷിക്കയുംചെയ്യും.

ദുർഭഗനല്ലവനൊട്ടുമവനോളം

സത്ഭാവമില്ല മറ്റാർക്കുമറിക നീ.

ത്വൽഭ്രാതൃമുഖ്യനാം സത്ഭോഗിനായകൻ

നിർഭാഗ്യനല്ലെടോ വാസുകിവീരനും.

നിത്യം തപസ്സിനേ കാംക്ഷയുളളൂ മമ

പുത്രനുണ്ടായാൽ മതി ഗൃഹസ്ഥാശ്രമം.

നിന്നെക്കുറിച്ചു വിരക്തനായിട്ടല്ല

ധന്യേ സമസ്തവിഷയവിരക്തൻ ഞാൻ.

സത്യവിരോധം വരുത്തുകയും വേണ്ടാ

സത്യമത്രേ ഞാൻ പറഞ്ഞതറിഞ്ഞാലും.

നിങ്ങളുടെ കുലത്തിന്നു സൗഖ്യംവരും

മംഗലനായ മമാത്മജനാലിനി.

എന്നിവ ചെന്നു നീ വാസുകിയോടു ചൊൽ-

കെന്നരുൾചെയ്തെഴുന്നളളീ മുനീന്ദ്രനും.

വാസുകിയെക്കണ്ടവളിവയും ചൊല്ലി

വാസവുംചെയ്തിതു നാഗപുരംതന്നിൽ.

നല്ല മുഹൂർത്തേ പിറന്നു കുമാരനു-

മെല്ലാവരും തെളിഞ്ഞാരഹിവീരരും.

അസ്തി ഗർഭേ സുതനെന്നു തപോധനൻ

സത്യമായ്‌ ചൊന്നതുകാരണമാകയാൽ

അസ്തികനെന്നു പേരിട്ടിതു വാസുകി

നിത്യമോദേന വളർന്നിതു ബാലനും.

വേദവേദാംഗവേദാന്താദി വിദ്യകൾ

ചേതോഹരൻ ബാലനദ്ധ്യയനം ചെയ്‌താൻ.

ആചാര്യനാകും ച്യവനമുനീന്ദ്രനോ-

ടാശീർവ്വാദം വാങ്ങി ദക്ഷിണയും ചെയ്താൻ.

നാനാരത്നങ്ങൾ ധനധാന്യരാശികൾ

ഭോഗീശ്വരാജ്ഞയാ നൽകിനാനാവോളം.

ദിവ്യനായീടും ച്യവനൻ പ്രസാദിച്ചു

സർവ്വജ്ഞനായ്‌ വരികെന്നു ചൊല്ലീടിനാൻ.

സൂതനീവണ്ണം പറഞ്ഞോരനന്തരം

സാദരം ചോദിച്ചു പിന്നെയും ശൗനകൻ.

ഹാലാഹലജ്ജ്വാലയാ മുനിശാപത്താൽ

കാലവശഗതനായ താതൻകഥാ-

മൂലമറിഞ്ഞവാറെങ്ങനെ ചൊല്ലു നീ

ബാലകനായ ജനമേജയന്‌റുപൻ

ചൊന്നാനതും സൂതനെങ്കിലതും കേൾപ്പിൻ

മുന്നമുദങ്കൻ പറഞ്ഞൊട്ടറിഞ്ഞിതു

പിന്നെയും മന്നവൻ തന്നമാത്യന്മാരെ

മുന്നിൽ വരുത്തി മുഴുവൻ വിചാരിച്ചാൻ

എന്നുടെ താതനുണ്ടായ വൃത്താന്തങ്ങ-

ളെന്നോടു നിങ്ങൾ മുഴുവൻ പറയണം.

എന്നതു കേട്ടു തൊഴുതവർ ചൊല്ലിനാർ.

നിന്നുടെ താതനുടെ ഗുണം ചൊല്ലുവാൻ

പന്നഗനാഥനനന്തനുമാവത-

ല്ലന്യരായുളളവരെങ്ങനെ ചൊല്ലുന്നു.

ഇന്ദ്രാദി ദിക്‌പാലകന്മാരുടെ ഗുണ-

മൊന്നൊഴിയാതെ ന്‌റുപനുണ്ടു നിർണ്ണയം.

ശ്രീരാമനുസമനെന്നേ പറയാവൂ

പാരിതു പാലനം ചെയ്തതോർക്കും വിധൗ.

വിഷ്ണുരാതാഖ്യനാം വിശ്വംഭരാവരൻ

വിഷ്‌ണുഭക്താഗ്രഗണ്യോത്തമൻ സത്തമൻ

ജിഷ്‌ണുജനന്ദനപുത്രൻ പരീക്ഷിത്തു

കൃഷ്‌ണലീലാനന്ദസിന്ധുമഗ്നാത്മകൻ

വിശ്വംഭരാപതി വിശ്വംഭരപ്രിയൻ

വിശ്വരക്ഷാകരൻ വിശ്വനാഥോപമൻ

വർണ്ണാശ്രമശ്രേണി ധർമ്മസ്ഥിതിചെയ്‌തു.

നന്നായ്‌ പരിപാലനം ചെയ്‌തു ഭൂതലം

വന്ന കലിയെയുമാട്ടിക്കളഞ്ഞിതു

പിന്നെയാരുളളതു മറ്റൊരു വൈരികൾ.

ഏകാതപത്രയായ്‌ വന്നു ധരണിയു-

മേകാന്തസൗഖ്യേന നിന്നിതു ലക്ഷ്‌മിയും.

ചെന്നു വയസ്സുമറുപതുമക്കാലം

മന്നവൻ പളളിവേട്ടയ്‌ക്കെഴുന്നളളിനാൻ.

അന്നു പൈദാഹങ്ങൾകൊണ്ടു വികല്പവും

വന്നിതു ബുദ്ധിക്കതുനിമിത്തം തദാ

ശൃംഗിശാപംകൊണ്ടു തക്ഷകൻതന്നുടെ

സംഗതി നീക്കരുതാതെ ചമഞ്ഞിതു.

പിന്നെയുണ്ടായ വൃത്തങ്ങളോ ഭവാ-

നൊന്നൊഴിയാതെയറിഞ്ഞല്ലോ മേവുന്നു.

Generated from archived content: mahabharatham43.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English