കാശ്യപതക്ഷകസംവാദം – രണ്ട്‌

കൃഷ്ണവർത്മാഭയാ കാണായിതന്തികേ

കൃഷ്ണതനൂജനാം ശ്രീശുകൻതന്നെയും.

ഒന്നാശു മിന്നിസ്സഭാതലമന്നേര-

മിന്ദ്രസഭാന്തേ ബൃഹസ്പതി സൽഗുരു

വന്നതുപോലെ വിളങ്ങീ സഭാതലം.

സുന്ദരരൂപൻ ദിഗംബരൻ നിർമ്മലൻ

ഗർഭപാത്രത്തിൽ കിടന്നനാളേ പുരാ

മുക്തനായുത്ഭവിച്ചോരു തപോധനൻ.

മന്ദമന്ദമെഴുന്നളളിയനേരത്തു

മന്ദേതരം മാന്യസ്ഥാനവും നല്‌കിനാൻ.

പാദ്യവുമാചമനീയവുമർഘ്യവു-

മാദ്യമാമാസനവും മധുപർക്കവും

വേദ്യമാംവണ്ണം വിധായ തെളിഞ്ഞഭി-

വാദ്യവുംചെയ്തു നിന്നൂന്‌റുപേന്ദ്രാദ്യരും.

ഞങ്ങളോടിന്നു ചോദിച്ച ചോദ്യത്തെ നീ-

മംഗലാത്മാവേ തെളിഞ്ഞു ചോദിച്ചാലും.

ശ്രീശുകനായ തപോധനശ്രേഷ്‌ഠനോ-

ടാശു തീരും ബഹുസംശയമേവർക്കും.

മേലിൽ കലിയുഗത്തിങ്കലുളേളാർകൾക്കു

നാലാംപുരുഷാർത്ഥസാധനമായ്‌വരും.

അന്ത്യകാലത്തിങ്കലെന്തു മനുഷ്യനാൽ

ചിന്ത്യമെന്തെന്തോന്നു കർത്തവ്യമായതും

ശ്രോതവ്യമാകുന്നതെന്തോന്നുമാദരാൽ

മോദാലരുൾചെയ്‌കവേണം ദയാനിധേ!

ആസന്നമൃത്യുവായോരടിയൻ തവ

ദാസപാദാംബുജഭക്തജനോത്തമൻ.

മോക്ഷൈകസാധനമായുളളതിപ്പൊഴേ

സാക്ഷാലടിയനുപദേശിച്ചീടണം.

ശിഷ്യോഹമെന്നഭിവാദ്യവുംചെയ്തു സ-

ന്തുഷ്‌ട്യാപവിത്രം ധരിച്ചിരുന്നീടിനാൻ.

മന്ദസ്മിതാന്വിതൻ ബ്രഹ്‌മരാതൻ ഗുരു

വന്ദനവുംചെയ്തരുൾചെയ്തിതന്നേരം.

ധ്യേയനാകുന്നതും വിഷ്‌ണുനാരായണൻ

ശ്രോതവ്യമാകുന്നതും തൽക്കഥാമൃതം.

കർത്തവ്യമാകുന്നതുമഭിവന്ദനം

ചിത്തംതെളിഞ്ഞു കേൾക്കെന്നരുളിച്ചെയ്‌തു.

ശ്രീശുകൻ ചൊല്ലുന്ന ഭാഗവതം കേട്ടൊ-

രാശയുംകൂടാതെ നാരായണൻ തങ്കൽ

ഏകീകരിച്ചുളെളാരാത്മാവിനോടുംകൂ-

ടേകാന്തസൗഖ്യം കലർന്നു മരുവുമ്പോൾ

ഏഷണപാശങ്ങളൊക്കവേ ഖണ്ഡിച്ചാ-

നേഴാംദിവസവുമസ്തമിച്ചു മുദാ.

ഭൂപതി ചൊന്നാരമാത്യരോടന്നേരം

ശാപഭയമിനിക്കില്ലെന്നതും വന്നു.

താപസൻ തന്ന ഫലമുപജീവിച്ചു

താപം കെടുക്ക നാമെന്നതു കേട്ടവർ

പാരാതെ പാരണയ്‌ക്കെന്നവർ ചൊന്നപ്പോൾ

പാരിനു നാഥൻ പരീക്ഷിത്തുമാദരാൽ

ഏവരുമൊന്നിച്ചതിനു തുടങ്ങിനാൻ.

സേവകൻമാർക്കു കൊടുത്തു ന്‌റുപതിയും

താനുമെടുത്താനൊരു ഫലം ഭക്ഷിപ്പാൻ

കാണായിതു ചുവന്നോരു കൃമിയതിൽ.

ബ്രാഹ്‌മണഭക്തനാം ഭൂപതി ചൊല്ലിനാൻ

ധാർമ്മികന്മാരാമമാത്യരോടന്നേരം.

തക്ഷകനെന്നു പേരിട്ടുകൊണ്ടിപ്പോൾ നാ-

മിക്കൃമിയെക്കൊണ്ടുതന്നെ കടിപ്പിച്ചാൽ

ഭൂദേവശാപമസത്യമായും വരാ

ഖേദം നമുക്കു വരികയുമില്ലല്ലോ.

നല്ലതിതെന്നാരവരുമൊഴിക്കരു-

തല്ലോ വിധിവിഹിതമൊരുജാതിയും.

മന്ദമെടുത്തു കഴുത്തിലണച്ചപ്പോൾ

ദന്ദശൂകാധിപനാകിയ തക്ഷകൻ

ചുറ്റിനാൻ ഭൂപതിതന്നുടലൊക്കവേ

മറ്റുളളവർ ഭയത്തോടുമോടീടിനാർ.

ഹാലാഹലാനലജ്ജ്വാലയാ ഭൂപതി

കോലാഹലത്തോടു നാകലോകം പുക്കാൻ.

ദുഃഖിതന്മാരാമമത്യരുമാശു ശേ-

ഷക്രിയ പുത്രനെക്കൊണ്ടു ചെയ്യിപ്പിച്ചാർ.

രാജ്യാഭിഷേകവും ചെയ്‌തു നാനാജന-

പൂജ്യനായ്‌ വാണാൻ ജനമേജയനൃപൻ.

കാശീശപുത്രി വപുഷ്‌ടമയോടു ഭൂ-

മീശൻ സുഖിച്ചു വസിക്കുന്നതുകാലം.

Generated from archived content: mahabharatham42.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English