കാശ്യപതക്ഷകസംവാദം – ഒന്ന്‌

തക്ഷകൻ മൂലമേ മൃത്യുവരും പ്രജാ-

രക്ഷാകരനായ രാജാവിനെന്നതും

തൽക്ഷണം കേട്ടു ന്‌റുപവരജീവനം

രക്ഷിപ്പനെന്നു പുറപ്പെട്ടു കാശ്യപൻ.

വൃദ്ധതപോധനവേഷവും കൈക്കൊണ്ടു

പദ്ധതിമദ്ധ്യേ ഭുജംഗപ്രവരനും

താതനെക്കണ്ടു ചൊന്നാനെവിടേക്കിന്നു

യാതനായീടുന്നതെന്നരുൾചെയ്യണം.

ശൃംഗിശാപംകൊണ്ടു തക്ഷകദുഷ്‌ടനാം

മംഗലഭൂപനെ രക്ഷിപ്പതിന്നു ഞാൻ

പോകുന്നിതെന്നതുകേട്ടൊരു തക്ഷക-

നാകുന്നതല്ലതടങ്ങീടുക നല്ല

സർവ്വവിഷഹരണത്തിനു ദക്ഷൻ ഞാൻ

ദർവ്വീകരവിഷമെന്തസാരം തുലോം.

എന്നരുൾചെയ്‌തൊരു കശ്യപൻതന്നോടു

പിന്നെയുമൊന്നു ചൊല്ലീടിനാൻ തക്ഷകൻ

എന്തു ഫലം ധരണീന്ദ്രനെ രക്ഷിച്ചാൽ

ചിന്തിതമെന്നോടരുൾചെയ്‌കയും വേണം.

ജീവനരക്ഷണത്തിന്നു സുകൃതമു-

ണ്ടാവോളമർത്ഥവും കിട്ടും നമുക്കെന്നാൻ.

സർവ്വജനത്തെയും രക്ഷിച്ചുപോരുന്നോ-

രുർവ്വീശ്വരൻതന്നെ രക്ഷിച്ചുകൊളളുമ്പോൾ

സർവ്വരക്ഷാകരമായ്‌വരുമെത്രയും

ദിവ്യനല്ലോ സവ്യസാചിസുതാത്മജൻ.

ദേഹികളെപ്പരിപാടിച്ചുകൊളളുകി-

ലൈഹികപാരത്രികങ്ങളും സാധിക്കാം.

തക്ഷകൻ താതനൊടപ്പോളുരചെയ്‌തു

രക്ഷിപ്പതിന്നു പണിയുണ്ടു നിർണ്ണയം.

ബ്രാഹ്‌മണശാപം തടുക്കരുതാർക്കുമേ

ധാർമ്മികന്മാരെന്നിരിക്കിലും കേവലം

ബ്രഹ്‌മനും വിഷ്‌ണുവിനും മഹാദേവനും

സമ്മതം ഭൂദേവശാപവരാദികൾ.

സർവ്വലോകങ്ങൾക്കുമീശ്വരനായതു-

മുർവ്വീസുരരെന്നറിയുക മുനിവര!

നിഗ്രഹാനുഗ്രഹവിഗ്രഹവൃഷ്‌ടിക-

ളഗ്രകുലാഗ്രേസരാശ്രയഭൂതങ്ങൾ,

പിന്നെ വിശേഷിച്ചു തക്ഷകൻതൻ വിഷ-

മൊന്നുകൊണ്ടും തടുക്കാവല്ല നിർണ്ണയം.

ആകാംക്ഷയായതെന്തുളളിലവനെന്നൊ-

രാകാംക്ഷ മാരീചനുണ്ടായതുനേരം

ക്രുദ്ധനാം തക്ഷകൻ കാശ്യപൻതന്നോടു

വൃദ്ധതപോധനവേഷമുപേക്ഷിച്ചു

തക്ഷകനായതു ഞാനെന്നറിഞ്ഞാലും

പക്ഷേ, പരീക്ഷിച്ചുകൊണ്ടാലുമിപ്പൊഴേ-

എന്നു പറഞ്ഞു കടിച്ചിതു തക്ഷകൻ

നിന്ന മഹാവടവൃക്ഷത്തെയന്നേരം.

തക്ഷകക്ഷ്വേളാഗ്നിഹേതി പിടിപെട്ടു

വൃക്ഷപ്രവരനും ഭസ്‌മമായ്‌ ധൂളിച്ചു.

നിന്ന നിലംതൊട്ടുതന്നെ ജപിച്ചിതു

പന്നഗാധീശ്വരൻമുമ്പിലേ മാമുനി.

നന്നായ്‌ മുളച്ചു തളിർത്തിതു പേരാലും

മുന്നേതിലേറ്റവും നന്നായിതന്നേരം.

ഇപ്പരീക്ഷിച്ചതു നന്നേറ്റമെങ്കിലു-

മിപ്പരീക്ഷിത്തു ജീവിക്കുന്നതില്ലല്ലോ.

ബ്രഹ്‌മവചോവിഷം മദ്വിഷസംയുതം

ബ്രഹ്‌മപ്രളയസമം തവ വിദ്യയും

എന്നേ വിചിത്രമേ നന്നുനന്നെത്രയു-

മെന്നു പറഞ്ഞു കൊടുത്തിതു തക്ഷകൻ

രത്നധനാദികളറ്റമില്ലാതോളം

യത്നമിളച്ചു മുനിയുമതുനേരം.

കദ്രു പുരാ ശപിച്ചോരുമൂലം നിജ

പത്നിവാക്യം ചൈറ്റു സത്യമാക്കീടുവാ-

നാശ്രമം പുക്കു മുനീശ്വരൻ തക്ഷകൻ

കാശ്യപൻ പോയോരനന്തരം ചിന്തിച്ചാൻ.

എന്തൊരുപായം ന്‌റുപനെക്കടിപ്പതി-

ന്നന്തണർക്കേപോലടുത്തു ചെല്ലാവിതും.

എന്നതറിഞ്ഞു സ്വജാതികളാകിയ

പന്നഗന്മാരോടു ചൊല്ലിനാൻ തക്ഷകൻ.

നിങ്ങൾ തപോധനവേഷം ധരിച്ചുടൻ

മങ്ങീടാതോരു ഫലം കൊടുത്തീടണം.

സമ്മാനമായ്‌ ഞാനതിൽപ്പുക്കിരുന്നുകൊ-

ണ്ടമ്മഹീപാലനെയും കടിച്ചീടുവൻ

തക്ഷകൻ ചൊന്നതു ചെയ്താരവർകളും.

മുഖ്യനാം ഭൂപതിവീരനതുകാലം

ഭാർഗ്ഗവ ശൗനക കണ്വ വിശ്വാമിത്ര

ഗാർഗ്ഗ​‍്യ വസിഷ്‌ഠ ഭരദ്വാജ ഗൗതമ

യാജ്ഞവല്‌ക്യാത്രി പുലസ്ത​‍്യ ശാഖാഗസ്ത​‍്യ

പ്രാജ്ഞപരാശര ദ്വൈപായനാദിയാം

താപസശ്രേഷ്‌ഠന്മാരും ദ്വിജാഢ്യന്മാരും

ദിവ്യന്മാരായ്‌ മറ്റുമുളള ജനങ്ങളും

സവ്യസാചിപ്രിയപാദഭക്തന്മാരു-

മൊക്ക വരികെന്നയച്ചു വരുത്തിനാൻ

മുഖ്യനാമ ഭൂപതിവീരനുമക്കാലം

ഷോഡശദാനങ്ങളും ക്രമത്താൽ ചെയ്‌തു

ബാഡവപ്രീതിയുംചെയ്‌തു മഹാദാന-

മറ്റമില്ലാതോളം ചെയ്തു വിശുദ്ധനായ്‌

പുത്രനേയും പുണർന്നേറെ മൂർദ്ധാവിങ്കൽ

ബദ്ധമോദം ബാഷ്പതീർത്ഥാഭിഷേകവും

ചെയ്തമാത്യാചാര്യഭൃത്യവർഗ്ഗത്തിനും

കൈതവഹീനം കൊടുത്താനഭിമതം.

ഭൂസുരന്മാരും മുനീന്ദ്രരും ശിഷ്യരും

ദാസവരന്മാരുമായുടൻ പ്രാസാദം

ഭാഗീരഥീജലമദ്ധ്യസ്ഥമേറിനാൻ.

ഭാഗധേയാംബുധി ഭാഗവതോത്തമൻ

ശ്വേതദ്വീപോപരി ശ്വേതപത്മാസനേ

ശ്വേതപതിരിവ രേജേ മദ്ധ്യേ ഗംഗാം.

ചുറ്റുമിരുത്തി നാനാസനാഗ്രങ്ങളിൽ

മറ്റുളളവരെ യഥായോഗ്യമുർവ്വീശൻ.

ദർഭ വിരിച്ചു വടക്കു തിരിഞ്ഞിരു-

ന്നപ്പോളനശനം ദീക്ഷിച്ചു ശുദ്ധനായ്‌

ധൃത്വാ പവിത്രം പുനരുപസത്തി-

നെ കൃത്വാ പ്രദക്ഷിണം കൃത്വാ മുഹുസ്ര്തയം

മാമുനീന്ദ്രന്മാരെ വന്ദിച്ചു ചോദിച്ചാൻ.

ഭൂമിദേവോത്തമന്മാർക്കു നമസ്‌കാരം!

ജന്മങ്ങളേറ്റമിനിയുമുണ്ടാകിലും

നിർമ്മലന്മാരായ ഭൂമിദേവന്മാരി-

ലുണ്ടാകരുതണുമാത്രമവമാന-

മുണ്ടാകവേണമിളകാത ഭക്തിയും.

എന്നതനുഗ്രഹിക്കേണം വിശേഷിച്ചു-

മൊന്നുണ്ടു ഞാനപേക്ഷിക്കുന്നു പിന്നെയും

മർത്ത്യനായാൽ മരിപ്പാൻ തുടങ്ങുന്നേരം

കർത്തവ്യമെന്തു മോക്ഷത്തിനു ചൊല്ലണം

എന്നു രാജാവു ചോദിച്ചതു കേട്ടപ്പോള-

ന്യോന്യമാലോകനം ചെയ്തവർകളും

വേദവേദാന്തശാസ്ര്താദികളിൽ തിര-

ഞ്ഞേതേതു നല്ലതെന്നോർത്തിരിക്കുന്നേരം.

Generated from archived content: mahabharatham41.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English