ശ്രീപരീക്ഷിച്ചരിതം

ചൊല്ലു ശേഷം കഥയെന്നിതു ശൗനകൻ

ചൊല്ലിനാനാനന്ദമുൾക്കൊണ്ടു സൂതനും.

ഭാര്യാപരിഗ്രഹണാഗ്രഹം കൂടാതെ

പാരിൽ ജരല്‌ക്കാരു സഞ്ചരിക്കുംകാലം

ഇന്ദ്രാത്മജാത്മജനന്ദനൻ ഭൂപതി

ചന്ദ്രാന്വയോൽഭവൻ നായാട്ടിനു പോയാൻ.

ദുഷ്‌ടമൃഗങ്ങളെ നഷ്‌ടമാക്കിത്തനി-

ക്കിഷ്‌ടമോടും വിളയാടുന്നതുനേരം.

അമ്പുകൊണ്ടോടും മൃഗത്തെ തിരഞ്ഞതിൻ-

പിമ്പേ നടന്നിതു സത്വരം ഭൂപതി.

കാണാഞ്ഞു നീളത്തിരഞ്ഞുഴന്നെത്രയും

ക്ഷീണനായ്‌വന്നിതു പൈദാഹപീഡയാ.

കാണായിതപ്പോളവിടെയൊരു മുനി

താനേയിരിക്കുന്നതേതുമിളകാതെ.

ഗോവത്സവക്ത്രഫേനാശനശീലനാ-

ന്താപസനായ ശമീകൻ മൗനവ്രതൻ.

ചോദിച്ചാനമ്മുനിയോടു ഞാനെയ്തമ്പു

വേധിച്ചുപോയ മൃഗത്തെയുണ്ടോ കണ്ടൂ?

താപസനൊന്നുമുരിയാടീലന്നേരം

ഭൂപതിവീരനഭിമന്യുനന്ദനൻ.

കോപേന സർപ്പശവത്തെ വിൽകൊണ്ടെടു-

ത്താപത്തതിനാൽ വരുമെന്നതോരാതെ

താപസശ്രേഷ്‌ഠൻ കഴുത്തിലിട്ടീടിനാൻ

താപവും പിന്നെ നരപതിക്കുണ്ടായി.

പാപമിതിനാൽ വരുമെന്നറിഞ്ഞവൻ

ശോഭതേടും പുരിപുക്കിരുന്നീടിനാൻ.

അന്നു വിധാതാവിനെക്കണ്ടനുഗ്രഹം

നന്നായ്‌ ലഭിച്ചു സുരാലയം പുക്കൊരു-

ശൃംഗിയാകുന്ന ശമീകസുതനോടു

മംഗലാത്മാ കൃശനായ മുനിസുതൻ

ചൊന്നാൻ പരിഹാസമോടഥ ശൃംഗിയും

തന്നുടെ താതവൃത്താന്തമറിഞ്ഞപ്പോൾ

താപമോടാചമനാദികളും ചെയ്തു

ശാപമിട്ടീടിനാൻ ഭൂപതിതന്നെയും.

ഇച്ചെയ്ത കശ്മലനായ നരാധമൻ

നിശ്ചയമേഴാംദിവസം മരിക്കണം

തക്ഷകൻ വന്നു കടിച്ചെന്നരുൾചെയ്തു

തൽക്ഷണം താതനെക്കണ്ടിവ ചൊല്ലിനാൻ

അപ്പോളറിഞ്ഞു ശമീകനിവയെല്ലാ-

മുൾപ്പൂവിലോർത്തു മകനോടരുൾചെയ്തു.

ഉണ്ണീ, ചെറുപ്പം നിനക്കറിവില്ലൊട്ടും

പുണ്യവാനായ്‌ ഗുണവാൻ മഹീപതി.

സപ്തവ്യസനങ്ങളുണ്ടാം ന്‌റുപന്മാർക്ക-

തെപ്പേരുമോർത്താൽ പ്രജകൾ പൊറുക്കണം.

ആപത്തിനായുളള സപ്തവ്യസനങ്ങൾ

ശോഭിക്കയില്ല ന്‌റുപോത്തമന്മാർക്കതും.

സ്ര്തീസേവ ചൂതു നായാട്ടു സുരാപാനം

വാക്യപാരുഷ്യവും ദണ്ഡപാരുഷ്യവും

ഏഴാമതാമർത്ഥദൂഷണമായതും

പാഴരായ്‌വന്നു ഞായം പുനരാപദാൽ.

എന്നതിൽ നായാട്ടുകൊണ്ടവൻബുദ്ധിക്കു

വന്ന വികല്പത്തിനിങ്ങനെ ചെയ്യാമോ?

നല്ല രാജാക്കൾക്കൊരു പിഴയുണ്ടാകിൽ

നല്ലവരോർത്തു പൊറുക്കുന്നതല്ലയോ.

മന്നവനിങ്ങനെ കർമ്മമാകുന്നതു-

മെന്നുടെ ദോഷമല്ലെന്നിതു ശൃംഗിയും.

എന്നാലുമിത്ഥം ശപിക്കരുതാരെയും

വന്നുപോമെന്നാൽ തപസ്സിനു നാശവും.

ശിഷ്യനേയും നിജപുത്രനേയും ഗുരു

രക്ഷിക്കവേണം വളർന്നാലുമോർക്ക നീ.

എന്നരുൾചെയ്തു ശമീകനനന്തരം

തന്നുടെ ശിഷ്യനാം ഗൗരമുഖനോടു-

തന്നെ രഹസ്യമായ്‌ വേറെയരുൾചെയ്തു.

അന്യരായുളളവരാരുമറിയാതെ

മന്നവനോടിവ ചെന്നു നീ ചൊല്ലണ-

മെന്നയച്ചാനവൻ വേഗേന ഹസ്തിനം.

യോഗീശനായ ശമീകഭൃത്യൻ തഥാ

വേഗേന ഹസ്തിനമായ പുരിതന്നിൽ

ചെന്നുപുക്കന്നൃപൻതന്നോടു ചൊല്ലിനാ-

നെന്നോടു മൽഗുരു ചൊന്നതു കേട്ടാലും.

ജ്ഞാനമില്ലാതൊരു ബാലൻ മമ സുതൻ

ഞാനറിയാതെ ശപിച്ചരുളീടിനാൻ.

മാരണമായൊരു ശാപമതെത്രയും

ദാരുണമായൊന്നു ദൈവമതമല്ലോ.

തക്ഷകനാകിയ ചക്ഷുഃശ്രവണനു-

മക്ഷമനെത്രയും സൽക്ഷിതിപാലക!

ഖാണ്ഡവകാനനദാഹകാലേ പുരാ

പാണ്ഡവന്മാരെക്കുറിച്ചുളള വൈരവും

ഗാണ്ഡീവചാപധരാത്മജനന്ദന!

താണ്ഡവം ചെയ്യുന്നിതുളളിലവനിന്നും.

ആകുന്ന രക്ഷകൾ ചെയ്‌തുകൊണ്ടീടുക

ഭാഗധേയാനുരൂപം ഫലം പിന്നേടം.

എന്നിവ ചൊന്നൊരു ഗൗരമുഖനോടു

മന്നവനാം പരീക്ഷിത്തു ചൊല്ലീടിനാൻ.

ക്ഷുൽപിപാസാദികൾകൊണ്ടു ചിത്തഭ്രമ-

മല്പജ്ഞനാമിനിക്കുണ്ടാകകാരണം.

ദുർഗ്ഗതി വാരാതിരിപ്പാനനുഗ്രഹ-

മക്കരുണാനിധിക്കുണ്ടായിരിക്കണം.

നിർമ്മലനാം ഭരദ്വാജസുതാത്‌മജ-

ബ്രഹ്‌മാസ്‌ത്രശക്ത്യാ മരിച്ചിതു മുന്നമേ.

മാതാവുതന്നുടെ ഗർഭപാത്രംതന്നിൽ

മാധവൻ തൃച്ചക്രമോടുമകംപുക്കു

പൈതാമഹാസ്‌ത്രം തടുത്തു രക്ഷിച്ചുടൻ

പൈതലാമെന്നെജ്ജനിപ്പിക്കയും ചെയ്താൻ.

ദ്രോണപുത്രൻ ബ്രഹ്‌മാസ്‌ത്രത്തിങ്കൽനിന്നു മൽ-

പ്രാണനെ രക്ഷിച്ചു നാരായണൻ ജഗൽ-

ക്കാരണൻ കാരുണ്യപീയൂഷവാരിധി

ചാരുചരണാംബുജം ശരണം മമ.

നാരായണ ഹരേ! ഭക്തപരായണ!

മൃത്യുനിവാരണ! ഭുക്തിമുക്തിപ്രദ! ശക്തിയുക്തപ്രഭോ!

സച്ചിൽപരബ്രഹ്‌മമൂർത്തേ! പരമാത്മ-

നച്യുതാനന്ദ! ഗോവിന്ദ! മുകുന്ദ മ-

ച്ചിത്താലയാനന്ദ കൃഷ്‌ണ! വിഷ്‌ണോ! ഹരേ!

വിപ്രശാപം തടുക്കാവല്ല നിർണ്ണയം

ചില്പുമാനാം തൻ തിരുവടിക്കുമതോ

മുല്പാടു വൃഷ്ണികുലവിനാശംകൊ-

ണ്ടന്നുൾപ്പൂവിലുണ്ടതും വൈഭവം താവകം.

പണ്ടേ മരിച്ചോരിനിക്കു മരണത്തി-

നുണ്ടോ ഭയമിന്നു നന്നായിതെത്രയും.

മുമ്പേ മരണമറിയിച്ചതുമിനി-

ക്കെമ്പെരുമാൻതന്നനുഗ്രഹം നിശ്ചയം.

ആനന്ദബാഷ്പമോടും ഗദ്‌ഗദാക്ഷര-

വാണികളോടു രോമാഞ്ചവുംപൂണ്ടവൻ.

സച്ചിൽപരബ്രഹ്‌മണി ലയിച്ചാനന്ദ-

നിശ്ചലനായ്‌ മുഹൂർത്തം നിന്നരുളിനാൻ

ബുദ്ധിയും ബ്രഹ്‌മപൂർണ്ണാബ്‌ധിയിൽനിന്നുട-

നുദ്ധരിപ്പിച്ചു ലോകാത്മനാ ചൊല്ലിനാൻ.

സർപ്പം കളിച്ചു മരിച്ചാൽ ഗതിയില്ലെ-

ന്നിബ്‌ഭൂതലത്തിങ്കലുണ്ടു ജനശ്രുതി.

വിപ്രശാപത്തിനു പില്പാടു നല്ലതെ-

ന്നല്പേതരജ്ഞന്മാർ ചൊല്ലിയും കേൾപ്പുണ്ടു.

ദുഃഖവും സൗഖ്യവും മൃത്യുവും ജന്മവും

സ്വർഗ്ഗനരകജരാനരശീതോഷ്ണം

ഇത്യാദ്യനേകവിധം ദ്വന്ദ്വജാലങ്ങൾ

മിത്ഥ്യയത്രേ മഹാമായാഗുണവശാൽ.

അദ്വയനവ്യയൻ പൂർണ്ണനേകൻ പരൻ

നിത്യൻ നിരുപമൻ നിർഗ്ഗുണൻ നിഷ്‌കളൻ

നിശ്ചലൻ നിർമ്മലൻ നിസ്‌പ്‌റുഹൻ നിർമ്മമ-

നച്യുതനാദ്യനനന്തനനാന്ദാത്മാ

നിർവികാരൻ നിരാകാരൻ നിരാധാരൻ

നിർവികല്പൻ നിരാഖ്യാനൻ നിരാമയൻ

സത്യജ്ഞാനാനന്താനന്ദാമൃതൻ മായാ-

കൃത്യകർത്താ ഭർത്താ ഹർത്താ ജഗൽപിതാ

വേദസ്വരൂപൻ വേദാർത്ഥസാരാത്മകൻ

വേദവേദാംഗവേദാന്തവേദ്യൻ പരൻ

ഗൂഢൻ പരമൻ പരാപരനീശ്വരൻ

കൂടസ്ഥനവ്യക്തനാദിനാഥൻ ശിവൻ

ശാന്തനാത്മാരാമനാത്മപ്രിയൻ ജഗൽ-

കാന്തനാത്മപ്രദൻ വിശ്വപതി ഹരി

കൃഷ്‌ണൻ യദുപതി സല്പതിമല്പതി

വൃഷ്ണികുലപതി പത്മാലയാപതി

വിഷ്ണു ധരാപതി വൃന്ദാരകപതി

ജിഷ്ണുപതി ശൗരി ധർമ്മപതി വിഭൂ

യജ്ഞപതി പാണ്ഡുപുത്രഗതിപതി

സുജ്ഞാനിനാംപതി ദേവൻ പശുപതി

ഗോപതി ഗോപീജനപതി ഗോപതി

ഗോപകുലപതി പത്മവിലോചനൻ

ദേവകീനന്ദനനെന്നുളളിൽ വാഴുന്ന

ദേവദേവൻ തനിക്കൊത്തതെല്ലാം വരും.

പാപിയായോരപരാധിയാമെന്നോടു

കോപമുണ്ടാകാതനുഗ്രഹിക്കേണമേ!

ഇത്ഥം ക്ഷമാനമസ്‌ക്കാരങ്ങൾ പിന്നെയും

പൃഥീപതി ചെയ്തയച്ചാനവനെയും

തക്ഷകൻ വാരായ്‌വതിന്നു ന്‌റുപതിയും

തക്ഷപ്രവരരെയൊക്കെ വരുത്തിനാൻ.

കല്പിച്ചിതേകസ്തംഭാഗ്രേ ദുരാരോഹ-

ശില്പപ്രാസാദവും തൽപ്രദേശങ്ങളിൽ

കാകോദരാസഹസിദ്ധൗഷധങ്ങളും

കാകോളനാശനമന്ത്രയന്ത്രങ്ങളും

മൃത്യുഞ്ജയക്രിയാദക്ഷന്മാരായുളള-

പൃത്ഥ്വീസുരന്മാരെയും മുനിമാരെയും

ചുറ്റുമിരുത്തിയതിന്മേലിരുന്നിതു

പറ്റലർകാലനാം വിഷ്ണുരാതൻ ന്‌റുപൻ.

Generated from archived content: mahabharatham40.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English